kummanam

തിരുവനന്തപുരം:കഷ്ടിച്ച് ഒരുവർഷം മുമ്പുമാത്രം ബി ജെ പിയിൽ ചേർന്ന എ പി അബ്ദുളളക്കുട്ടിക്കും ടോംവടക്കനും ഉന്നതസ്ഥാനങ്ങൾ നൽകിയതിൽ പാർട്ടിയിൽ അമർഷം പുകയുന്നതായി റിപ്പോർട്ട്. കുമ്മനം രാജശേഖരൻ,ശോഭാസുരേന്ദ്രൻ തുടങ്ങിയ മുതിർന്ന നേതാക്കളെ അവഗണിച്ചാണ് ഇരുവർക്കും സ്ഥാനം നൽകിയത്. മിസോറാം ഗവർണർ സ്ഥാനം ഒഴിഞ്ഞശേഷം കുമ്മനം ഇപ്പോൾ കേരളരാഷ്ട്രീയത്തിൽ സജീവമാണ്. കുമ്മനത്തിന് സ്ഥാനം ലഭിക്കാത്തതിൽ ആർ എസ് എസിനും പരിഭവമുണ്ടെന്നാണ് റിപ്പോർട്ടുകൾ. കേന്ദ്രമന്ത്രിസഭാ പുനസംഘടനയിലോ കുമ്മനം ഉൾപ്പടെയുളള നേതാക്കൾക്ക് പരിഗണന ലഭിക്കും എന്ന പ്രതീക്ഷയാണ് ഇപ്പോഴുളളത്.

പുതിയ ഭാരവാഹികളുടെ പ്രഖ്യാപനത്തിൽ പാർട്ടിയിൽ അതൃപ്തി ഇല്ലെന്നും സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് തീരുമാനമെന്നുമാണ് സംസ്ഥാന അദ്ധ്യക്ഷൻ പറയുന്നത്. മറ്റുളളവരും ഇതേ അഭിപ്രായമാണ് പങ്കുവയ്ക്കുന്നത്. അബ്ദുളളക്കുട്ടിയുടെ കാര്യത്തിൽ ഗ്രൂപ്പുകൾക്കതീതമായി പാർട്ടിയിൽ ശക്തമായ അമർഷമുണ്ടെങ്കിലും പരസ്യപ്രതികരണത്തിന് ആരും തയ്യാറല്ല.

സംസ്ഥാനനേതാക്കളുടെ കാര്യക്ഷമത ഇല്ലായ്മയാണ് കേരളത്തിൽ പാർട്ടിക്ക് നേട്ടം ഉണ്ടാക്കാനാവാത്തത് എന്നാണ് കേന്ദ്രനേതൃത്വം കണക്കാക്കുന്നതന്നാണ് റിപ്പോർട്ട്. അതിനാലാണ് പുതിയ പരീക്ഷണങ്ങൾക്ക് മുതിരുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടി മാറാൻ തയ്യാറുളളവരെ ലക്ഷ്യം വച്ചാണ് അബ്ദുളളക്കുട്ടിക്ക് ഉന്നത സ്ഥാനം നൽകിയതിലൂടെ കേന്ദ്രനേതൃത്വം ലക്ഷ്യംവയ്ക്കുന്നതെന്നാണ് നിഗമനം. പാർട്ടിമാറിയെത്തിയാൽ അർഹമായ സ്ഥാനം ലഭിക്കുമെന്ന് ഉറപ്പാകുന്നതോടെ മറ്റുപാർട്ടികളിൽ നിന്ന് ഉന്നതർ ഉൾപ്പെടെ കൂടുതൽപ്പേർ ബി ജെ പിയിലെത്താൻ സാദ്ധ്യതയുടെണ്ടെന്നും നേതൃത്വം കണക്കാക്കുന്നു.

ന്യൂനപക്ഷങ്ങളെ പാർട്ടിയാേട് അടുപ്പിക്കാനും അബ്ദുളളക്കുട്ടിയുടെ സ്ഥാനലബ്ദി സഹായിക്കും എന്നും കരുതുന്നുണ്ട്. മുസ്ളീവിരുദ്ധപാർട്ടിയല്ലെന്ന് ദേശീയ തലത്തിൽ തെളിയിക്കാനും അബ്ദുളളക്കുട്ടിയുടെ സ്ഥാനം നൽകിയതിലൂടെ മറികടക്കാം എന്നും പാർട്ടി കരുതുന്നു. എന്നാൽ വിവാദത്തിൽ ഇടപെടാതെ മാറിനിൽക്കുകയാണ് അബ്ദുളളക്കുട്ടി.