പത്തനംതിട്ട: പോപ്പുലർ ഫിനാൻസ് സാമ്പത്തിക തട്ടിപ്പ് കേസിൽ നിക്ഷേപകരുടെ നഷ്‌ടം നികത്തുന്നതിന് ഉടമകളുടെ സ്വത്ത് കണ്ടുകെട്ടാൻ ആഭ്യന്തര വകുപ്പിന്റെ ശ്രമം. ഇവർക്കെതിരായ നിയമനടപടികൾക്ക് വേഗം കൂട്ടി. വിൽപന വഴിയോ ലേലം ചെയ്‌തോ നിക്ഷേപകരുടെ പണം കണ്ടെത്താനാകുമെന്നാണ് വകുപ്പിന്റെ പ്രതീക്ഷ.
കേന്ദ്ര നിയമത്തിന്റെ അടിസ്ഥാനത്തിൽ പ്രതികളുടെ സ്വത്ത് കണ്ടെത്താൻ ഉത്തരവിറക്കിയിരിക്കുകയാണ്. സഞ്ജയ് കൗൾ ഐ.എ.എസിനാണ് അന്വേഷണ ചുമതല. രാജ്യത്ത് ഏതാണ്ട് 21 ഇടങ്ങളിൽ ഇവർക്ക് സ്വത്തുണ്ട്. തിരുവനന്തപുരത്തും, കൊച്ചിയിലും തൃശൂരും ആഡംബര വില്ലകളും ഫ്ലാറ്റുകളുമുണ്ട്. പൂയപ്പളളിയിലും പൂനെയിലും തിരുവനന്തപുരത്തും ഓഫീസ് കെട്ടിടങ്ങളുണ്ട്. തമിഴ്‌നാട്ടിൽ 48 ഏക്കറും ആന്ധ്രപ്രദേശിൽ 22 ഏക്കറും സ്ഥലമുണ്ട്. മൊത്തം 125 കോടിയുടെ ആസ്‌തിയാണ് ഇവർക്കുളളത്.
പോപ്പുലർ ഫിനാൻസ് ഉടമ തോമസ് ദാനിയേൽ, ഭാര്യ പ്രഭ, ഇവരുടെ മക്കളായ റീനു,റീബ,റിയ എന്നിവർ ചേർന്ന് 2000 കോടിയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയതായി കണ്ടെത്തി. തുടർന്ന് നടന്ന അന്വേഷണത്തിൽ ഇവർ പൊലീസ് കസ്‌റ്റഡിയിലാകുകയായിരുന്നു.