കൊച്ചി: മൊബൈൽ ടവറിന്റെ അടിവശത്ത് ഒളിപ്പിച്ച മലമ്പാമ്പിന്റെ നെയ്യ്, അവശിഷ്‌ടങ്ങൾ എന്നിവ പിടികൂടി. കൊച്ചി കാരണക്കോടം ഭാഗത്ത് കെ.എ ജോസഫിന്റെ മൂന്ന് നില കെട്ടിടത്തിന്റെ മുകളിലെ ടവറിന്റെ അടിഭാഗത്താണ് ബക്കറ്റിൽ ഒളിപ്പിച്ച നിലയിൽ നെയ്യും അവശിഷ്‌ടങ്ങും സൂക്ഷിച്ചിരുന്നത്. പ്രതികളായ കെ.എ ജോസഫും സുഹൃത്തുക്കളും ഒളിവിലാണ്. ഇവരെ പിടികൂടിയാൽ മാത്രമേ പാമ്പിന്റെ ഇറച്ചി അടക്കം എവിടെയാണെന്ന് കണ്ടെത്താൻ കഴിയൂ എന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു.
മലമ്പാമ്പിനെ കൊല്ലുന്നതും കൈവശം വയ്‌ക്കുന്നതും ഏഴ് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. വനം വകുപ്പിന്റെ എറണാകുളം ഫ്ലയിംഗ് സ്‌ക്വാഡ്, പെരുമ്പാവൂർ ഫ്ലയിംഗ് സ്‌ക്വാഡ്, മേയ്‌ക്കപ്പാല ഫോറസ്റ്റ് സ്റ്റേഷൻ ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്. പ്രതികളെ പിടികൂടാനുളള അന്വേഷണം ഊർജ്ജിതമാക്കിയതായി ഉദ്യോഗസ്ഥർ അറിയിച്ചു.