modi

ലോകാരോഗ്യ സംഘടന ചൈനയ്ക്ക് വിടുപണി ചെയ്യുകയാണെന്ന മട്ടിലുള്ള വാർത്തകൾ വ്യാപകമായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ് ഇപ്പോൾ. ചൈനയിൽ നിന്നും സ്വീകരിക്കുന്ന സാമ്പത്തിക സഹായങ്ങൾക്കും മറ്റും പ്രത്യുപകാരമായാണ് ഐക്യരാഷ്ട്ര സംഘടനയും ലോകാരോഗ്യ സംഘടനയും പലപ്പോഴും രാജ്യത്തോട് വിധേയത്വം കാണിക്കുന്നതെന്നാണ് അനുമാനം. ഈ ആരോപണം രൂക്ഷമായപ്പോഴാണ് കൊവിഡ് രോഗാണുവിന്റെ 'ഉറവിടം കണ്ടെത്തുന്നതിനായി' ലോകാരോഗ്യ സംഘടനാ അന്വേഷണ സംഘം ചൈനയിലേക്ക് തിരിക്കുന്നത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് പിന്നീട് കാര്യമായ വിവരങ്ങളൊന്നും പുറത്തുവന്നില്ല എന്നതാണ് വസ്തുത.

ഇതിനിടെയാണ് കൊവിഡ് വൈറസിന്റെ ചൈനീസ് ശാസ്ത്രജ്ഞർ വുഹാനിലെ ലാബിൽ വച്ച് നിർമിച്ചതാണെന്ന ആരോപണവുമായി ചൈനയിലെ തന്നെ വൈറോളജിസ്റ്റായ ഡോ. ലീ മെങ്ങ് യാൻ രംഗത്തുവരുന്നത്. ലോകാരോഗ്യ സംഘടന ഇക്കാര്യം മനപ്പൂർവ്വം ഒളിച്ചുവയ്ക്കുകയായിരുന്നു എന്ന ലീയുടെ വാക്കുകൾ ലോകം ഞെട്ടലോടെയാണ് കേട്ടത്. ഏതാണ്ട് ഇതേ സമയത്ത് തന്നെയാണ് മറ്റു രാജ്യങ്ങളിൽ നിന്നും വാക്സിൻ നിർമാണ രഹസ്യങ്ങൾ കൈക്കലാക്കാൻ ലോകാരോഗ്യ സംഘടന ചൈനയെ സഹായിക്കുന്നു എന്ന വിവരവും പുറത്തുവന്നത്.

ലോകത്തിലെ പല രാജ്യങ്ങളിൽ നിന്നും ഘട്ടം ഘട്ടമായി ലഭിക്കുന്ന വാക്സിൻ നിർമാണവുമായി ബന്ധപ്പെട്ട വിവരങ്ങൾ സംഘടന ചൈനയ്ക്ക് നൽകുന്നുണ്ടെന്ന് അമേരിക്കൻ മാദ്ധ്യമമായ 'ന്യൂയോർക്ക് ടൈംസ്' ആണ് റിപ്പോർട്ട് ചെയ്തത്. തങ്ങളുടെ സ്വന്തം വാക്സിൻ അതിവേഗം പുറത്തിറക്കാനാണ് ചൈന സംഘടനയുടെ സഹായം തേടിയത്. ഇത്തരത്തിലെ ആരോപണങ്ങൾ മൂലം ലോകാരോഗ്യ സംഘടനയും ഐക്യരാഷ്ട സംഘടന തന്നെയും സംശയത്തിന്റെ നിഴലിൽ നിൽക്കുന്ന ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രി മോദി ഇന്ന് യു.എൻ ജനറൽ അസംബ്ലിയുടെ എഴുപത്തിയഞ്ചാം യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് ലോകത്തോടായി സംസാരിച്ചത്.

