റിപ്പോ നിരക്ക് കുറയ്ക്കാനിടയില്ല
കൊച്ചി: റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് അദ്ധ്യക്ഷനായ ആറംഗ ധനനയ നിർണയ സമിതിയുടെ (എം.പി.സി) ത്രിദിന യോഗം നാളെ മുതൽ ഒക്‌ടോബർ ഒന്നുവരെ നടക്കും. ഒന്നിന് രാവിലെ 11.45ന് ധനനയം പ്രഖ്യാപിക്കും.
കൊവിഡും ലോക്ക്ഡൗണും സൃഷ്‌ടിച്ച കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് രാജ്യം ഇനിയും കരകയറിയിട്ടില്ലെന്നിരിക്കേ, പണലഭ്യത ഉയർത്താനും വായ്‌പാ ഇടപാടുകാർക്ക് ആശ്വാസമേകാനുമുള്ള നടപടികളാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ, നാണയപ്പെരുപ്പം പരിധിവിട്ടതിനാൽ മുഖ്യ പലിശനിരക്കുകളിൽ മാറ്റം വരുത്താനുള്ള സാദ്ധ്യത വിരളം.
റിപ്പോനിരക്ക് പരിഷ്‌കരിക്കാൻ റിസർവ് ബാങ്ക് പ്രധാനമായും പരിഗണിക്കുന്ന ഉപഭോക്തൃവില (റീട്ടെയിൽ) സൂചിക അടിസ്ഥാനമാക്കിയുള്ള നാണയപ്പെരുപ്പം ജൂലായിൽ 6.73 ശതമാനവും ആഗസ്‌റ്റിൽ 6.69 ശതമാനവുമാണ്. കഴിഞ്ഞമാസം ഭക്ഷ്യവിലപ്പെരുപ്പം 8.29 ശതമാനത്തിലേക്ക് കുതിച്ചുയർന്നത് റിസർവ് ബാങ്കിനെ ആശങ്കപ്പെടുത്തുന്നു.
റിസർവ് ബാങ്കിൽ നിന്ന് ബാങ്കുകൾ വാങ്ങുന്ന വായ്‌പയുടെ പലിശയായ റിപ്പോനിരക്ക് നിലവിൽ നാലു ശതമാനമാണ്. റിപ്പോ അടിസ്ഥാനമാക്കിയാണ് നിലവിൽ പുതിയ വായ്‌പകളുടെ പലിശനിരക്ക് ബാങ്കുകൾ നിർണയിക്കുന്നത്. റിപ്പോനിരക്ക് നാലു ശതമാനത്തിന് താഴെയെത്തിക്കാൻ റിസർവ് ബാങ്ക് താത്പര്യപ്പെടുന്നുമില്ല.
കൊവിഡ് കാലത്തെ വായ്‌പാ തിരിച്ചടവിന് റിസർവ് ബാങ്ക് പ്രഖ്യാപിച്ച മോറട്ടോറിയത്തിന്റെ കാലാവധി കഴിഞ്ഞമാസം അവസാനിച്ചു. മോറട്ടോറിയം നീട്ടുന്നതിന് പകരം, വായ്‌പ പുനഃക്രമീകരിക്കാനുള്ള നടപടികളാണ് കഴിഞ്ഞ എം.പി.സി യോഗശേഷം റിസർവ് ബാങ്ക് പ്രഖ്യാപിച്ചത്. സമാനമായ ആശ്വാസ നടപടികളും പണലഭ്യത കൂട്ടാനുള്ള ബദൽ മാർഗങ്ങളും ഒക്‌ടോബർ ഒന്നിന് ഗവർണർ ശക്തികാന്ത ദാസ് പ്രഖ്യാപിച്ചേക്കും.
എം.പി.സിക്ക്
പുതിയ അംഗങ്ങൾ
ധനനയ നിർണയ സമിതിയിൽ (എം.പി.സി) കേന്ദ്രസർക്കാർ നാമനിർദേശം ചെയ്‌ത സ്വതന്ത്ര അംഗങ്ങളായ ഡോ. പാമി ദുവ, ഡോ. രവീന്ദ്ര ധൊലാക്കിയ, ഡോ. ഛേതൻ ഖാട്ടെ എന്നിവരുടെ നാലുവർഷ കാലാവധി കഴിഞ്ഞവാരം അവസാനിച്ചു.
പുതിയ മൂന്നുപേരെ കണ്ടെത്താനുള്ള നടപടികൾ കേന്ദ്രം നടത്തിയെങ്കിലും പേരുകൾ പ്രഖ്യാപിച്ചിട്ടില്ല.
ആളെണ്ണം തികയണം
റിസർവ് ബാങ്ക് ഗവർണർ അദ്ധ്യക്ഷനായ എം.പി.സിയിൽ അംഗങ്ങളുടെ എണ്ണം ആറാണ്. ശക്തികാന്ത ദാസിന് പുറമേ ഡെപ്യൂട്ടി ഗവർണർ മൈക്കൽ പാത്ര, എക്‌സിക്യൂട്ടീവ് ഡയറക്‌ടർ ഡോ. മൃദുൽ കെ. സഗ്ഗർ എന്നിവരാണ് നിലവിലുള്ള അംഗങ്ങൾ.
മൂന്ന് പുതിയ സ്വതന്ത്ര അംഗങ്ങളെ കേന്ദ്രം ഇന്ന് പ്രഖ്യാപിച്ചേക്കും. കുറഞ്ഞത് നാലുപേർ ഹാജരായാലേ യോഗം ചേരാവൂ. പുതിയ അംഗങ്ങളുടെ പ്രഖ്യാപനം ഉണ്ടായില്ലെങ്കിൽ യോഗം മാറ്റിവയ്ക്കും.
നിലവിലെ നിരക്കുകൾ
റിപ്പോ നിരക്ക് : 4.00%
റിവേഴ്‌സ് റിപ്പോ : 3.35%
എം.എസ്.എഫ് : 4.25%
സി.ആർ.ആർ : 3.00%
എസ്.എൽ.ആർ : 18%
കുറയ്ക്കുമോ 0.15%
പ്രമുഖ റേറ്റിംഗ് ഏജൻസികളും ധനകാര്യ സ്ഥാപനങ്ങളും പ്രവചിക്കുന്നത് റിപ്പോനിരക്ക് ഇക്കുറി നിലനിറുത്തമെന്നാണ്. എന്നാൽ, റിപ്പോ 0.15 ശതമാനം കുറച്ചേക്കാമെന്ന് ബാങ്ക് ഒഫ് അമേരിക്ക സെക്യൂരിറ്റീസ് പറയുന്നു.
മുൻ യോഗത്തിലെ
പ്രഖ്യാപനങ്ങൾ
സ്വർണപ്പണയത്തിന്റെ ലോൺ ടു വാല്യു മൂല്യം കഴിഞ്ഞ യോഗത്തിൽ 90 ശതമാനത്തിലേക്ക് ഉയർത്തി.
ചെറുകിട, ഗ്രാമീണ, ഭവന മേഖലയ്ക്ക് ₹10,000 കോടി
സ്‌റ്റാർട്ടപ്പുകൾ ഉൾപ്പെടെ ഏതാനും മേഖലകളെ കൂടി മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുത്തി.
പണലഭ്യത കൂട്ടാൻ സമാനമായ നടപടികൾ ഇക്കുറിയും റിസർവ് ബാങ്ക് പ്രഖ്യാപിച്ചേക്കും.