ഏഴ് വയസുള്ള ജയന്റ് ആഫ്രിക്കൻ പൗച്ഡ് ഇനത്തിൽപ്പെട്ട എലിയാണ് മഗാവ. കഴിഞ്ഞ ദിവസമാണ് ബ്രിട്ടീഷ് ചാരിറ്റി സംഘടനയായ പി.ഡി.എസ്.എയുടെ ( പീപ്പിൾസ് ഡിസ്പെൻസറി ഫോർ സിക്ക് ആനിമൽസ് ) പരമോന്നത ബഹുമതി ഈ എലിയെ തേടിയെത്തിയത്. എലിയ്ക്ക് ബഹുമതിയോ എന്ന് ആലോചിച്ച് തലപുകയ്ക്കണ്ട. സംഭവം സത്യമാണ്. ധീരതയ്ക്കുള്ള സ്വർണ മെഡലാണ് മഗാവയ്ക്ക് ലഭിച്ചത്. കംബോഡിയയിൽ മണ്ണിനുള്ളിൽ പൊട്ടാതെ കിടക്കുന്ന ലാൻഡ്മൈനുകൾ മണത്ത് കണ്ടെത്തി ആയിരക്കണക്കിന് പേരുടെ ജീവൻ രക്ഷിക്കാൻ കാരണക്കാരനായതാണ് മഗാവെയ്ക്ക് പുരസ്കാരം നേടിക്കൊടുത്തത്. മഗാവയ്ക്ക് ജോലിയോടുള്ള ആത്മാർത്ഥയും അർപ്പണ ബോധവും അധികൃതർ ചൂണ്ടിക്കാട്ടുകയും ചെയ്തു.
39 ലാൻഡ്മൈനുകളും 28 വെടിക്കോപ്പുകളുമാണ് മഗാവ ഇതുവരെ കണ്ടെത്തിയത്. 1.5 മില്യൺ ചതുരശ്രഅടി പ്രദേശം ഇതുവരെ ഈ കുഞ്ഞ് ജീവി സുരക്ഷിതമാക്കി നൽകി. അംഗോള, സിംബാവെ, മൊസാംബിക് എന്നിവിടങ്ങിൽ പ്രവർത്തിക്കുന്ന ബെൽജിയം ആസ്ഥാനമായ APOPO എന്ന സംഘടനയാണ് മഗാവയ്ക്ക് ലാൻഡ്മൈനുകൾ കണ്ടെത്താനുള്ള പരിശീലനം നൽകിയത്.
1970 മുതൽ ഏകദേശം ആറ് ദശലക്ഷത്തോളം ലാൻഡ് മൈനുകൾ കംബോഡിയയിൽ മണ്ണിനടിയിലുണ്ടെന്നാണ് കണക്ക്. ഇതിൽ പകുതിയോളം കണ്ടെത്തിയിട്ടുണ്ട്. ബാക്കിയുള്ളവ കണ്ടെത്തി നിർവീര്യമാക്കുന്ന ജോലി ഇപ്പോഴും തുടരുന്നുണ്ട്. ഈ ദൗത്യത്തിന് മനുഷ്യർക്കൊപ്പം കഴിഞ്ഞ ഏഴ് വർഷമായി മഗാവയുമുണ്ട്. പി.ഡി.എസ്.എയുടെ 77 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഒരു എലിയ്ക്ക് ധീരതയ്ക്കുള്ള മെഡൽ സമ്മാനിക്കുന്നത്. ഇതിനു മുമ്പ് പൂച്ച, നായ, പ്രാവ് തുടങ്ങിയവയ്ക്ക് ധീരതയ്ക്കുള്ള മെഡൽ ലഭിച്ചത്.
മഗാവ ടാൻസാനിയൻ സ്വദേശിയാണ്. ലാൻഡ് മൈനുകൾ കണ്ടെത്തുന്നതിന് അതിവിദഗ്ദ്ധ പരിശീലനമാണ് ലഭിച്ചിട്ടുള്ളത്. ഓരോ തവണയും ലാൻഡ് മൈനുകളും മറ്റും കണ്ടെത്തുമ്പോൾ സമൃദ്ധമായ ഭക്ഷണമാണ് മഗാവയ്ക്ക് ലഭിക്കുന്നത്.