india-china

ന്യൂഡൽഹി: ഇന്ത്യന്‍ സൈന്യവും ചൈനീസ് സൈന്യവും മുഖാമുഖം നില്‍ക്കുന്ന യഥാര്‍ത്ഥ നിയന്ത്രണരേഖയോടു ചേര്‍ന്നുള്ള ചുമാര്‍ ഡെംചോക് മേഖലയിലാണ് പുതിയ സൈനികവിന്യാസം നടന്നിട്ടുള്ളത്. ടി 90 ടാങ്കുകള്‍, ടി 72 ഹെവിവെയ്റ്റ് ടാങ്കറുകള്‍, ബി.എം.പി 2 ഇന്‍ഫാന്‍ട്രി കോംപാക്ട് വാഹനങ്ങള്‍ തുടങ്ങിയവയെയാണ് സൈന്യം ഇവിടേയ്ക്ക് എത്തിച്ചത്. മൈനസ് 40 ഡിഗ്രി വരെ തണുപ്പില്‍ പ്രവര്‍ത്തിക്കാന്‍ ശേഷിയുള്ളവയാണ് ഈ ഉപകരണങ്ങള്‍. അതേസമയം, ചൈനീസ് സൈന്യം മറുവശത്ത് ടൈപ്പ് 15 ലൈറ്റ് വെയ്റ്റ് ടാങ്കുകളും വിന്യസിച്ചിട്ടുണ്ട്.


മഞ്ഞുകാലത്ത് സൈന്യം തുടരും

വരുന്ന മഞ്ഞുകാലത്ത് മുഴുവന്‍ സമയവും പ്രശ്‌നബാധിതമായ ലഡാക്ക് മേഖലയില്‍ തുടരാനാണ് ഇന്ത്യന്‍ സൈന്യത്തിന്റെ നീക്കം. 14,500 അടി ഉയരത്തിലുള്ള ഹിമാലയന്‍ പ്രദേശത്ത് കഴിഞ്ഞ അഞ്ച് മാസമായി ഇരുസൈന്യങ്ങളും മുഖാമുഖം തുടരുകയാണ്. മൈനസ് 35 ഡിഗ്രി വരെ ഇവിടെ താപനില താഴാറുണ്ട്. ഉയര്‍ന്ന വേഗതയിലുള്ള കാറ്റും പ്രദേശത്ത് ഭീഷണിയാണ്.


വന്‍ സേനാവിന്യാസം

സായുധ സൈനികര്‍ക്ക് പുറമെ ഹെലികോപ്റ്ററുകളും ട്രാന്‍സ്‌പോര്‍ട്ട് വിമാനങ്ങളും ഇന്ത്യ ലഡാക്ക് മേഖലയില്‍ വിന്യസിച്ചിട്ടുണ്ട്. 'രാത്രിയിലോ പകലോ ചൈനയുടെയോ പാകിസ്ഥാന്റെയോ ഭാഗത്തു നിന്ന് പ്രകോപനമുണ്ടായാല്‍' നേരിടാന്‍ തയ്യാറാണെന്നാണ് വ്യോമസേനയും അറിയിച്ചിരിക്കുന്നത്. ചൈനയ്‌ക്കെതിരെ ലഡാക്ക് പോലുള്ള ദുര്‍ഘട പ്രദേശത്ത് വിന്യസിച്ചിരിക്കുന്ന 'ഫയർ ആന്റ് ഫ്യൂരി കോര്‍പ്‌സ്' ലോകത്തു തന്നെ മറ്റൊരിടത്തുമില്ലെന്നാണ് സൈന്യം വ്യക്തമാക്കുന്നത്. ഉപകരണങ്ങളുടെ പരിപാലനത്തിനായി എല്ലാ സജ്ജീകരണങ്ങളും നടത്തിയിട്ടുണ്ടെന്നും മേജര്‍ ജനറല്‍ അരവിന്ദ് കപൂര്‍ വ്യക്തമാക്കി.


മിനിട്ടുകള്‍ക്കകം സൈന്യം സജ്ജം

ചൈനയുടെ പ്രകോപനമുണ്ടായാല്‍ മിനിട്ടുകള്‍ക്കകം യഥാര്‍ഥ നിയന്ത്രണരേഖയില്‍ എത്താന്‍ സാധിക്കുമെന്നാണ് ഇന്ത്യന്‍ സൈന്യം അവകാശപ്പെടുന്നത്. ഓഗസ്റ്റ് 29, 30 ദിവസങ്ങളില്‍ പാങ്ങോംഗ് തടാകമേഖലയില്‍ പ്രശ്‌നമുണ്ടായപ്പോള്‍ ഇന്ത്യ മുഴുവന്‍ ശക്തിയും പുറത്തെടുത്തെന്നും പ്രദേശത്തെ കാലാവസ്ഥയെ ചെറുക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും സ്വീകരിച്ചിട്ടുണ്ടെന്നും ഫയര്‍ ആന്റ് ഫ്യൂറി കോര്‍പ്‌സ് തലവന്‍ വ്യക്തമാക്കി.