up-gang-rape

ലക്നൗ: ഉത്തർപ്രദേശിൽ ഇരുപതുകാരി കൂട്ടബലാത്സംഗത്തിനിരയായി. പെൺകുട്ടിയുടെ നില അതീവ ഗുരുതരണെന്ന് ഡോക്ടർമാർ പറഞ്ഞു. ഹത്രാസ് സ്വദേശിനിയായ ഇരുപതുകാരിയെ നാലുപേർ ചേർന്നാണ് കൂട്ടബലാത്സംഗം ചെയ്തത്. അക്രമികൾ പെൺകുട്ടിയുടെ നാവ് മുറിച്ചെടുത്തു.


പെൺകുട്ടിയുടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ മുറിവുകൾ ഉണ്ടെന്നും, വിദഗ്ദ്ധ ചികിത്സയ്ക്കായി ഡൽഹിയിലേക്കു മാറ്റേണ്ടി വരുമെന്നും ഡോക്ടർമാർ അറിയിച്ചു. പ്രതികളായ നാലു പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ കൂട്ടബലാത്സംഗത്തിനും, കൊലക്കുറ്റത്തിനും കേസെടുത്തിട്ടുണ്ട്.

അമ്മയ്ക്കും സഹോദരനുമൊപ്പം പുല്ലുവെട്ടാൻ പോയതായിരുന്നു ഇരുപതുകാരി. കൂടെയുണ്ടായിരുന്ന സഹോദരൻ ഒരു കെട്ടു പുല്ലുമായി വീട്ടിലേക്ക് പോയി. അമ്മയുടെ കണ്ണ് ഒന്ന് തെറ്റിയപ്പോൾ അക്രമികൾ പെൺകുട്ടിയെ കഴുത്തിൽ ഷാൾ മുറുക്കി പാടത്തിനുള്ളിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു.

പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് അമ്മ നടത്തിയ തിരച്ചിലിലാണ് അബോധാവസ്ഥയിൽ കണ്ടെത്തിയത്. പരാതി നൽകിയിട്ടും പൊലീസ് ആദ്യം കേസെടുക്കാൻ തയ്യാറായില്ലെന്ന് ഇരുപതുകാരിയുടെ കുടുംബം ആരോപിക്കുന്നു. എന്നാൽ കൃത്യ സമയത്ത് ഇടപെട്ടുവെന്ന് പൊലീസ് വ്യക്തമാക്കി.