ബ്രൂണേസ് അയേഴ്സ്: അർജന്റീന പാർലമെന്റിന്റെ സൂം മീറ്റിംഗ് നടക്കുന്നതിനിടെ കാമുകിയുമായി പ്രണയലീലകളിൽ ഏർപ്പെട്ട എം.പി രാജിവച്ചു. ജുവാൻ എമിലിയോ അമേരിയാണ് കഥാ നായകൻ.
രാജ്യത്തെ കൊവിഡ് പ്രതിസന്ധി സംബന്ധിച്ച പ്രത്യേക ചർച്ചയ്ക്ക് വേണ്ടിയാണ് പാർലമെന്റ് സൂം മീറ്റിംഗ് ചേർന്നത്.
ഇതിനിടെയാണ് ജുവാൻ കാമുകിയുടെ മാറിടത്തിൽ ചുംബിക്കുകയും ഇരുവരും പരസ്പരം ചുംബനങ്ങൾ കൈമാറുകയും ചെയ്യുന്ന രംഗങ്ങൾ കയറി വന്നത്. സംഭവം വിവാദമായതോടെ, രാജിവച്ച് ജുവാൻ തടിതപ്പി.
ചുംബന രംഗങ്ങൾ കടന്നുവന്നതോടെ മീറ്റിംഗ് തൽക്കാലം നിറുത്തിവച്ച പാർലമെന്റ് പ്രസിഡന്റ് സെർജിയോ മാസ ഇത് ഗുരുതരമായ കുറ്റമാണെന്ന് പറഞ്ഞു. എം.പിയെ 180 ദിവസത്തേക്ക് സഭയിൽ നിന്നും സസ്പെൻഡ് ചെയ്തു. പിന്നീട് ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ജുവാൻ രാജി പ്രഖ്യാപിച്ചത്.
കണ്ണീരോടെ അഭിമുഖത്തിൽ സംസാരിച്ച ജുവാൻ സംഭവത്തിന്റെ പൂർണ ഉത്തരവാദി താനാണെന്നും, ഉടൻ രാജിവയ്ക്കുന്നുവെന്നും അറിയിച്ചു. സംഭവം ശരിക്കും തന്റെ അഭിമാനത്തിന് ക്ഷതമേൽപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. കാമറ ഓഫാണെന്ന് കരുതിയാണ് കാമുകിയുമായി അത്തരത്തിൽ പെരുമാറിയത് എന്നാണ് ജുവാൻ പറയുന്നത്.
'സമീപകാലത്താണ് കാമുകിക്ക് മാറിടത്തിൽ ശസ്ത്രക്രിയ നടത്തിയത്. പങ്കാളിയോടുള്ള സ്നേഹമാണ് പ്രകടിപ്പിച്ചത്. പക്ഷേ, അത് പൊതുവേദിയിൽ ആയിപ്പോയത് ശരിക്കും തെറ്റാണ്.' - അദ്ദേഹം കൂട്ടിച്ചേർത്തു.