തിരുവനന്തപുരം: സംവിധായകൻ ശാന്തിവിള ദിനേശിനെതിരെ കേസെടുത്തു. ഭാഗ്യലക്ഷ്മിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിരിക്കുന്നത്. ഭാഗ്യലക്ഷ്മിയെ മോശമായി പരാമർശിച്ചുള്ള സോഷ്യൽ മീഡിയ പോസ്റ്റിലാണ് നടപടി.
'എന്റെ യൂട്യൂബ് ചാനലിന്റെ രണ്ടാമത്തെ സ്റ്റോറി ഒരു ഡബ്ബിംഗ് ആർട്ടിസ്റ്റിനെ കുറിച്ചായിരുന്നു. ചാനലുകളിൽ ചെന്നിരുന്ന് ആദ്യ ഭർത്താവിനെയും കാമുകനെയും പേഴ്സണൽ ഹരാസ്മെന്റ് നടത്തുന്നത് നിർത്തണം അത് മോശമാണ് എന്നാണ് ഞാൻ പറഞ്ഞത്.നിങ്ങൾ മഞ്ജു വാര്യരെയും ദിലീപിനെയും കണ്ട് പഠിക്കണം ബന്ധം പിരിഞ്ഞതിന് ശേഷം അവർ ഇന്ന് വരെ ഒരു ചാനലിലോ പത്രത്തിലോ പരസ്പരം ചെളി വാരി എറിഞ്ഞിട്ടില്ല. അത് പോലെ ചെയ്യണം. ഞാൻ പേഴ്സണൽ ഹരാസ്മെന്റ് നടത്തിയിട്ടില്ല. ഈ പറയുന്ന ശബ്ദം വിറ്റ് ജീവിക്കുന്ന കലാകാരിക്ക് എവിടം വരെ ബന്ധം ഉണ്ടെന്ന് അറിയിക്കാനാണ് ഞാൻ ഈ വീഡിയോ ഇപ്പോൾ ചെയ്യുന്നത്.
അവരെ ഹരാസ് ചെയ്തു, അവരെ വ്യക്തിഹത്യ നടത്തി, ഫോട്ടോ ദുരുപയോഗം ചെയ്തു എന്നിങ്ങനെ യൂടൂബിന് പരാതി നൽകി. യൂടൂബ് എനിക്ക് മെയിൽ നൽകി. 48 മണിക്കൂറിനുള്ളിൽ അത് പിൻവലിക്കണം എന്ന്. ഞാൻ രണ്ട് മിനിറ്റ് കൊണ്ട് ആ സാധനം എന്റെ ലൈറ്റ് ക്യാമറ ആക്ഷനിൽ നിന്ന് മാറ്റി. വക്കീലിനെ കാണാനും അതിന് പിറകെ പോകാനും എനിക്ക് സമയം ഇല്ലായിരുന്നു.പക്ഷേ രണ്ട് ലക്ഷത്തിഎണ്ണപത്തിഅയ്യായിരം പേർ കാണുകയും, ചുരുങ്ങിയത് രണ്ട് ലക്ഷം പേർ എങ്കിലും അത് റെക്കോർഡ് ചെയ്ത് വച്ചിട്ടും ഉണ്ടാകും .ഇവർ ഇങ്ങനെ കാണിക്കും എന്ന് ഇവരെ അറിയുന്നവർക്ക് അറിയാം. ഞാൻ പറഞ്ഞതെല്ലാം നൂറു ശതമാനം സത്യമാണ്. അവർ സി പി ഐയുടെ സ്ഥാനാർത്ഥിയായി നിയമസഭയിലേയ്ക്ക് മത്സരിക്കാൻ സീറ്റിനായി നടക്കുന്നു എന്ന് കേട്ടു.
സഖാവ് കാനം രാജേന്ദ്രൻ തികഞ്ഞ കമ്മ്യൂണിസ്റ്റ് ആണെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. എല്ലാ ദിവസും അയക്കുന്ന പാട്ടുകളിൽ ഏഴെണ്ണം ചെല്ലുന്ന ആളാണ് പന്ന്യൻ രവീന്ദ്രൻ സഖാവ്. ഞാൻ ഇവരോട് താഴ്മയായി പറയുന്നു.സഖാവെ ഒരു സീറ്റ് നശിപ്പിക്കരുത്, 8 മണിക്ക് വോട്ട് എണ്ണി തുടങ്ങിയാൽ 8:10 ന് തോൽക്കും, ഈ കഥാപാത്രത്തെ എവിടെയെങ്കിലും നിർത്തിയാൽ. എന്ത് ധാർമ്മികതയുണ്ട് ഇവർക്ക്. യു.ഡി.എഫ് കാലത്ത് അവരുടെ പ്രതിനിധിയായി അക്കാഡമി മെംബർ ആയിരുന്നു. എൽ ഡി ഫ് കാലത്ത് കെ എസ് എഫ് ഡി സിയുടെ ഡയറക്ടർ ബോർഡ് മെംബറാണ്. ബി ജെ പിയുടെ സെൻസർ ബോർഡ് മെംബറാണ്. ഇവർക്ക് എന്ത് രാഷ്ട്രീയം. സിനിമയിൽ തലപ്പത്ത് ഇരിക്കുന്നവർക്ക് അല്ലെങ്കിലും വിവരം എന്ന് പറയുന്നത് ഇല്ല'.-എന്നായിരുന്നു ശാന്തിവിള പറഞ്ഞത്.
അതേസമയം, യുട്യൂബ് ചാനലിൽ സ്ത്രീകൾക്കെതിരെ അശ്ലീല പരാമർശങ്ങളുള്ള വീഡിയോ പോസ്റ്റ് ചെയ്ത വിജയ് പി.നായരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ ഭാഗ്യലക്ഷ്മി, ബിഗ്ബോസ് മത്സരാർത്ഥിയായിരുന്ന ദിയ സന, ആക്ടിവിസ്റ്റ് ശ്രീലക്ഷമി അറയ്ക്കൽ തുടങ്ങിയവർക്കെതിരെ പൊലീസ് കേസെടുത്തു. വിജയ് പി നായരുടെ പരാതിയിലാണ് തമ്പാനൂർ പൊലീസ് കേസെടുത്തത്.
അസഭ്യം പറഞ്ഞതിനും, ഭീഷണിപ്പെടുത്തിയതിനുമാണ് കേസ്. ഇവർക്കെതിരെ മോഷണക്കുറ്റവും ചുമത്തും. ഇന്നലെ വൈകിട്ട് ആറോടെയായിരുന്നു സംഭവം.ഭാഗ്യലക്ഷ്മിയും സംഘവും തമ്പാനൂർ ഗാന്ധാരിയമ്മൻ കോവിൽ റോഡിൽ ഇയാൾ താമസിച്ചിരുന്ന ലോഡ്ജിലെത്തി കരി ഓയിൽ ഒഴിച്ചശേഷം മർദ്ദിച്ച് മാപ്പ് പറയിച്ചിരുന്നു