antartica

പോസ്റ്റ് ഓഫീസും കത്തുകളും ചരിത്രമായി അവശേഷിക്കുന്ന കാലം വിദൂരത്തല്ല. ഇന്റർനെറ്റ് യുഗത്തിൽ ഞൊടിയിടയിൽ ആശയം കൈമാറ്റം ചെയ്യുന്നതിനായി വാട്സാപ്പും മെസഞ്ചറും അരങ്ങു തകർക്കുകയാണ്. ഇന്നത്തെ തലമുറയ്ക്ക് വലിയ പരിചയം ഇല്ലെങ്കിലും പഴമക്കാർക്ക് നിരവധി ഓർമ്മകൾ സമ്മാനിക്കുന്നതാണ് കത്തുകളും കാർഡുകളും. ചുവന്ന നിറത്തിലുള്ള തപാൽപ്പെട്ടിയും കത്തുകളുമായി വരുന്ന പോസ്റ്റ് മാനുമെല്ലാം ഇന്ന് കുറേയേറെ ഓർമ്മകളായി മാറിയി‌ട്ടുണ്ട്. വ്യത്യസ്തതങ്ങളായ നിരവധി പോസ്റ്റ് ഓഫീസുകളെക്കുറിച്ച് നമ്മൾക്ക് കേട്ടറിവുണ്ട്. തടാകത്തിലൂടെ ഒഴുകി നടക്കുന്നതും ലോകത്തിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്നതുമായി ഒട്ടനവധി പോസ്റ്റ് ഓഫീസുകളെക്കുറിച്ച് കേട്ടുകേൾവിയുണ്ട്. അന്റാർട്ടിക്കയിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യൻ പോസ്റ്റ് ഓഫീസിനെപറ്റി കേട്ടിട്ടുണ്ടോ?​

കേൾക്കുന്നതു പോലെ തന്നെ വിചിത്രമായ വിശേഷങ്ങളാണ് അന്റാർട്ടിക്കയിലെ ഇന്ത്യൻ പോസ്റ്റ് ഓഫീസിന് പറയാനുള്ളതും. കത്തുകളയക്കുകയും സ്വീകരിക്കുകയും ചെയ്യുന്ന ഒരിടം എന്നതിലുപരി നിരവധി സവിശേഷതകൾ ഈ പോസ്റ്റ് ഓഫീസിനുണ്ട്.ഇന്ത്യയ്ക്ക് പുറത്ത് സ്ഥാപിച്ച ആദ്യ ഇന്ത്യൻ പോസ്റ്റ് ഓഫീസ് എന്ന വിശേഷണം അന്റാർട്ടിക്കയിലെ പോസ്റ്റ് ഓഫീസിനാണുള്ളത്. അന്റാർട്ടിക്കയിലെ മൂന്നാമത്തെ ഇന്ത്യൻ പര്യവേക്ഷണ സമയത്ത് 1988ലാണ് 'ദക്ഷിൺ ഗംഗോത്രി' ഇന്ത്യയുടെ സയന്റിഫിക് ബേസ് സ്റ്റേഷനിൽ സ്ഥാപിച്ചത്.

1998ൽ ഗോവ പോസ്റ്റ് ഓഫീസ്‌ വകുപ്പിന്റെ കീഴിലായിരുന്നു ഈ പോസ്റ്റ് ഓഫീസ്. 1990 ൽ ഈ തപാൽ ഓഫീസ്‌ ഡീകമ്മിഷൻ ചെയ്തു. അന്റാർട്ടിക്കയിലെ ഗവേഷകരുടെ സൗകര്യത്തിനും അവരുടെ ആശയവിനിമയത്തിനും ഒക്കെയായാണ് ഇങ്ങനെയൊരു പോസ്റ്റ് ഓഫീസ് സ്ഥാപിച്ചത്. അന്റാർട്ടിക്ക പോലെ ലോകത്തിന്റെ അങ്ങേയറ്റത്ത് മനുഷ്യവാസം ഇല്ലാത്ത പോസ്റ്റ് ഓഫീസ് എന്നതു തന്നെയാണ് ഈ പോസ്റ്റ് ഓഫീസിന്റെ പ്രത്യേകത. പോസ്റ്റ് ഓഫീസിനോപ്പം തന്നെ ഐസ് ഉരുക്കുന്ന പ്ലാന്റ്, ലാബോറട്ടറി, സ്റ്റോറേജ്, താമസസൗകര്യം തുടങ്ങിയവയെല്ലാം ഇവിടെ ഗവേഷസംഘത്തിനായി ഒരുക്കിയിട്ടുണ്ട്. പിന്നീട് ദക്ഷിൺ ഗംഗോത്രി കനത്ത മഞ്ഞുവീഴ്ചയിൽ മൂ‌ടിപ്പോയതിനെ തുടർന്ന് ഇവിടം ഡീകമ്മിഷൻ ചെയ്തു. ഇന്നിവിടം ഒരു ചരിത്രസ്ഥാനം മാത്രമായാണ് അറിയപ്പെടുന്നത്. അന്റാർട്ടിക്കയിലെത്തുന്ന ഇന്ത്യൻ സഞ്ചാരികൾ ഇവിടെ എത്തുകയും ഫോട്ടോ എടുത്ത് മടങ്ങുകയും ചെയ്യുന്നു.

ഇന്ന് അന്റാർട്ടിക്കയിലെ ഇന്ത്യൻ പോസ്റ്റ് ഓഫീസ് സ്ഥിതി ചെയ്യുന്നത് മൈത്രി സ്റ്റേഷനിലാണ്. 1988 ലാണ് ഷ്രിമാർ മരുപ്പച്ചയിൽ മൈത്രി സ്റ്റേഷൻ സ്ഥാപിക്കുന്നത്. ഇന്ത്യയുടെ സ്ഥിരം പര്യവേക്ഷണ സ്ഥാപനമായ മൈത്രിയാണ് ഇന്ത്യയുടെ അന്റാർട്ടിക് പ്രവേശന കവാടം. ‌