ന്യൂയോർക്ക്: ലോക രാജ്യങ്ങളാകമാനം കൊവിഡിനെതിരെ പ്രതിരോധ ശ്രമങ്ങൾ നടത്തുമ്പോൾ രോഗത്തിനെതിരെയുള്ള പോരാട്ടത്തിൽ ഐക്യരാഷ്ട്ര സംഘടന എവിടെയാണ് നിൽക്കുന്നതെന്ന് പ്രധാനമന്ത്രി മോദി. 1945ൽ രൂപീകരിച്ച ഐക്യരാഷ്ട്ര സംഘടനയ്ക്ക് ഇനിയും പ്രസക്തിയുണ്ടോ എന്നും പ്രധാനമന്ത്രി ചോദിച്ചു. ഈ ചോദ്യത്തെ അന്താരാഷ്ട്ര സമൂഹം ഇപ്പോൾ നേരിടുകയാണെന്നും മോദി പറഞ്ഞു.
സംഘടന രൂപീകരിച്ച കാലഘട്ടത്തിലെ ലോകം മറ്റൊന്നായിരുന്നു എന്നും അന്നത്തെ പ്രശ്നങ്ങളും അവയ്ക്കായുള്ള പരിഹാരമാർഗങ്ങളും ഇന്നത്തേതിൽ നിന്നും ഏറെ വ്യത്യാസപ്പെട്ടിരുന്നു എന്നും മോദി ചൂണ്ടിക്കാട്ടി. ന്യൂയോർക്കിൽ യു.എൻ ജനറൽ അസംബ്ലിയുടെ എഴുപത്തിയഞ്ചാം യോഗത്തിൽ വിർച്വൽ മാർഗത്തിലൂടെ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
കഴിഞ്ഞ എട്ട്, ഒൻപത് മാസങ്ങളായി ലോകം കൊവിഡിനെതിരെ പോരാടുകയാണെന്നും ഈ പോരാട്ടത്തിൽ യു.എൻ എവിടെയാണ് നിൽക്കുന്നതെന്നും മോദി ചോദിച്ചു. പുതിയ കാലത്തിൽ നാം നേരിടേണ്ട വെല്ലുവിളികൾ മുൻപത്തേത് പോലെ ആകില്ലായെന്നും ആഗോള തലത്തിലുള്ള സാഹചര്യം ഇന്ന് ഏറെ വ്യത്യസ്തമാണെന്നും നമ്മളിന്ന് മറ്റൊരു യുഗത്തിലാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഐക്യരാഷ്ട്ര സഭയുടെ സ്ഥാപക അംഗങ്ങളിൽപ്പെട്ട രാജ്യമാണ് എന്നതിൽ ഇന്ത്യയ്ക്ക് ഏറെ അഭിമാനമുണ്ടെന്നും മോദി പറയുന്നു.
മൂന്നാം ലോക മഹായുദ്ധമെന്നത് നമുക്ക് ഒഴിവാക്കാൻ സാധിച്ചുവെങ്കിലും ആഭ്യന്തര യുദ്ധങ്ങൾ ഉൾപ്പെടെ മറ്റനേകം യുദ്ധങ്ങൾ ലോകത്ത് നടന്നു എന്ന വസ്തുത അവഗണിക്കാൻ സാധിക്കില്ല. ഭീകരവാദികളുടെ ആക്രമണം ലോകത്തെ പിടിച്ചുകുലുക്കി. രക്തം പൊഴിഞ്ഞു. എന്നെയും നിങ്ങളെയും പോലുള്ളവർ മരണപ്പെട്ടു. പറക്കമുറ്റാത്ത കുഞ്ഞുങ്ങൾ ഈ ലോകം വിട്ടുപോയി. പ്രധാനമന്ത്രി പറയുന്നു.