മുംബയ് : ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട സി.ബി.ഐ അന്വേഷണത്തിൽ കുടുംബം ഇടപെടാൻ ശ്രമിക്കുന്നതായി നടി റിയ ചക്രവർത്തിയുടെ അഭിഭാഷകൻ. സുശാന്തിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് എയിംസിലെ ഡോക്ടർ തന്നോട് പറഞ്ഞെന്ന് സുശാന്തിന്റെ കുടുംബ അഭിഭാഷകൻ വികാസ് സിംഗ് കഴിഞ്ഞ ദിവസം ആരോപണമുയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് റിയയുടെ അഭിഭാഷകൻ രംഗത്തെത്തിയിരിക്കുന്നത്.
എയിംസിൽ നിന്നുള്ള വിദഗ്ദ്ധ സംഘമായിരുന്നു അന്വേഷണത്തിന്റെ ഭാഗമായ ഫോറൻസിക് പരിശോധനകൾ നടത്തിയത്. സി.ബി.ഐയുടെ ആവശ്യപ്രകാരമായിരുന്നു അത്. ഈ സംഘത്തിൽപ്പെട്ട ഡോക്ടർ തന്നെയാണ് സുശാന്തിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് തന്നോട് പറഞ്ഞതെന്നാണ് ഇന്നലെ വികാസ് സിംഗ് ട്വിറ്ററിൽ കുറിച്ചത്.
സുശാന്തിന്റെ മരണം കൊലപാതകമാണെന്ന് തീരുമാനിക്കാൻ സി.ബി.ഐ വൈകുന്നത് നിരാശാജനകമാണ്. സുശാന്തിന്റേത് ആത്മഹത്യയല്ലെന്നും തനിക്ക് ലഭിച്ച ഫോട്ടകളിൽ നിന്നും കഴുത്ത് ഞെരിച്ചുള്ള കൊലപാതകമാണെന്ന് 200 ശതമാനം ഉറപ്പാണെന്നും എയിംസ് സംഘത്തിലുണ്ടായിരുന്ന ഡോക്ടർ തന്നോട് നേരത്തെ പറഞ്ഞിരുന്നുവെന്നുമാണ് വികാസ് ട്വീറ്റ് ചെയ്തത്.
അതേ സമയം, ഫോറൻസിക് കണ്ടെത്തലുകൾ ഇതുവരെ സി.ബി.ഐയ്ക്ക് സമർപ്പിച്ചിട്ടില്ലെന്നും അന്തിമയോഗം നടക്കാനിരിക്കുന്നതേയുള്ളൂ എന്നും എയിംസ് ഫോറൻസിക് സംഘത്തലവൻ ഡോ. സുധീർ ഗുപ്ത പറഞ്ഞു. ചിത്രങ്ങളിലൂടെ മാത്രം അഭിപ്രായത്തിലെത്താനാകില്ലെന്നും തെളിവുകൾ ലഭിക്കുന്നതിലൂടെയാണ് അന്തിമ നിലപാടിലെത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
അന്വേഷണം അനാവശ്യ ഇടപെടലുകളില്ലാതെ നടക്കണമെങ്കിൽ പുതിയ മെഡിക്കൽ ബോർഡിനെ സി.ബി.ഐ നിയമിക്കണമെന്ന് വികാസ് സിംഗിന്റെ ആരോപണത്തിനെതിരെ റിയയുടെ അഭിഭാഷകൻ സതീഷ് മനേഷിൻഡേ പ്രതികരിച്ചു. ബീഹാർ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ മുൻകൂട്ടി നിശ്ചയിച്ച തീരുമാനത്തിലെത്താനുള്ള സമ്മർദ്ദമാണ് അന്വേഷണ ഏജൻസികൾ നേരിടുന്നതെന്നും ഇത്തരം നടപടികൾ അനുവദിക്കരുതെന്നും സതീഷ് മനേഷിൻഡേ കൂട്ടിച്ചേർത്തു.