ചെന്നൈ: പ്രിയഗായകൻ എസ്.പി ബാലസുബ്രഹ്മണ്യത്തിന് (74) സമ്പൂർണ ഔദ്യോഗിക ബഹുമതികളോടെ രാജ്യം വിട നൽകി. തിരുവള്ളൂരിൽ താമരൈപ്പക്കത്തിലുള്ള എസ്.പി.ബിയുടെ ഫാംഹൗസായ റെഡ് ഹിൽസിലായിരുന്നു സംസ്കാരം. ഭാര്യ സാവിത്രിയും മകൾ പല്ലവിയും വിങ്ങിപ്പൊട്ടുന്ന മനസ്സോടെ യാത്രാമൊഴിയേകി. മകൻ ചരൺ അന്ത്യകർമ്മങ്ങൾ പൂർത്തിയാക്കിയതോടെ ഫാം ഹൗസിലെ ആറടി മണ്ണിൽ ആ വലിയ കലാകാരൻ നിത്യനിദ്രയിലാണ്ടു.
ചെന്നൈയിലെ ആശുപത്രിയിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.04നായിരുന്നു അന്ത്യം. ഫാംഹൗസിൽ പൊതുദർശനത്തിനു വച്ച ഭൗതികദേഹം അവസാനമായി ഒരുനോക്കു കാണാൻ ആയിരങ്ങൾ എത്തി. നടൻ വിജയ്, സംവിധായകൻ ഭാരതിരാജ, ഗായകൻ മനോ, സംഗീത സംവിധായകൻ ദേവിശ്രീ പ്രസാദ്, ഹാസ്യതാരം മയിൽസാമി തുടങ്ങി സിനിമാരംഗത്തെ നിരവധിപേർ അന്ത്യാഞ്ജലി അർപ്പിച്ചു. വിജയ് കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. എ.ഡി.എം.കെ നേതാവ് ഡി. ജയകുമാർ, ആന്ധ്രപ്രദേശ് ഇറിഗേഷൻ മന്ത്രി അനിൽകുമാർ യാദവ്, തമിഴ് ഭാഷാ സാംസ്കാരിക മന്ത്രി പാണ്ഡ്യരാജൻ തുടങ്ങിയവരും പങ്കെടുത്തു.
ആശുപത്രിയിൽ നിന്ന് വെള്ളിയാഴ്ച വൈകിട്ടോടെ ചെന്നൈയിലെ വീട്ടിലെത്തിച്ച ഭൗതികദേഹം പിന്നീട് ഫാം ഹൗസായ റെഡ് ഹിൽസിലേക്ക് മാറ്റി. സംസ്കാര ചടങ്ങിൽ കൂടുതൽ ആളുകൾ പങ്കെടുക്കുന്നത് പൊലീസ് വിലക്കിയെങ്കിലും പിന്നീട് ഇളവ് ചെയ്‌തു.
ഇക്കഴിഞ്ഞ ഓഗസ്റ്റ് 5നാണ് എസ്.പി.ബിയെ കൊവിഡ് ബാധിച്ച് ചെന്നൈയിലെ എം.ജി.എം ഹെൽത്ത് കെയറിൽ പ്രവേശിപ്പിച്ചത്. 14ന് ആരോഗ്യനില വഷളായതോടെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. സെപ്തംബർ 7ന് കൊവിഡ് നെഗറ്റീവായെങ്കിലും ശ്വാസതടസം മാറിയിരുന്നില്ല. മരണത്തിന് രണ്ടുദിവസം മുൻപ് ആരോഗ്യനിലയിൽ കാര്യമായ പുരോഗതി കൈവരിച്ച എസ്.പി.ബി ജീവിതത്തിലേക്കുള്ള തിരിച്ചുവരവിന്റെ പാതയിലായിരുന്നു. പക്ഷേ, വ്യാഴാഴ്ച വൈകിട്ടോടെ രോഗനില വഷളാവുകയും വെള്ളിയാഴ്ച ഉച്ചയ്ക്ക് ഹൃദയാഘാതത്തിന്റെ രൂപത്തിൽ മരണം സംഭവിക്കുകയും ചെയ്തു.