ലോക്ഡൗണിനിടെ താടിയും മുടിയും നീട്ടിയ നന്ദുവിനെ ഒറ്റനോട്ടത്തില്‍ തിരിച്ചറിയാനാവില്ല. കൗമുദി ടിവിയുമായി ഓണവിശേഷങ്ങൾ പങ്കുവയ്ക്കുകയായിരുന്നു താരം. അതിനിടെ ലാലേട്ടനൊപ്പമുള്ള മറക്കാനാക്കാത്ത അനുഭവവും നന്ദു പങ്കുവച്ചു.
'ലാലേട്ടനുമായി ഒരുപാട് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അതെല്ലാം പറയാൻ ഒരുപാട് എപ്പിസോഡുകൾ വേണ്ടി വരും. കളിപ്പാട്ടം സിനിമ ഷൂട്ടിംഗ് ലോക്കേഷനിൽ സംഭവിച്ച ഒരു കഥ പറയാം. അതിൽ ലാലേട്ടനും ഉർവശിയുമായി ഒരു പാട്ട് സീനാണ് എടുക്കുന്നത്. സിനിമയിൽ ഞാൻ അസിസ്റ്റന്റ് ഡയറക്ടറായി ഉണ്ട്. അതിൽ ഒരു വേഷവും ചെയ്യുന്നുണ്ട്.
ഊട്ടിയിൽ നിന്ന് നാൽപത് കിലോമീറ്റർ മാറിയാണ് ഷൂട്ടിംഗ്. അതിൽ കുറച്ച് ഡ്രസ്സ് ചേഞ്ച് ഉണ്ട്. രണ്ട് മൂന്ന് ഡ്രസ്സ് ചേഞ്ച് കഴിഞ്ഞു. ക്യാമറ വൈഡ് ഫ്രെയിം ആണ് വച്ചിരിക്കുന്നത്. മോഹൻലാലും ഉർവശിയും നിൽക്കുന്നതിന് അടുത്താണ് ഞാനും നിൽക്കുന്നത്. പാട്ട് എടുത്ത് തുടങ്ങുമ്പോൾ ഞാൻ മാറി നിൽക്കും. ഉർവശി ഡ്രസ്സ് ചേഞ്ചിന് പോയി വന്നു. അപ്പോൾ മോഹൻലാലിന് ചേഞ്ചിന് ഡ്രസ്സ് ഉണ്ടായിരുന്നില്ല. നിന്റെ ടീഷർട്ട് ഊരി താ എന്ന് പറഞ്ഞ് അത് വാങ്ങി. ഞാൻ ഇട്ടിരുന്ന ടീഷർട്ടാണ് മോഹൻലാൽ പാട്ടിൽ പിന്നെ ഇട്ടത്. ആകെ വിയർത്ത് നിൽക്കുകയായിരുന്നു. എന്നിട്ടും ലാലേട്ടൻ അത് ധരിച്ചു പാട്ടിന് ശേഷം തിരികെ തരുകയും ചെയ്തു. മറ്റ് ആരെങ്കിലും ഇങ്ങനെ ചെയ്യുമോ എന്ന് എനിക്കറിയില്ല'.