സഹോദര തുല്യരായ രണ്ട് മഹാഗായകർ ആയിരുന്നു എസ് പി ബാലസുബ്രഹ്‌മണ്യവും യേശുദാസും. തന്നെ ഉലച്ചു കളഞ്ഞ ബാലുവിന്റെ വേർപാടിനെ കുറിച്ച് വേദനയോടെയല്ലാതെ യേശുദാസിന് ഓർക്കാനാകില്ല. എസ്.പി.ബിയുടെ മരണവേളയിൽ തന്റെ വലിയൊരു ആഗ്രഹം ഓർത്തെടുക്കുകയാണ് ഗാനഗന്ധർവ്വൻ.
'സംഗീതം ശാസ്ത്രീയമായി അഭ്യസിക്കണമെന്ന് ഇടയ്ക്കിടെ ഞാൻ ബാലുവിനോട് പറഞ്ഞിരുന്നു. ബാലു ഒരു കച്ചേരി അവതരിപ്പിച്ചു കാണണമെന്നത് വലിയ ആഗ്രഹമായിരുന്നു. അദ്ദേഹത്തിന്റെ പിതാവിന്റെ പേരിലുള്ള ഒരു ട്രസ്റ്റിന്റെ പരിപാടിക്ക് ഞാൻ കച്ചേരി അവതരിപ്പിക്കാൻ പോയിരുന്നു. ഈ ആഗ്രഹം അന്ന് ആ വേദിയിലും ഞാൻ പറഞ്ഞു. ബാലു ചിരിയുമായി തൊഴുതു നിന്നതേയുള്ളൂ.' എന്നാണ് യേശുദാസ് നിറകണ്ണുകളോടെ ഓർക്കുന്നത്.
ശാസ്ത്രീയ സംഗീതം അഭ്യസിച്ചിട്ടില്ലാത്ത എസ്.പി.ബിക്ക് എങ്ങനെയാണ് ഇത്ര വൈവിധ്യത്തോടെ പാടാൻ കഴിയുകയെന്നും യോശുദാസ് പറയുന്നു. സംഗീതസംവിധായകൻ മനസിൽ കാണുന്നതിനപ്പുറം നൽകാൻ ബാലുവിന് കഴിയും. ‘ശങ്കരാഭരണ’ത്തിലെയൊക്കെ അർദ്ധ ശാസ്ത്രീയ ഗാനങ്ങൾ പാടിയിരിക്കുന്നത് കേട്ടാൽ സംഗീതം അഭ്യസിച്ചിട്ടില്ലാത്ത ആളാണെന്ന് എങ്ങനെ വിശ്വസിക്കും. എനിക്ക് തോന്നുന്നത് കഴിഞ്ഞ ജന്മത്തിൽ ബാലു നിറയെ സംഗീതം അഭ്യസിച്ചിട്ടുണ്ടാകുമെന്നാണ്. ബാലുവിന്റെ സംഗീതം ദൈവസിദ്ധമാണ്.
ബാലു എത്രമേൽ തന്നെ സ്നേഹിച്ചിരുന്നു എന്നതു പറഞ്ഞറിയിക്കാനാകില്ല. ‘അണ്ണാ’ എന്ന ആ വിളിയിൽ എല്ലാമുണ്ട്. ഒരമ്മയുടെ വയറ്റിൽ പിറന്നിട്ടില്ലന്നേയുള്ളൂ. മുജ്ജന്മത്തിലേ സഹോദരബന്ധമുണ്ടെന്നു തോന്നുന്നു. അരനൂറ്റാണ്ടിലേറെയായുള്ള ബന്ധമാണ് ഞങ്ങൾ തമ്മിൽ. ഇക്കാലമത്രയും പരസ്പരമുള്ള ആ സ്നേഹവും കരുതലും ആദരവും കൂടിക്കൂടി വന്നിട്ടേയുളളുവെന്നും യേശുദാസ് തന്റെ പ്രിയപ്പെട്ട എസ്.പി.ബിയെ ഓർത്തെടുക്കുന്നു.
ശരീരവും ആരോഗ്യവും ശ്രദ്ധിക്കണമെന്ന് സംസാരിക്കുമ്പോഴൊക്കെ പറയാറുണ്ടായിരുന്നു. ഗായകരെ സംബന്ധിച്ച് പ്രധാനമാണത്. കൊവിഡ് ആണെന്നറിഞ്ഞപ്പോഴും ഫോണിൽ വിളിച്ചിരുന്നു. എല്ലാ പ്രതിസന്ധികളെയുമെന്ന പോലെ ബാലു ഇതിനെയും അതിജീവിക്കും എന്ന് ഉറച്ചു വിശ്വസിച്ചു. ഇന്നലെ അവസാന മണിക്കൂറിലും ഇങ്ങു ദൂരെ അമേരിക്കയിലെ വീട്ടിൽ പ്രാർത്ഥനയോടെ ഇരുന്നതും ബാലുവിന്റെ അത്ഭുതകരമായ തിരിച്ചുവരവിന്റെ വാർത്ത കേൾക്കാനാണ്. പക്ഷേ കൊവിഡ് മഹാമാരി നൽകിയ നഷ്ടങ്ങളുടെ കൂട്ടത്തിലെ വലിയ സങ്കടമായി ബാലു വിടപറഞ്ഞു.
യു.എസിൽ നിന്ന് പ്രായമേറിയവർക്ക് യാത്രാനുമതിയില്ലാത്തതിനാൽ തന്നെ ബാലുവിനെ അവസാനമായി ഒരു നോക്ക് കാണാനായില്ല എന്ന വലിയ സങ്കടം ബാക്കിയാകുന്നു. പക്ഷേ ഒരർത്ഥത്തിൽ ചലനമറ്റ ബാലുവിനെ കാണാതിരിക്കുന്നതാണ് നല്ലത്. വേദിയിൽ അരികെ നല്ല കൂട്ടായെന്ന പോലെ മനസിന്റെ ഒരറ്റത്ത് ചിരിച്ചുകൊണ്ട് ബാലു ഇപ്പോഴും എപ്പോഴും തന്നോടൊപ്പമുണ്ടെന്ന് യേശുദാസ് പറഞ്ഞുനിർത്തുന്നു.