balabhaskar-kalabhavan-so

കൊച്ചി: വയലിനിസ്റ്ര് ബാലഭാസ്‌ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട് നുണപരിശോധനക്കായി കലാഭവൻ സോബി കൊച്ചിയിലെ സി.ബി.ഐ ഓഫീസിൽ ഹാജരായി. തുടർച്ചയായ രണ്ടാം ദിവസമാണ് നുണപരിശോധന നടക്കുന്നത്. ബാലഭാസ്‌ക്കറിന്റെ ഡ്രൈവറായിരുന്ന അർജുൻ, മുൻ മാനേജർ വിഷ്‌ണു സോമസുന്ദരം, പ്രകാശൻ തമ്പി എന്നിവരുടെ നുണ പരിശോധന കഴിഞ്ഞ ദിവസം നടന്നിരുന്നു.

ബാലഭാസ്‌ക്കറിന്റെ മരണം ആസൂത്രിതമാണെന്നും സി.ബി.ഐ അന്വേഷണം ശരിയായ ദിശയിലാണെന്നും സോബി മാദ്ധ്യമങ്ങളോട് പറഞ്ഞു. മരണത്തിന് പിന്നിൽ സ്വർണക്കടത്ത് സംഘമാണെന്നും അദ്ദേഹം ആരോപിച്ചു. അപകടം നടക്കുമ്പോൾ അതുവഴി പോയ സോബി നിരവധി ആരോപണങ്ങളാണ് ഉന്നയിച്ചത്. സംശയാസ്‌പദമായ ചിലരെ കണ്ടുവെന്ന മൊഴി നൽകിയ സോബി ബാലഭാസ്‌ക്കറിന്റെ വാഹനം തല്ലിതർക്കുന്നത് കണ്ടുവെന്നും പറഞ്ഞിരുന്നു. ഈ ആരോപണങ്ങളെ തുടർന്നാണ് സോബിയുടെ നുണ പരിശോധന നടത്താൻ സി.ബി.ഐ തീരുമാനിച്ചത്.

ചെന്നൈയിലെയും ഡൽഹിയിലേയും ഫോറൻസിക് ലാബുകളിൽ നിന്നെത്തിയ വിദഗ്ധരുടെ നേതൃത്വത്തിലാണ് നുണപരിശോധന. നാലുപേരുടേയും മൊഴികളിലെ വൈരുദ്ധ്യമാണ് പ്രധാനമായും സി.ബി.ഐ പരിശോധിക്കുക. കളളക്കടത്തിലും സാമ്പത്തിക ഇടപാടുകളിലുമുള്ള തർക്കം കാരണം വിഷ്‌ണുവും പ്രകാശ് തമ്പിയും ചേർന്നൊരുക്കിയ അപകടമാണ് ബാലഭാസ്‌ക്കറിന്റെ മരണമെന്നാണ് ബന്ധുക്കളുടെ ആരോപണം.

ബാലഭാസ്‌ക്കറുമായി സാമ്പത്തിക ഇടപാടുകളുണ്ടെന്ന് വിഷ്‌ണുവും പ്രകാശ് തമ്പിയും സമ്മതിച്ചിട്ടുണ്ട്. ഇതിലെ സത്യാവസ്ഥ തേടുകയാണ് സി.ബി.ഐ. അതേസമയം അപകട സമയത്ത് വാഹനമോടിച്ചത് ബാലഭാസ്‌ക്കറാണെന്ന ഡ്രൈവർ അർജുന്റെ മൊഴി ക്രൈം ബ്രാഞ്ച് തളളി കളഞ്ഞതാണ്. ബാലാഭാസ്‌ക്കർ വാഹനമോടിച്ചുവെന്ന് സി.ബി.ഐക്ക് മുന്നിലും അർജുൻ ആവ‍ർത്തിച്ചിരുന്നു. നുണപരിശോധനയിലൂടെ ഇക്കാര്യത്തിലും സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ സി.ബി.ഐക്ക് കഴിയും.