anil-ambani

മുംബയ്: താൻ ധൂർത്തനല്ലെന്നും അച്ചടക്കമുള്ള ജീവിതമാണ് നയിക്കുന്നതെന്നും റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനി. ചൈനീസ് ബാങ്കുകൾ നൽകിയ കേസിൽ ബ്രിട്ടീഷ് കോടതി മുമ്പാകെ ഹാജരായപ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ചൈനീസ് ബാങ്കുകളായ എക്‌സിം ബാങ്ക് ഒഫ് ചൈന, ചൈന ഡെവലപ്‌മെന്റ് ബാങ്ക്, ഇൻഡസ്‌ട്രിയിൽ ആൻഡ് കൊമേഴ്സ്യൽ ബാങ്ക് ഒഫ് ചൈന എന്നിവയിൽ നിന്നെടുത്ത 71.7 കോടി ഡോളർ (ഏകദേശം 5,283 കോടി രൂപ) വായ്‌പ അനിൽ അംബാനി തിരിച്ചടയ്ക്കണമെന്ന് ലണ്ടൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

എന്നാൽ, പണമടയ്ക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. തുടർന്ന്, അനിലിന്റെ ഇന്ത്യയിലെയും പുറത്തുമുള്ള ആസ്‌തി വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ബാങ്കുകൾ വീണ്ടും കോടതിയിൽ എത്തുകയായിരുന്നു.

തനിക്ക് ആഡംബര കാറില്ലെന്നും ചെറിയൊരു കാറാണ് ഉള്ളതെന്നും അനിൽ കോടതിയിൽ പറഞ്ഞു. ഭാര്യയാണ് ഇപ്പോൾ ചെലവിന് തരുന്നത്. ഭാര്യയുടെ സ്വർണം വിറ്റഴിച്ച് ലഭിച്ച തുകയിൽ നിന്നാണ് വക്കീൽ ഫീസ് നൽകിയത്. അമ്മയ്ക്കും മകനും മുന്നിൽപ്പോലും താനിപ്പോൾ കടക്കാരനാണെന്നും 61കാരനായ അനിൽ വ്യക്തമാക്കി.

ജ്യേഷ്‌ഠനും ഏഷ്യയിലെ ഏറ്റവും സമ്പന്നനും റിലയൻസ് ഇൻഡസ്‌ട്രീസ് ചെയർമാനുമായ മുകേഷ് അംബാനി, ജിയോ ഇൻഫോകോം, റിലയൻസ് റീട്ടെയിൽ എന്നിവയിലൂടെ വൻതോതിൽ നിക്ഷേപം വാരിക്കൂട്ടുന്നതിനിടെയാണ് പരധീനതകളുടെ വെളിപ്പെടുത്തലുമായി അനുജൻ അനിൽ കോടതയിലെത്തിയത്.