കൊല്ലം: മഹാന്മാർ ഇരുന്നിട്ടുളള മുഖ്യമന്ത്രി കസേരയിൽ പിണറായി ഇരുന്നതോടെ കേരളം ജനാധിപത്യ ഭരണത്തിൽ നിന്ന് അധോലോക ഭരണത്തിലേക്ക് കൂപ്പ്കുത്തിയെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് ശൂരനാട് രാജശേഖരൻ. ഫേസ്ബുക്കിലിട്ട പോസ്‌റ്റിലൂടെയാണ് അദ്ദേഹം ഈ ആരോപണം ഉന്നയിച്ചത്.
ശൂരനാട് രാജശേഖരന്റെ ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം ഇങ്ങനെ
ഫോറിൻ കോൺട്രിബ്യൂഷൻ റഗുലേഷൻ ആക്റ്റ് ( FCRA) ൻ്റെ വയലേഷൻ സംബന്ധിച്ചുള്ള കേസന്വേഷണത്തിൻ്റെ ഓതറൈസേഷൻ നൽകുന്നത് സംബന്ധിച്ച് 2011 ഒക്ടോബർ 27 കേന്ദ്ര സർക്കാർ ഇറക്കിയ വിജ്ഞാപനത്തിൽ ഒരു കോടിയോ അതിന് മുകളിലോ തുക വരുന്ന കേസുകൾ അന്വേഷിക്കുന്നതിന് CBI യെ ആണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഈ നിയമത്തിൻ്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി ചെയർമാനായ ലൈഫ് മിഷൻ കമ്മീഷൻ ഇടപാടിലെ സി.ബി ഐ അന്വേഷണം. എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്, കസ്റ്റംസ്, എൻ.ഐ.എ, ഇൻകം ടാക്സ്, നാർക്കോട്ടിക് കൺട്രോൾ ,ഐ.ബി, സി.ബി.ഐ അടക്കമുള്ള ഏഴ് കേന്ദ്ര ഏജൻസികളാണ് പിണറായി സർക്കാരിൻ്റെ അഴിമതികളും മറ്റും അന്വേഷിക്കുന്നത്. എത്രയോ മഹാരഥന്മാർ ഇരുന്ന മുഖ്യമന്ത്രി കസേരയിൽ പിണറായി ആസന്നമായതോടെ ജനാധിപത്യ ഭരണത്തിൽ നിന്ന് അധോലോക ഭരണത്തിലേക്ക് കേരളം കൂപ്പുകുത്തി. അന്വേഷണം നേരിടുന്നതിന് താഴെ പറയുന്ന നിർദ്ദേശങ്ങൾ ധനകാര്യമന്ത്രി ഐസക്ക് പിണറായിക്ക് ഇങ്ങനെ ഒരു നോട്ട് കൊടുക്കാൻ ഞാൻ സാധ്യതകാണുന്നു 1)സെക്രട്ടേറിയേറ്റിൽ അന്വേഷണ ഏജൻസികൾക്ക് കയറാൻ പുതിയ ഒരു ഗേറ്റും നോർത്ത് ബ്ലോക്കിലെ മുഖ്യമന്ത്രിയുടെ മൂന്നാം നിലയിലുള്ള ഓഫീസിലേക്ക് പ്രവേശിക്കാൻ ഒരു പുതിയ ലിഫ്റ്റും അടിയന്തിരമായി നിർമിക്കാൻ അടുത്ത മന്ത്രിസഭ യോഗത്തിൽ തീരുമാനമെടുക്കണം. 2)ഗേറ്റിൻ്റെയും ലിഫ്റ്റിൻ്റെയും നിർമാണം മുഖ്യമന്ത്രിക്ക് പ്രിയപ്പെട്ട ഊരാലുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയെ ഏൽപ്പിക്കുക 3)ഇതിൻ്റെ കൺസൾട്ടൻസി ടെണ്ടർ വിളിക്കാതെ ( പതിവുപോലെ ) പ്രൈസ് വാട്ടർ ഹൗസ് കൂപ്പറെ ഏൽപിക്കുക 4)ഇതിനാവശ്യമായ കോടികൾ ജീവനക്കാരുടെ സാലറികട്ടിലൂടെ സമാഹരിക്കുക