ന്യൂഡൽഹി: കൊവിഡ് വാക്സിൻ വാങ്ങുന്നതിനും വിതരണം ചെയ്യുന്നതിനുമായി കേന്ദ്ര സർക്കാരിന്റെ കെെയിൽ പണമുണ്ടാകുമൊയെന്ന ചോദ്യവുമായി സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സി.ഇ.ഒ. അദർ പൂനാവാല. കൊവിഡ് പ്രതിരോധ വാക്സിനായി 80,000 കോടി രൂപ ചെലവഴിക്കാൻ ഇന്ത്യക്കാകുമോ എന്നാണ് പൂനാവാല തന്റെ ട്വീറ്റിലൂടെ ചോദിച്ചത്.
'അടുത്ത വർഷത്തേക്കായി ഇന്ത്യൻ സർക്കാരിന്റെ കൈയിൽ 80,000 കോടി രൂപയുണ്ടാകുമോ? കാരണം വാക്സിൻ വാങ്ങുന്നതിനും വിതരണം ചെയ്യുന്നതിനുമായി ആരോഗ്യമന്ത്രാലയത്തിന് വേണ്ടിവരിക അതാണ്. നാം എത്രയും വേഗം പരിഹാരം കാണേണ്ട അടുത്ത വെല്ലുവിളി ഇതാണ്.' പൂനാവാല ട്വീറ്റ് ചെയ്തു.
കൊവിഡിനെതിരെ വാക്സിൻ വികസിപ്പിച്ചാലും അതിന്റെ ഉത്പാദനത്തിലും വിതരണത്തിലും ഇന്ത്യ നേരിടാൻ പോകുന്ന വെല്ലുവിളികൾ ചൂണ്ടിക്കാട്ടിയാണ് ലോകത്തെ ഏറ്റവും വലിയ വാക്സിൻ നിർമാതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ട് രംഗത്തെത്തിയത്. ഇന്ത്യയ്ക്ക് വേണ്ടി രാജ്യത്തിന് രാജ്യത്തിനകത്തും പുറത്തും സേവനം ചെയ്യുന്ന വാക്സിൻ നിർമാതാക്കൾക്ക്
നാം സംഭരണം, വിതരണം എന്നീവ സംബന്ധിച്ച് വഴികാട്ടേണ്ടതുണ്ട്. ഇതിനായി കൃത്യമായ രൂപരേഖ ഉണ്ടാക്കേണ്ടതുണ്ടെന്നും പൂനവാല പറയുന്നു.തന്റെ ആദ്യ ട്വീറ്റിന് വ്യക്തത വരുത്തി നൽകിയ മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഓക്സഫോർഡ് സർവകലാശാലയും ആസ്ട്രയും ചേർന്ന് വികസിപ്പിച്ചെടുത്ത കൊവിഷീൽഡിന്റെ അവസാനഘട്ട പരീക്ഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ഇതിന് പുറമെ , ഇന്ത്യയിൽ കൊവാക്സിന്റെ രണ്ടാം ഘട്ട ട്രയലുകളും നടക്കുന്നുണ്ട്. മൂന്നു വാക്സിനുകൾ പരീക്ഷണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. കൊവിഡ് പ്രതിരോധ വാക്സിൻ എല്ലാ ഇന്ത്യക്കാരിലും ഏറ്റവും കുറഞ്ഞ സമയത്തിനുളളിൽ എത്തിക്കുന്നതിനെ സംബന്ധിച്ച് ആസൂത്രണം ചെയ്യേണ്ടതുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.