minister

കൊല്ലം : ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയ്ക്കും കുടുംബാംഗങ്ങൾക്കും പൊലീസുകാർക്കുമെതിരെ പ്രകോപന പ്രസംഗം നടത്തിയതിന് യുവമോർച്ച നേതാവിനെതിരെ പൊലീസ് കേസെടുത്തു. കുണ്ടറയിൽ മന്ത്രിയുടെ ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെ വിദ്വേഷ പരാമർശങ്ങൾ നടത്തിയതിന് യുവമോർച്ച സംസ്ഥാന സെക്രട്ടറി ശ്യാംരാജിനെതിരെയാണ് പൊലീസ് കേസെടുത്തത്. യുവമോർച്ച പ്രവർത്തകരെ അറസ്റ്റ് ചെയ്യുകയും വീടുകളിൽ പരിശോധന നടത്തുകയും ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥരെ വീട്ടിൽ കയറി ആക്രമിക്കുമെന്നും ശ്യാംരാജ് പ്രസംഗത്തിനിടെ പറഞ്ഞിരുന്നു.

മന്ത്രി കെ.ടി. ജലീൽ രാജി വയ്ക്കുക, ജില്ലയിലെ യുവമോർച്ച നേതാക്കളെ കള്ളക്കേസിൽ കുടുക്കുന്നത് അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മന്ത്രിയുടെ ഓഫീസിലേക്ക് മാർച്ച് നടത്തിയത്. യുവമോർച്ചയുടെ ജില്ലാ പ്രസിഡന്റ് അടക്കമുള്ളവർക്കെതിരെ നേരത്തെ പൊലീസ് കേസെടുത്തിരുന്നു. മന്ത്രി കെ.ടി. ജലീൽ സഞ്ചരിച്ച കാറിന് നേരെ കരിങ്കൊടി കാണിച്ചതുമായി ബന്ധപ്പെട്ടായിരുന്നു കേസ്. ഇതിന്റെ പശ്ചാത്തലത്തിൽ പ്രവർത്തകരുടെ വീടുകളിൽ പൊലീസ് റെയ്ഡും നടന്നിരുന്നു.

മന്ത്രിയും പൊലീസുകാരും അവരുടെ വീട്ടുകാരും എവിടെയൊക്കെയാണ്, എപ്പോഴാണ് തിരിച്ച് വീട്ടിലേക്ക് വരുന്നത് തുടങ്ങി മുഴുവൻ വിവരങ്ങളും തങ്ങളുടെ പക്കലുണ്ടെന്നായിരുന്നു ഇയാളുടെ ഭീഷണി. യുവമോർച്ച പ്രവർത്തകരുടെ വീട്ടിൽ അകാരണമായി പൊലീസ് കയറുന്നുവെന്നും അത് തുടർന്നാൽ തിരിച്ച് അതേ നാണയത്തിൽ പ്രതികരിക്കുമെന്നും ഇയാൾ പറഞ്ഞിരുന്നു. പൊലീസുകാർ അവരുടെ ജോലി ആണോ ചെയ്യുന്നത് അതോ കാക്കിയിട്ട കമ്മ്യൂണിസ്റ്റുകാരുടെ ജോലിയാണോ എന്നും ഇയാൾ പ്രസംഗത്തിനിടെ ചോദിച്ചു.