covid-vaccine

ഭുവനേശ്വർ : കൊവിഡ് 19ന് വാക്സിൻ എന്ന പേരിൽ വ്യാജ മരുന്ന് നിർമിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഒഡീഷയിലെ ബാർഗഢ് ജില്ലയിലാണ് സംഭവം. റുസുദ ഗ്രാമവാസിയായ 32 കാരൻ പ്രഹ്ലാദ് ബിസിയെയാണ് പൊലീസും ഡ്രഗ് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരും ചേർന്ന് അറസ്റ്റ് ചെയ്തത്.

യുവാവിന്റെ താമസസ്ഥലത്ത് നടത്തിയ പരിശോധനയിൽ ' കൊവിഡ് 19 വാക്സിൻ ' എന്ന് രേഖപ്പെടുത്തിയ നിരവധി മരുന്ന്കുപ്പികൾ പൊലീസ് കണ്ടെത്തി. താൻ കൊവിഡിന് വാക്സിൻ കണ്ടെത്തിയെന്നും അത് വില്ക്കാനുള്ള ലൈസൻസ് നൽകണമെന്നും ആവശ്യപ്പെട്ട് യുവാവ് തന്നെ അധികൃതർക്ക് ഇ മെയിൽ അയയ്ക്കുകയായിരുന്നു. തുടർന്നാണ് പൊലീസ് യുവാവിന്റെ വീട്ടിലെത്തി റെയ്ഡ് നടത്തിയത്.

യുവാവ് ' വാക്സിൻ ' എന്ന് അവകാശപ്പെടുന്ന മരുന്നിന്റെ ഘടകങ്ങൾ എന്തൊക്കെയാണെന്ന് വിശദീകരിക്കാൻ ഡ്രഗ് ഇൻസ്പെക്ടർമാർ ആവശ്യപ്പെട്ടപ്പോൾ ' അതൊരു വലിയ രഹസ്യം ' ആണെന്നായിരുന്നു യുവാവിന്റെ മറുപടി. കൊവിഡ് വാക്സിൻ എന്ന സ്റ്റിക്കർ പതിപ്പിച്ച ചെറിയ മരുന്നുകുപ്പികൾക്കൊപ്പം ചില പൗഡറുകളും രാസവസ്തുക്കളും റെയഡിൽ പിടിച്ചെടുത്തിട്ടുണ്ട്.

യുവാവ് ഇതിനുമുമ്പും ഇത്തരം മരുന്നുകൾ നിർമിച്ചിരുന്നോ എന്നും അത് വിതരണം ചെയ്തിരുന്നോ എന്നും അന്വേഷിച്ചു വരികയാണ്. ഏഴാം ക്ലാസ് വരെ മാത്രമാണ് യുവാവ് പഠിച്ചിരുന്നത്. വ്യാജ കൊവിഡ് വാക്സിൻ യുവാവ് ഇതുവരെ ആർക്കും വിതരണം ചെയ്തിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.