കൊല്ലം: മൺറോത്തുരുത്തുകാരുടെ ചിരകാല സ്വപ്നമായ പെരുമൺ - പേഴുംതുരുത്ത് പാലം യാഥാർത്ഥ്യത്തിലേക്ക്. പാലത്തിന്റെ രണ്ടാമത്തെ ഉയർന്ന ടെണ്ടറിന് കഴിഞ്ഞ മന്ത്രിസഭാ യോഗം അനുമതി നൽകി. ഏറ്റവും കുറഞ്ഞ ടെണ്ടറിന് കഴിഞ്ഞ മേയിൽ അനുമതി നൽകിയെങ്കിലും കരാറുകാരൻ പിൻവാങ്ങിയതോടെയാണ് വീണ്ടും രണ്ടാമത്തെ ഉയർന്ന ടെണ്ടർ ഉറപ്പിക്കേണ്ടി വന്നത്. രണ്ട് ദിവസത്തിനകം ടെണ്ടർ അംഗീകരിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് ഇറങ്ങും. ഇതിന് പിന്നാലെ നിർവഹണ ഏജൻസിയായ കേരളാ റോഡ് ഫണ്ട് ബോർഡ് കരാർ ലഭിച്ച ചെറിയാൻ ആൻഡ് വർക്കി കമ്പനിക്ക് സെലക്ഷൻ നോട്ടീസ് അയയ്ക്കും. അതിനുശേഷമുള്ള 15 ദിവസത്തിനകം കരാർ ഒപ്പുവയ്ക്കും. 42.52 കോടിയാണ് കരാർ തുക. നിർമ്മാണം ആരംഭിക്കാൻ നിലവിൽ തടസങ്ങളൊന്നുമില്ല. പാലം നിർമ്മാണത്തിനുള്ള സ്ഥലം ഏറ്റെടുപ്പ് പൂർത്തിയായി.
വി.എസ്.അച്യുതാനന്ദൻ മുഖ്യമന്ത്രി ആയിരുന്ന സമയത്താണ് പെരുമൺ-പേഴുംതുരുത്ത് പാലത്തിന് തുക അനുവദിച്ചതും ശിലാസ്ഥാപനം നടത്തിയതും. എന്നാൽ, തുടർന്നുവന്ന ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ഫണ്ടിന്റെ അപര്യാപ്തതകാരണം പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ തടസപ്പെട്ടു. പിന്നീട് പിണറായി വിജയൻ മുഖ്യമന്ത്രിയായതൊടെ എം.മുകേഷ് എം.എൽ.എ നടത്തിയ പരിശ്രമത്തിന്റെ ഫലമായാണ് നാടിന്റെ സ്വപ്നമായ പാലത്തിന് വീണ്ടും തുക അനുവദിച്ചത്. ടെണ്ടറുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും രണ്ടാമത്തെ ഉയർന്ന ടെണ്ടറിന് കരാർ നൽകാനുള്ള സാദ്ധ്യതകളും നിരത്തി ആഗസ്റ്റ് 29ന് കേരള കൗമുദി ഫ്ളാഷ് വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
നാട് വളരും, സഞ്ചാരികൾക്ക് ഗുണകരം
കൊല്ലം ജില്ലയിലെ പ്രധാന വിനോദ സഞ്ചാര മേഖലയായി മൺറോത്തുരുത്തും അഷ്ടമുടി കായലും മാറിയിട്ട് നാളേറെയായി. മൺറോത്തുരുത്തിൽ പഴയകാലത്ത് വള്ളംകളി മത്സര സമയത്ത് മാത്രമായിരുന്നു വിദേശികളടക്കം എത്തിയിരുന്നത്. എന്നാൽ, കല്ലടയാറ്റിലും ഉപതോടുകളിലുമടക്കം വള്ളങ്ങളിറക്കി ടൂറിസം സാദ്ധ്യത വഴിതെളിച്ചതോടെ വലിയ തോതിലാണ് ഇവിടേക്ക് ആളുകൾ എത്തിയിരുന്നത്. കൊവിഡിനെ തുടർന്ന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തും മുമ്പുവരെ ഇവിടെ രാവും പകലും സജീവമായിരുന്നു. വീടുകളിൽ മിക്കവയും ഹോം സ്റ്റേകളായി മാറുകയും ചെയ്തു. കൊല്ലത്ത് നിന്ന് ഇവിടേക്ക് എത്തണമെങ്കിൽ യാത്രാ ദുരിതമാണ് അന്നും ഇന്നും നിലനിൽക്കുന്ന പ്രധാന പ്രശ്നം. പെരുമൺ - പേഴുംതുരുത്ത് പാലം യാഥാർത്ഥ്യമായാൽ ഈ ബുദ്ധിമുട്ടുകൾ മാറുകയും വിനോദ സഞ്ചാരികൾ ധാരാളമായി ഇവിടേക്ക് എത്തുകയും ചെയ്യും. ജങ്കാർ സർവ്വീസും അതോടെ നിർത്തലാക്കാം. കൊല്ലം, കുന്നത്തൂർ താലൂക്കുകളിലെ നിരവധി പഞ്ചായത്തുകളിലേക്കുള്ള യാത്രാ ദുരിതത്തിനും പരിഹാരമാകും.
നിർമ്മാണ തുക: 42.52 കോടി
സ്ഥലമേറ്റെടുപ്പിന്: 2.61 കോടി