kaanekkane-

പാര്‍വതി, ആസിഫ് അലി, ടൊവിനോ തോമസ് തുടങ്ങിയ താരങ്ങള്‍ ഒന്നിച്ച ശ്രദ്ധേയ ചിത്രം ഉയരെയ്ക്ക് ശേഷം മനു അശോകന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. 'കാണെക്കാണെ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ഐശ്വര്യലക്ഷ്മി, ശ്രുതി രാമചന്ദ്രന്‍ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.


ട്രാഫിക്, അയാളും ഞാനും തമ്മില്‍, മുംബൈ പോലീസ്, ഹൗ ഓള്‍ഡ് ആര്‍ യു, കായംകുളം കൊച്ചുണ്ണി, ഉയരെ ഉള്‍പ്പെടെ ഒട്ടേറെ മികച്ച ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയിട്ടുള്ള ബോബി-സഞ്ജയ് ടീമാണ് തിരക്കഥയൊരുക്കുന്നത്. പ്രേം പ്രകാശ്, റോണി ഡേവിഡ് രാജ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.


ആല്‍ബി ആന്റണി ഛായാഗ്രഹണവും അഭിലാഷ് ചന്ദ്രന്‍ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. ജോസഫിലൂടെ ശ്രദ്ധിക്കപ്പെട്ട രഞ്ജിന്‍ രാജാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. 1983, ക്വീന്‍ എന്നീ ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങള്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ച ഡ്രീം കാച്ചര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ടി ആര്‍ ഷംസുദ്ദീനാണ് ചിത്രം നിര്‍മ്മിക്കുന്നത്.


'ആസ് യു വാച്ച്' എന്ന ടാഗ് ലൈനോടുകൂടിയാണ് പോസ്റ്റര്‍ നിരവധി താരങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രം ക്രൈം ത്രില്ലര്‍ ആണെന്നാണ് ടൈറ്റില്‍ പോസ്റ്റര്‍ നല്‍കുന്ന സൂചന. ബോബി-സഞ്ജയ് തിരക്കഥയൊരുക്കിയ ഒടുവിലത്തെ ചിത്രം എവിടെ ആയിരുന്നു. മമ്മൂട്ടിയുടെ പുതിയ ചിത്രം വണ്ണിന്റെ തിരക്കഥയൊരുക്കുന്നതും ഇവരാണ്.