തിരുവനന്തപുരം : യുട്യൂബ് ചാനലിൽ സ്ത്രീകൾക്കെതിരെ അശ്ലീല പരാമർശങ്ങളുള്ള വീഡിയോ പോസ്റ്റ് ചെയ്ത വിജയ് പി.നായരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ ഡബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ബിഗ്ബോസ് മത്സരാർത്ഥിയായിരുന്ന ദിയ സന, ആക്ടിവിസ്റ്റ് ശ്രീലക്ഷമി അറയ്ക്കൽ തുടങ്ങിയവർക്കെതിരെ പൊലീസ് കേസെടുത്തു. വിജയ് പി നായരുടെ പരാതിയിലാണ് തമ്പാനൂർ പൊലീസ് കേസെടുത്തത്.
അസഭ്യം പറഞ്ഞതിനും, ഭീഷണിപ്പെടുത്തിയതിനുമാണ് കേസ്. ഇവർക്കെതിരെ മോഷണക്കുറ്റവും ചുമത്തും. ഇന്നലെ വൈകിട്ട് ആറോടെയായിരുന്നു സംഭവം.ഭാഗ്യലക്ഷ്മിയും സംഘവും തമ്പാനൂർ ഗാന്ധാരിയമ്മൻ കോവിൽ റോഡിൽ ഇയാൾ താമസിച്ചിരുന്ന ലോഡ്ജിലെത്തി കരി ഓയിൽ ഒഴിച്ചശേഷം മർദ്ദിച്ച് മാപ്പും പറയിച്ചു.
മർദ്ദന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ദിയ ലൈവായി പങ്കുവച്ചിരുന്നു. സൈക്കോളജിയിൽ ഓണററി ഡോക്ടറേറ്റുണ്ടെന്ന് അവകാശപ്പെടുന്ന വിജയ് പി. നായർ പേരെടുത്ത് പറഞ്ഞും, വ്യക്തികളെ തിരിച്ചറിയുന്ന തരത്തിൽ സൂചന നൽകിയുമായിരുന്നു അശ്ളീല പരാമർശങ്ങൾ നടത്തിയത്. വീഡിയോകൾ സ്ത്രീ സംഘം സംഭവസ്ഥലത്തു വച്ച് യൂട്യൂബിൽ നിന്ന് നീക്കം ചെയ്യിച്ചു. കൂടാതെ ലാപ്ടോപും മൊബൈൽഫോണും പിടിച്ചെടുത്ത് തമ്പാനൂർ പൊലീസ് സ്റ്റേഷനിലെത്തി ഇയാൾക്കെതിരെ പരാതി നൽകിയിരുന്നു.