jaswantsingh

ന്യൂഡൽഹി: സൈനിക സേവനത്തിൽ നിന്ന് രാഷ്ട്രീയത്തിൽ എത്തിയ നേതാവാണ് ഇന്ന് അന്തരിച്ച ജസ്വന്ത് സിംഗ്. രാജസ്ഥാനിലെ ജസോൾ ഗ്രാമത്തിലായിരുന്നു ജനനം. പഠിക്കാൻ മിടുക്കൻ. ഈ മിടുക്ക് അദ്ദേഹത്തെ എത്തിച്ചത് ഇന്ത്യൻ ഡിഫൻസ് അക്കാഡമിയിൽ. 1960കളിൽ കരസേനയിൽ ഉദ്യോഗസ്ഥനായിരുന്നു. പിന്നീടാണ് രാഷ്ട്രീയത്തിലേക്ക് കടന്നത്. ബി ജെ പിയുടെ സ്ഥാപിത കാലം മുതലുളള നേതാക്കളിൽ ഒരാളായിരുന്ന ജസ്വന്ത് സിംഗ് പക്ഷേ, മരിക്കുമ്പോൾ ബി ജെ പിയിലുണ്ടായിരുന്നില്ല.

1996ൽ വാജ്പെയിയുടെ നേതൃത്വത്തിൽ 13 ദിവസം മാത്രം നിലനിന്ന സർക്കാരിൽ കേന്ദ്ര ധനകാര്യ മന്ത്രിയായിരുന്നു. 1998 മുതൽ 2002 വരെ കേന്ദ്ര വിദേശകാര്യ മന്ത്രിയായി പ്രവർത്തിച്ചു. 2000-01 കാലയളവിൽ ജോർജ് ഫെർണാണ്ടസ് രാജിവച്ചപ്പോൾ പ്രതിരോധ മന്ത്രിയായി . 2002-ൽ വീണ്ടും ധനകാര്യ മന്ത്രിയായി. പിന്നീടാണ് പാർട്ടിയിൽ നിന്ന് തെറ്റിപ്പിരിഞ്ഞ് പുറത്തുപാേയത്.

അദ്ദേഹത്തിന്റെ രണ്ട് പുസ്തകങ്ങൾ ഏറെ വിവാദമായിരുന്നു. 2006 ജൂലായിൽ പുറത്തിറങ്ങിയ 'എ കോൾ ടു ഓണർ: ഇൻ സർവീസ്‌ ഒഫ്‌ എമർജന്റ്‌ ഇന്ത്യ' എന്ന പുസ്തകമാണ് ആദ്യം വിവാദത്തിലായത്. നരസിംഹ റാവു പ്രധാനമന്ത്രിയായിരുന്ന കാലത്ത് പ്രധാമനന്ത്രിയുടെ ഓഫീസിൽ നിന്ന് ആണവരഹസ്യം ചോർന്നുവെന്ന പരാമർശമാണ് വിവാദത്തിനിടയാക്കിയത്. തുടർന്ന് പുറത്തിറങ്ങിയ ജിന്ന-ഇന്ത്യ, പാർട്ടിഷ്യൻ, ഇൻഡിപ്പെൻഡൻസ് എന്ന പുസ്തകവും ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. പാർട്ടിയിൽ നിന്നുളള ജസ്വന്തിന്റെ പുറത്തുപോകലിന് ഇടയാക്കിയതിനും ഈ പുസ്തകം ഒരുകാരണമായിട്ടുണ്ട്. 2009ൽ പുറത്തിറങ്ങിയ പുസ്തകത്തിൽ മുഹമ്മദലി ജിന്നയെ പ്രശംസിക്കുകയും നെഹ്റുവിന്റെ ചില നയങ്ങളാണ് ഇന്ത്യ-പാകിസ്ഥാൻ വിഭജനത്തിന് കാരണമായതെന്നുമായിരുന്നു പുസ്തകത്തിൽ പറഞ്ഞിരുന്നത്.