benny-behanan-

തിരുവനന്തപുരം: യു ഡി എഫ് കൺവീനർ സ്ഥാനം ഒഴിഞ്ഞെന്ന് ബെന്നി ബെഹനാൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കേന്ദ്രനേതൃത്വത്തെ ഇക്കാര്യം അറിയിച്ചെന്നും ഇന്ന് തന്നെ രാജിക്കത്ത് നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. അടിസ്ഥാന രഹിതമായ മാദ്ധ്യമവാർത്തകളുടെ പുകമറയിൽ തുടരാൻ താത്പര്യമില്ലെന്നും രാജിവയ്ക്കാൻ ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും പറഞ്ഞ അദ്ദേഹം കൺവീനർസ്ഥാനവുമായി ബന്ധപ്പെട്ട മാദ്ധ്യമവാർത്തകൾ തന്നെ വേദനിപ്പിച്ചെന്നും പറഞ്ഞു.

നേരത്തേ പാർലമെന്റ് തിരഞ്ഞെടുപ്പ് സമയത്ത് എം എം ഹസന് യുഡി എഫ് കൺവീനർ സ്ഥാനം നൽകാനായി ബെന്നിയെ തൽസ്ഥാനത്തുനിന്ന് മാറ്റാൻ ധാരണയായിരുന്നു. ഉമ്മൻചാണ്ടിതന്നെയാണ് ഈ നിർദ്ദേശം മുന്നോട്ടുവച്ചത്. എന്നാൽ നിർദ്ദേശം അംഗീകരിക്കാൻ ബെന്നി തയ്യാറായില്ല. അതോടെ കെ പി സി സി ഇക്കാര്യം ഹൈ കമാൻഡിന് വിട്ടു. ഇതിനെത്തുടർന്നാണ് രാജി എന്നാണ് റിപ്പോർട്ട്. ബെന്നി രാജിവച്ചതോടെ എം എം ഹസൻ യു ഡി എഫ് കൺവീനറായേക്കും എന്നാണറിയുന്നത്. ഇക്കാര്യത്തിൽ ഉടൻ തീരുമാനമുണ്ടായേക്കും.

കഴിഞ്ഞദിവസം ഉമ്മൻചാണ്ടിയെ ആദരിക്കുന്ന ചടങ്ങുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് ഉണ്ടായിരുന്ന സമയത്ത് രാജി വിഷയം ചർച്ചയായപ്പോൾ പാർലമെന്റ് സമ്മേളനങ്ങൾക്ക് ശേഷം രാജി വക്കാമെന്ന് ബെന്നി അറിയിച്ചുവെന്നും ഇതനുസരിച്ചായിരുന്നു രാജിപ്രഖ്യാപനം എന്നുമാണ് കെ പി സി സിയുടെ വിശദീകരണം.