വാഷിംഗ്ടൺ: തിരഞ്ഞെടുപ്പിൽ വിജയിക്കാൻ പുതിയ തന്ത്രവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അടിയുറച്ച കത്തോലിക്കാ വിശ്വാസിയും യാഥാസ്ഥിതികയുമായ അമി കോണി ബാരറ്റിനെ സുപ്രീം കോടതി ജഡ്ജിയായി കഴിഞ്ഞ ദിവസം പെൻസിൽവാനിയയിൽ നടന്ന പ്രചാരണത്തിനിടെ ട്രംപ് നാമനിർദ്ദേശം ചെയ്തു. അമിയുടെ നാമനിർദ്ദേശം അംഗീകരിക്കപ്പെട്ടാൽ കാത്തോലിക്ക വിശ്വാസികളുടെ പിന്തുണ ട്രംപിനു ലഭിച്ചേക്കും. ലാറ്റിനോ വിഭാഗത്തിന്റെ പിന്തുണ ട്രംപ് ഇതിനകം ഉറപ്പാക്കിയിട്ടുണ്ട്. പ്രസിഡന്റിന്റെ നാമനിർദ്ദേശത്തിന് സെനറ്റ് ജുഡിഷ്യറി കമ്മിറ്റിയിൽ ഭൂരിപക്ഷ അംഗങ്ങളുടെ അംഗീകാരം ലഭിച്ചാൽ സെനറ്റിൽ വോട്ടെടുപ്പ് നടക്കും. ഇതിന് ശേഷമാണ് നാമനിർദ്ദേശം അംഗീകരിക്കപെടുക. റിപ്പബ്ലിക്കൻ പാർട്ടിക്ക് സെനറ്റിൽ ഭൂരിപക്ഷമുള്ളതിനാൽ അമി തിരഞ്ഞെടുക്കപ്പെടാനാണ് സാദ്ധ്യത. അമിയുടെ നിയമനം യാഥാർത്ഥ്യമായാൽ ഒമ്പത് ജഡ്ജിമാരിൽ ആറു യാഥാസ്ഥിതികരും മൂന്നു ലിബറലുകളും എന്ന നിലയിൽ സുപ്രീംകോടതിയിൽ യാഥാസ്ഥിതിക വിഭാഗത്തിനാകും ഭൂരിപക്ഷം. ജഡ്ജിമാരുടെ നിയമനം ആജീവനാന്തപദവി ആയതിനാൽ സുപ്രധാന നയങ്ങളിൽ ദീർഘകാലം ഒരു വിഭാഗത്തിനു മേൽക്കൈ ലഭിക്കുന്ന സ്ഥിതിയുണ്ടാകും.യു.എസ് സുപ്രീംകോടതി ജഡ്ജിയായിരുന്ന റൂത്ത് ഗിൻസ്ബെർഗ് അന്തരിച്ചതിനെത്തുടർന്നു ഒഴിവുവന്ന സ്ഥാനത്തേക്കാണ് അമിയെ ട്രംപ് നിർദ്ദേശിച്ചത്. ട്രംപ് സുപ്രീംകോടതിയിലേക്കു നാമനിർദേശം ചെയ്യുന്ന മൂന്നാമത്തെ ജഡ്ജിയാണ് അമി. നിലവിൽ ഷിക്കാഗോ യുണൈറ്റഡ് സ്റ്റേറ്റ്‌സ് കോർട്ട് ഒഫ് അപ്പീൽസ് ഫോർ സെവൻത്ത് കോർട്ട് ജഡ്ജിയാണ് ഇവർ.