ഒന്ന് ചുഴിഞ്ഞ് നോക്കുകയാണെങ്കിൽ ചൈനയ്ക്കും ഐക്യരാഷ്ട്ര സംഘടനയ്ക്കുമുള്ള ചില താക്കീതുകളാണ് പ്രധാനമന്തി തന്റെ വാക്കുകളിൽ ഒളിപ്പിച്ചുവച്ചതെന്ന് കാണാൻ സാധിക്കും. ലോക രാജ്യങ്ങളാകമാനം കൊവിഡിനെതിരെ പ്രതിരോധ ശ്രമങ്ങൾ നടത്തുമ്പോൾ രോഗത്തിനെതിരെയുള്ള പോരാട്ടത്തിൽ ഐക്യരാഷ്ട്ര സംഘടന എവിടെയാണ് നിൽക്കുന്നതെന്നും 1945ൽ രൂപീകരിച്ച ഐക്യരാഷ്ട്ര സംഘടനയ്ക്ക് ഇനിയും പ്രസക്തിയുണ്ടോ എന്നുമാണ് മോദി സംഘടനയോടും ലോകത്തോടും ചോദിച്ചത്. സംഘടനയുടെ പ്രവർത്തനത്തിലുള്ള ആശങ്കയും അതൃപ്തിയും ലോകരാജ്യങ്ങളുടെ പ്രതിനിധിയായി മാറിക്കൊണ്ട് മോദി വ്യക്തമാക്കുകയായിരുന്നു.

അതോടൊപ്പം ഈ യുഗത്തിലെ പ്രശ്നങ്ങളെ നേരിടാനും അവയ്ക്ക് പരിഹാരം കാണാനും സംഘടന അപര്യാപ്തമെന്നും പ്രധാനമന്ത്രി പറഞ്ഞു. ന്യൂയോർക്കിലെ വിർച്വൽ അഭിസംബോധനയിലൂടെ, കൊവിഡിൽ നിന്നും ലോകത്തെ രക്ഷിയ്ക്കാനുള്ള ഉത്തരവാദിത്തമുള്ള സംഘടന ഇത്രയും നാൾ എന്ത് ചെയ്തുവെന്നും മോദി ശക്തമായ ഭാഷയിൽ ചോദിക്കുന്നുണ്ട്. രോഗപ്രതിരോധത്തിന്റെ കാര്യത്തിൽ മാത്രമല്ല, യുദ്ധങ്ങളും ഭീകരാക്രമണങ്ങളും തടയുന്നതിലും ഐക്യരാഷ്ട്ര സംഘടന പരാജയമാണെന്ന് അദ്ദേഹം പറയാതെ പറഞ്ഞു. കൊവിഡ് രോഗം ലോകത്താകമാനം പരത്തിയ ചൈനയെ പിന്തുണയ്ക്കുന്ന നിലപാടുകൾ കൈക്കൊള്ളുന്ന സംഘടനയ്ക്കുള്ള വിമർശനം കൂടിയായി മോദിയെ വാക്കുകളെ വായിച്ചെടുക്കാൻ സാധിക്കും.

ചുരുക്കത്തിൽ, അടിസ്ഥാന പരമായി ഐക്യരാഷ്ട്ര സംഘടന മാറേണ്ടതുണ്ടെന്നും ആ മാറ്റത്തിന് തുടക്കം കുറിയ്ക്കാനായി ഇന്ത്യയ്ക്ക് പലതും ചെയ്യാൻ പറ്റുമെന്നുമാണ് മോദി ലോകത്തിന് മുൻപിൽ ഇന്ന് വ്യക്തമാക്കിയത്. ഐക്യരാഷ്ട്ര സഭയുടെ സ്ഥാപക അംഗങ്ങളിൽപ്പെട്ട രാജ്യമാണ് ഇന്ത്യ എന്ന കാര്യം ഓർമ്മിപ്പിക്കുക വഴി പ്രധാനമന്ത്രി ഉദ്ദേശിക്കുന്നത് ഇക്കാര്യം തന്നെ. ലോകശക്തി എന്ന നിലയിൽ വളരാൻ വെമ്പിനിൽക്കുന്ന ചൈനയെ പിടിച്ചുകെട്ടാൻ ലക്ഷ്യം വച്ചുകൊണ്ടും ലോകത്തിനു മുൻപിൽ ഇന്ത്യയുടെ ശക്തി എന്തെന്ന് വെളിവാക്കാനും വേണ്ടിയുള്ള ഈ അഭിസംബോധന വഴി, ഇനി മാറ്റത്തിന്റെ കടിഞ്ഞാൺ ആരുടെ കൈകളിലേക്കാണ് എത്തുന്നതെന്നുകൂടി പ്രധാനമന്ത്രി സൂചിപ്പിക്കുന്നുണ്ട്.