ന്യൂഡൽഹി : 5 ജി, 5ജി പ്ലസ് സാങ്കേതികവിദ്യകളുടെ വികസനത്തിന് കൈകോർക്കാനൊരുങ്ങി ഇന്ത്യയും ജപ്പാനും. ഇന്ത്യയ്ക്കും ജപ്പാനും പുറമേ ക്വാഡ്രിലാറ്ററൽ സെക്യൂരിറ്റി ഡയലോഗ് ( ക്വാഡ് ) അംഗരാജ്യങ്ങളായ യു.എസ്, ഓസ്ട്രേലിയ എന്നിവരും ഇസ്രയേലും ഇതിനായി സഹകരിക്കും. വരും തലമുറയിൽപ്പെട്ട ടെലികമ്മ്യൂണിക്കേഷൻ ടെക്നോളജികളുടെ വികസനത്തെ സംബന്ധിച്ച് അടുത്ത മാസം ജപ്പാനിൽ നടക്കാൻ പോകുന്ന ക്വാഡ് അംഗരാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുടെ യോഗത്തിൽ ചർച്ച ചെയ്യും.
5ജി, 5ജി പ്ലസ് ടെക്നോളജി വികസനത്തിനോടൊപ്പം തന്നെ 3 ജി.പി.പി സാങ്കേതിക വിദ്യകളുടെ വികാസവും ഇന്ത്യ ലക്ഷ്യം വയ്ക്കുന്നുണ്ട്. ടെക്നോളജി രംഗത്ത് കൂടുതൽ ആഗോള മാനദണ്ഡങ്ങൾ സൃഷ്ടിക്കാനാണ് ഇന്ത്യയും പങ്കാളിത്ത രാജ്യങ്ങളും ലക്ഷ്യം വയ്ക്കുന്നത്. 3 ജി.പി.പി മേഖലയിലെ ചൈനീസ് കമ്പനികളുടെ ആധിപത്യത്തെ കടത്തിവെട്ടാനാണ് ഇന്ത്യയുടെ ലക്ഷ്യം.
പ്രധാനമന്ത്രി നരേന്ദ്രമോദിയും പുതിയ ജപ്പാനീസ് പ്രധാനമന്ത്രി യോഷിഹിഡെ സുഗയുമായി കഴിഞ്ഞ ദിവസം സംസാരിച്ചിരുന്നു. ഉഭയകക്ഷി ബന്ധവും പങ്കാളിത്തവും പുതിയ തലത്തിലേക്കെത്തിക്കാൻ ഇരുവരും തീരുമാനിച്ചു. സ്വതന്ത്രവും തുറന്നതുമായ ഇന്തോ- പസഫിക് മേഖലയ്ക്കായി ക്വാഡ് പങ്കാളികൾക്കൊപ്പം ബഹുമുഖ ശ്രമങ്ങൾക്ക് തങ്ങൾ തയാറാണെന്ന് സുഗ മോദിയെ അറിയിച്ചു. ലഡാക്കിലേയും സെൻകാകു ദ്വീപുകളിലേയും ചൈനീസ് പ്രകോപനത്തിന് മറുപടി നൽകാൻ ജപ്പാനും ഇന്ത്യയും ഒരുമിച്ച് നീങ്ങും.
യു.എസ്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുടെ സാങ്കേതിക പിന്തുണയോടെ 5ജി ഉൾപ്പെടെയുള്ള നൂതന സാങ്കേതികവിദ്യകൾക്കായി പരസ്പരം സഹകരിക്കാനും അവയുടെ വികസനത്തിനായി പ്രവർത്തിപ്പിക്കാനും ഇന്ത്യയും ജപ്പാനും ധാരണയായിട്ടുണ്ട്. ഇതിനായി ഇസ്രയേലിന്റെ സഹകരണവും തേടും. ഇത് സംബന്ധിച്ച് കൂടുതൽ ചർച്ചകൾ നടക്കുന്നുണ്ടെന്നും വരും ദിവസങ്ങളിൽ ഇന്ത്യയുടെ 5ജി നയത്തിന് അന്തിമ രൂപം നൽകുമെന്നും ഇന്ത്യാ- ജപ്പാൻ സഹകരണവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറയുന്നു. അടുത്തിടെയാണ് പ്രതിരോധ മേഖലയിലെ സഹകരണം കൂടുതൽ ശക്തമാക്കുന്നതിനായി ഇന്ത്യയും ജപ്പാനും തമ്മിൽ സുപ്രധാന കരാറിൽ ഒപ്പുവച്ചത്.