റഷ്യയിൽ കിഴക്കൻ സൈബീരിയയിൽ ' ഡയമണ്ട് സിറ്റി ' എന്നറിയപ്പെടുന്ന ഒരു ഭാഗമുണ്ട്. ഇവിടെയാണ് ഭൂമിയിലെ ഏറ്റവും ആഴം കൂടിയ നാലാമത്തെ ഖനിയായ 'മിർ ' സ്ഥിതി ചെയ്യുന്നത്. ഏകദേശം 13 ബില്യൺ പൗണ്ട് വിലമതിക്കുന്നതാണ് ഈ ഖനി. 1,722 അടി ആഴമുള്ള ഖനിയ്‌ക്ക് ഒരു മൈലോളം വ്യാസമുണ്ട്.
മുകളിലൂടെ കടന്നു പോകാന്ന വസ്‌തുക്കളെ ആകർഷിക്കാനുള്ള കഴിവാണ് മിർ ഖനിയുടെ മറ്റൊരു പ്രത്യേകത. മിർ ഖനിയുടെ വലിപ്പം കണ്ടാൽ ആർക്കും തലകറങ്ങും. അത്രയ്ക്കും ഭീമാകാരമാണ്. ഖനിയ്ക്കുള്ളിൽ രൂപപ്പെട്ടിരിക്കുന്ന വായു ചുഴിയാണ് മുകളിലൂടെ പോകുന്ന വസ്തുക്കളെ ഉള്ളിലേക്ക് ആകർഷിക്കുന്നത്.
ഖനിയുടെ ആഴവും രൂപവുമാണ് വായു ചുഴി രൂപപ്പെടാൻ കാരണമെന്ന് ഗവേഷകർ പറയുന്നു. ഒരു ഹെലികോപ്ടറിനെ വരെ വീഴ്ത്താൻ ഇതിന് കഴിയും. ഇവിടുത്തെ വായു ചുഴിയിൽ ചില ഹെലികോപ്ടറുകൾ അകപ്പെട്ടതിനെ തുടർന്ന് ഇത് വഴിയുള്ള വ്യോമപാത അടയ്‌ക്കുകയുണ്ടായി. ഭാഗ്യത്തിന് ഇതുവരെ ഹെലികോപ്ടറുകൾ ഒന്നും ഇവിടെ തകർന്ന് വീണിട്ടില്ല.
ലോകരാജ്യങ്ങൾക്കൊപ്പം സോവിയറ്റ് യൂണിയനെ ശക്തമായ സാമ്പത്തിക ശക്തിയാക്കി വളർത്താൻ വളരെ വലിയ പങ്കാണ് മിർ ഖനി വഹിച്ചത്. 1957ലാണ് മിർ ഖനി നിർമിച്ചത്. സോവിയറ്റ് ശാസ്ത്രജ്ഞരാണ് ഇവിടെ വജ്രത്തിന്റെ വൻതോതിലുള്ള നിക്ഷേപം കണ്ടെത്തിയത്. 847.5 കോടിയോളം വിലമതിക്കുന്ന വജ്ര ശേഖരമാണ് മിർ ഖനിയിൽ ഉണ്ടായിരുന്നത്. 1960 കളിൽ 10,000,000 കാരറ്റ് വജ്രമാണ് പ്രതിവർഷം ഈ ഖനിയിൽ നിന്നും ഖനനം ചെയ്‌തിരുന്നത്.
1990കളിൽ സോവിയറ്റ് യൂണിയന്റെ തകർച്ചയോടെ 2004ൽ ഈ ഖനിയിലെ പ്രവർത്തനം നിലച്ചു. എന്നാൽ ഇപ്പോൾ ഇവിടെ നിർമിച്ച ടണലുകളുടെ ശ്രേണി വഴി ഭൂമിയ്‌ക്കടിയിൽ നിന്നും വജ്രം ഖനനം ചെയ്‌തെടുക്കുന്നുണ്ട്. ഇന്ന് 10 ബില്യൺ പൗണ്ട് വിലമതിക്കുന്ന വജ്രമാണ് ഇവിടെ നിന്നും പ്രതിവർഷം ലഭിക്കുന്നത്. അൽറോസ എന്ന റഷ്യൻ കമ്പനിയാണ് ഇതിന് മേൽനോട്ടം വഹിക്കുന്നത്. ഏഴ് മാസം നീണ്ടു നിൽക്കുന്ന ശൈത്യകാലത്ത് ഇവിടെ താപനില മൈനസ് 40 ഡിഗ്രി വരെ താഴാറുണ്ട്.