budget-cars

കൊച്ചി: സ്വന്തമായൊരു കാർ എന്ന സ്വപ്‌നം മനസിൽ താലോലിക്കുമ്പോൾ ചില സങ്കല്പങ്ങളും നമുക്കുണ്ടാകും. സ്‌റ്റൈലിനും മൈലേജിനും പുറമേ, കാർ നമുക്ക് പ്രയോജനപ്പെടുന്നത് കൂടിയാകണം.

ഒതുക്കം വേണം, പക്ഷേ വിശാലവുമാകണം. സ്‌റ്റൈലായിരിക്കണം. വില അധികം വേണ്ട. ഏറിയാൽ 6-8 ലക്ഷം രൂപ. പെർഫോമൻസിൽ വിട്ടുവീഴ്‌ചയ്ക്കില്ല. മെയിന്റനൻസ് ചെലവും ബാദ്ധ്യതയാകരുത്. പുതുതലമുറ ഫീച്ചറുകളും സുരക്ഷാ സൗകര്യങ്ങളും ഉറപ്പായും വേണം.

ആഹാ! കൈയിലുള്ളത് എട്ടുലക്ഷം! ചോദിക്കുന്നത് 80 ലക്ഷത്തിന്റെ സൗകര്യങ്ങളും! പുച്‌ഛിക്കാൻ വരട്ടെ. സംഗതിയിപ്പോൾ കൊവിഡും ലോക്ക്ഡൗണും മാന്ദ്യവുമൊക്കെ ആണെങ്കിലും വാഹന വിപണി വീണ്ടും ഉഷാറായിക്കൊണ്ടിരിക്കുകയാണ്.

പഴയ മത്സരാവേഷത്തിലേക്ക് കമ്പനികൾ എത്തിക്കഴിഞ്ഞു. പുതു മോഡലുകൾ ഷോറൂമുകളിൽ നിരന്നിരിക്കുന്നു. പുത്തൻ തലമുറക്കാരെ ലക്ഷ്യമിട്ട് എൻട്രി-ലെവൽ കാറുകളിൽ പോലും അത്യാധുനിക ഫീച്ചറുകൾ ഉൾപ്പെടുത്താൻ വാഹന നിർമ്മാതാക്കൾ റെഡിയായിരിക്കുന്നു.

ബഡ്‌ജറ്റ് വിലയ്ക്ക് തന്നെ മേൽപ്പറഞ്ഞ സൗകര്യങ്ങളെല്ലാമുള്ള മോഡലുകൾ ഇപ്പോൾ വിപണിയിൽ ലഭ്യമാണ്. അവയിൽ ചില മോഡലുകളെ പരിചയപ്പെടാം.

 ടാറ്റാ നെക്‌സോൺ

വില 6.99 ലക്ഷം രൂപ. 120 പി.എസ് കരുത്തും 170 എൻ.എം ടോർക്കുമുള്ള 1.2 ലിറ്റർ പെട്രോൾ എൻജിൻ. ലോഞ്ചിംഗിന് മുന്നേ തന്നെ ഉപഭോക്തൃമനം കവർന്ന മോഡലാണ് നെക്‌സോൺ; വിപണിയിൽ കാർ വൻ ഹിറ്റുമായി.

 ഹ്യുണ്ടായ് വെന്യൂ

വില 6.75 ലക്ഷം രൂപ. മൂന്ന് എൻജിൻ ട്രാൻസ്‌മിഷൻ ഓപ്ഷനുകളുണ്ട്. ഒരു ലിറ്റർ ടർബോ-പെട്രോൾ എൻജിൻ മികച്ചതാണ്. 120 പി.എസ് ആണ് കരുത്ത്. ടോർക്ക് 170 എൻ.എം.

 കിയ സോണറ്റ്

വില 6.71 ലക്ഷം രൂപ. ഏറെ കാത്തിരിപ്പിനൊടുവിലാണ് കിയയുടെ ഇന്ത്യയിലെ മൂന്നാമത്തെ മാത്രം മോഡലായി സോണറ്റ് എത്തിയത്. ഒരുപിടി എൻജിൻ ട്രാൻസ്‌മിഷൻ ഓപ്‌ഷനുകളും സോണറ്റിനുണ്ട്. ടർബോ പെട്രോൾ എൻജിൻ 120 പി.എസ് കരുത്തുള്ളതാണ്; ടോർക്ക് 172 എൻ.എം.

 മഹീന്ദ്ര എക്‌സ്.യു.വി 300

മഹീന്ദ്ര എക്‌സ്.യു.വി 500ന്റെ കുഞ്ഞനുജൻ എന്ന് ഈ മോഡലിനെ വിളിക്കാം. 5-സ്‌റ്റാർ സുരക്ഷാ റേറ്റിംഗാണ് പ്രധാന ആയുധം. വില 7.94 ലക്ഷം രൂപ. 1.5 ലിറ്റർ ടർബോ ഡീസൽ എൻജിൻ 116 പി.എസ് കരുത്തുള്ളതാണ്; ടോർക്ക് 300 എൻ.എം.

 ഫോക്‌സ്‌വാഗൻ പോളോ

വില 5.92 ലക്ഷം രൂപ. ഒതുക്കമുള്ള ഡിസൈനും മികച്ച ഫീച്ചറുകളും ഉയർന്ന പെർഫോമൻസും പോളോയുടെ മേന്മകൾ. 110 പി.എസ് കരുത്തുത്പാദിപ്പിക്കുന്ന ഒരു ലിറ്റർ ടി.എസ്.ഐ എൻജിന്റെ ടോർക്ക് 175 എൻ.എം.

 മാരുതി വിറ്റാര ബ്രെസ

മാരുതി എന്ന പേര് തന്നെ ഉപഭോക്തൃ വിശ്വാസത്തിന്റെ പ്രതീകമാണ്. വിറ്റാര ബ്രെസയും മാരുതിയുടെ ഖ്യാതി കൂടുതൽ ഉയർത്തി. വില 7.34 ലക്ഷം രൂപ. ഡീസലിൽ നിന്ന് പെട്രോളിലേക്ക് കൂടുമാറിയ ബ്രെസയ്ക്ക് ബി.എസ്-6 ചട്ടം പാലിക്കുന്ന 1.5 ലിറ്റർ പെട്രോൾ എൻജിനുണ്ട്. കരുത്ത് 108 പി.എസ്; ടോർക്ക് 138 എൻ.എം.

(വിലകൾ അതത് പതിപ്പിന്റെ എക്‌സ്‌ഷോറൂം നിരക്കിൽ)