കോഴിക്കോട് : ലൈഫ് മിഷനിൽ കോടികളുടെ അഴിമതി നടന്നതായ പരാതിയിൽ സി.ബി.ഐ അന്വേഷണം തുടങ്ങിയ സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ് ആവശ്യപ്പെട്ടു. അഴിമതി പുറത്തായതോടെ മുഖ്യമന്ത്രി അദ്ധ്യക്ഷത വഹിച്ച ലൈഫ് യോഗ മിനുട്സ് പോലും മുങ്ങുന്നത് ഗൗരവം അർഹിക്കുന്നു. രേഖാമൂലം ആവശ്യപ്പെട്ടിട്ടും ലൈഫ് പദ്ധതി ഉന്നതാധികാര സമിതി അംഗമായ പ്രതിപക്ഷ നേതാവിന് രേഖ നൽകാതെ ഒളിച്ചു കളിക്കുന്നത് ദുരൂഹമാണ്.
ലൈഫ് പദ്ധതിക്ക് ലഭിച്ച സഹായത്തിൽ നിന്ന് ഒരു കോടി രൂപ കമ്മിഷൻ കൈപ്പറ്റിയെന്ന സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് എൻ.ഐ.എക്ക് മുമ്പിൽ സമ്മതിച്ചതിന് പിന്നാലെയാണ് മന്ത്രി തോമസ് ഐസക് നാലര കോടി രൂപയുടെ അനധികൃത ഇടപാട് ശരിവച്ചത്. മാദ്ധ്യമ പ്രവർത്തകനായ കെ.എം. ബഷീർ കൊല്ലപ്പെട്ട ദിവസം വൈകിട്ട് ഏഴു മണിക്ക് തിരുവനന്തപുരത്ത് വച്ചാണ് പണം കൈമാറിയതെന്ന് മുഖ്യമന്ത്രിയുടെ മാദ്ധ്യമ ഉപദേഷ്ടാവ് തുറന്നു പറഞ്ഞ് ആഴ്ചകളായിട്ടും അന്വേഷണത്തിന് തയ്യാറായില്ല. സി.ബി.ഐ അന്വേഷണം തുടങ്ങിയപ്പോൾ രാഷ്ട്രീയപ്രേരിതം എന്നാരോപിക്കുന്നത് പുകമറ സൃഷ്ടിക്കാനാണെന്നും മജീദ് ആരോപിച്ചു.