ന്യൂഡൽഹി: ചരിത്രത്തിന്റെ ഏറ്റവും വലിയ തിരിച്ചടിയാണിത്. ഒരിക്കൽ ഇന്ത്യയെ സ്വന്തമാക്കി യജമാനനായി അടക്കി വാഴുകയും സമ്പത്ത് കൊള്ളയടിക്കുകയും കൊളോണിയൽ ഭരണത്തിന് കളമൊരുക്കുകയും ചെയ്‌ത ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ യജമാനൻ ഇപ്പോൾ ഒരു ഇന്ത്യാക്കാരനാണ്! വ്യവസായിയും കോടീശ്വരനുമായ മുംബയ് സ്വദേശി സഞ്ജീവ് മേത്ത. പ്രതാപം പണ്ടേ ക്ഷയിച്ച കമ്പനിയുടെ പേര് അദ്ദേഹം ഒരു ലക്ഷ്വറി ഫുഡ് ബ്രാൻഡാക്കി മാറ്റി.
ഇന്ത്യ മാത്രമല്ല, പാകിസ്ഥാനും പൂർവ പാകിസ്ഥാനും അഫ്ഗാനിസ്ഥാനും ഉൾപ്പെടെ ഉപഭൂഖണ്ഡത്തിന്റെ ഭൂരിഭാഗവും ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ നിയന്ത്രണത്തിലായിരുന്നു. അന്യനാട്ടുകാരായ കച്ചവടക്കാർ മഹത്തായ പൈതൃകവും സംസ്കാരവും ഉണ്ടായിരുന്ന ഒരു നാടിനെയും ജനതയെയും അടിച്ചമർത്തി രണ്ടര നൂറ്റാണ്ട് ഭരിച്ച കഥയാണത്. ആ ചരിത്രം തുടങ്ങുന്നത് 420 വർഷങ്ങൾക്കു മുമ്പ്.
1600 ലാണ് ഒരു സംഘം ഇംഗ്ലീഷ് കച്ചവടക്കാർ ഈസ്റ്റ് ഇന്ത്യ കമ്പനി രൂപീകരിക്കുന്നത്. മൂലധനമായി സമാഹരിച്ചത് ഏഴായിരം പൗണ്ട്. ഇന്ത്യയിൽ നിന്ന് യൂറോപ്പിലേക്ക് തേയിലയും സുഗന്ധവ്യഞ്ജനങ്ങളും കയറ്റി അയയ്‌ക്കുകയായിരുന്നു ലക്ഷ്യം. കച്ചവടം പച്ചപിടിച്ചതോടെ കമ്പനിക്ക് അധികാരക്കൊതി മൂത്തു. ഒരു സൈന്യമുണ്ടാക്കി. അയ്യായിരം സൈനികർ. കമാൻഡർ റോബർട്ട് ക്ലൈവ്.
ഈസ്റ്റ് ഇന്ത്യ കമ്പനി
@ 1613 ൽ ഗുറാത്തിലെ സൂററ്റിൽ ആദ്യ ഫാക്‌ടറി
@1757ൽ മുഗൾ ബംഗാൾ പിടിച്ചെടുത്തു. ക്ലൈവ് ഗവർണറായി.
@ 1858 വരെ രണ്ടര നൂറ്റാണ്ട് ഇന്ത്യയിൽ ആധിപത്യം.
@ കമ്പനിപ്പട്ടാളത്തിൽ 2. 60 ലക്ഷം സൈനികർ
@ ലോകത്തെ തേയില ബിസിനസിൽ കുത്തക
@ ഒപ്പിയം ബിസിനസ് മുതൽ അടിമക്കച്ചവടം വരെ
@ 1858ൽ ബ്രിട്ടീഷ് ഗവൺമെന്റ് കമ്പനി ഭരണം അവസാനിപ്പിച്ചു
@ 1874ൽ ഈസ്റ്റ് ഇന്ത്യാ കമ്പനി പിരിച്ചു വിട്ടു
സഞ്ജീവ് മേത്ത
@ മുംബയിലെ ഗുജറാത്തി കുടുംബാംഗം
@ പരമ്പരാഗതമായി രത്ന വ്യാപാരികൾ
@ ഇപ്പോൾ ബിസിനസും താമസവും ബ്രിട്ടനിൽ
@ 2003ൽ കമ്പനിയുടെ 23% ഓഹരി സ്വന്തമാക്കി
@ ഈസ്റ്റ് ഇന്ത്യ കമ്പനി ടീ ബാർ, ഈസ്റ്റ് ഇന്ത്യാ കമ്പനി ടീ റൂം എന്നീ സ്ഥാപനങ്ങൾ സ്വന്തമാക്കി
@ആനന്ദ് മഹീന്ദ്രയും ഗൾഫിലെ മലയാളി കോടീശ്വരൻ യൂസഫലിയും പങ്കാളികൾ
@2005 ൽ 200 കോടി മുതൽമുടക്കി ഈസ്റ്റ് ഇന്ത്യ കമ്പനി ഒരു ലക്ഷ്വറി ഫുഡ് ബ്രാൻഡ് ആക്കി.
@ബ്രിട്ടനിലും ഗൾഫിലും ഭക്ഷണ ഔട്ട്‌ലെറ്റുകൾ