ചെന്നൈ: തമിഴ്‌നാട് ആസ്ഥാനമായുള്ള സ്വകാര്യ ബാങ്കായ ലക്ഷ്‌മി വിലാസ് ബാങ്കിൽ (എൽ.വി.ബി) പ്രതിസന്ധിയുടെ ആക്കം കൂട്ടി മാനേജിംഗ് ഡയറക്‌ടർ അടക്കമുള്ളവരുടെ പുനർനിയമനം ഇന്നലെ നടന്ന വാർഷിക പൊതുയോഗത്തിൽ ഓഹരി ഉടമകൾ വോട്ടിനിട്ടു തള്ളി.
മൂലധന പ്രതിസന്ധി നേരിടുന്ന ബാങ്കിന്റെ നിലനിൽപ്പിന്, റിസർവ് ബാങ്കിന്റെ അടിയന്തര ഇടപെടൽ അനിവാര്യമാണെന്ന് വ്യക്തമാക്കുന്നത് പുതിയ സംഭവവികാസങ്ങൾ. ബാങ്കിനോട് നീതിയും ഉത്തരവാദിത്തവും പുലർത്തിയില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു എതിർവോട്ട്.
മാനേജിംഗ് ഡയറക്‌ടറും സി.ഇ.ഒയും എക്‌സിക്യൂട്ടീവ് ഡയറക്‌ടറുമായ എസ്.എസ്. സുന്ദർ, സ്വതന്ത്ര ഡയറക്‌ടർമാരായ എൻ. സായിപ്രസാദ്, ഗോരിങ്ക ജഗൻമോഹൻ റാവു, രഘുരാജ് ഗുജ്ജർ, കെ.ആർ. പ്രദീപ്, ബി.കെ. മഞ്ചുനാഥ്, വൈ.എൻ. ലക്ഷ‌്‌മിനാരായണ എന്നിവർക്കെതിരെയാണ് ഓഹരി ഉടമകൾ വോട്ട് ചെയ്‌തത്.
സ്‌റ്റാറ്റ്യൂട്ടറി ഓഡിറ്റർമാരായ പി. ചന്ദ്രശേഖർ എൽ.എൽ.പിയുടെ പുനർനിയമനവും ഓഹരി ഉടമകൾ നിരസിച്ചു. ശക്തി സിൻഹ, സതീഷ് കുമാർ കൽറ, മീതാ മഖൻ എന്നിവർ ഓഹരി ഉടമകളുടെ അപ്രീതിക്ക് ഇരയാകാതെ പിടിച്ചുനിന്നു.
നിഷ്‌ക്രിയ ആസ്‌തി വർദ്ധനയും കുറഞ്ഞ മൂലധന പര്യാപ്‌തതാ അനുപാതവും മൂലം ഇപ്പോഴേ റിസർവ് ബാങ്കിന്റെ ശിക്ഷാനടപടിയായ പ്രോംപ്‌റ്റ് കറക്‌ടീവ് ആക്‌ഷന്റെ (പി.സി.എ) കീഴിലാണ് എൽ.വി.ബി. ഇക്കഴിഞ്ഞ ജൂൺപാദത്തിൽ 112.28 കോടി രൂപയായിരുന്നു ബാങ്കിന്റെ നഷ്‌ടം. മൊത്തം നിഷ്‌ക്രിയ ആസ്‌തി 25.40 ശതമാനമാണ്.
മൂലധന പ്രതിസന്ധി മറികടക്കാൻ ക്ളിക്‌സ് ഗ്രൂപ്പുമായുള്ള ലയന നടപടികൾ പുരോഗമിക്കവേയാണ് പ്രതിസന്ധി കടുപ്പിച്ച്, നിലവിലെ നേതൃത്വത്തെ ഓഹരി ഉടമകൾ വോട്ടിനിട്ട് പുറത്താക്കിയത്.