pic

ചത്തീസ്ഗഢ്: കേന്ദ്ര സർക്കാരിന്റെ കാർഷിക ബിൽ നടപടിയിൽ പ്രതിഷേധിച്ച് പഞ്ചാബിലെ ശിരോമണി അകാലിദൾ എൻ.ഡി.എ വിട്ടു. കാർഷിക ബിൽ കർഷകരുടെ താൽപര്യങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പാർട്ടി എൻ.ഡി.എ വിട്ടത്. പാർട്ടി പ്രസിഡന്റ് സുഖ്‌ബീർ സിംഗ് ബാദലിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമുണ്ടായത്. ഇനി എൻ.ഡി.എ സഖ്യവുമായി ബന്ധമില്ലെന്നും സുഖ്‌ബീർ സിംഗ് അറിയിച്ചു.

" കാർഷിക വിളകളുടെ ഉത്പാദനം ഉറപ്പുവരുത്തുന്നതിനായി കർഷകർക്ക് അനുകൂലമായ നിയമനിർമാണം നടത്താൻ കേന്ദ്രം തയ്യാറാകാത്തതിലാണ് എൻ.‌ഡി.എ സഖ്യത്തിൽ നിന്ന് പിൻമാറാൻ ശിരോമണി അകാലിദൾ തീരുമാനിച്ചത്." സുഖ്‌ബീർ സിംഗ് ട്വീറ്റ് ചെയ്തു. നരേന്ദ്ര മോദി സർക്കാർ നിരന്തരം സിക്ക്,പഞ്ചാബി ജനങ്ങളുടെ പ്രശ്നങ്ങളെ അവഗണിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

അടൽ ബിഹാരി വാജ്‌പേയിയും മുതിർന്ന അകാലിദൾ നേതാവ് പ്രകാശ് സിംഗ് ബാദലും വിഭാവനം ചെയ്ത എൻ‌.ഡി.‌എ അല്ല ഇപ്പോഴുളളതെന്ന് അകാലിദൾ ലോക്‌സഭ എംപിയും മുൻ കേന്ദ്രമന്ത്രിയുമായ ഹർസിമിത്ര് കൗർ ബാദൽ പറഞ്ഞു. മൂന്ന് കോടി പഞ്ചാബികളുടെ വേദനയും ദുഃഖവും മോദി സർക്കാർ കാണുന്നില്ലെന്നും ഹർസിമിത്ര് കൗർ ബാദൽ കുറ്റപ്പെടുത്തി. കാർഷിക ബില്ലിനെതിരെ പ്രതിഷേധിച്ച് കഴിഞ്ഞാഴ്ചയാണ് ഹർസിമിത്ര് കൗർ ബാദൽ കേന്ദ്ര മന്ത്രി സ്ഥാനം രാജിവച്ചത്.