amoeba

വാഷിംഗ്ടൺ: ടെക്സാസാസ് നഗരത്തിലെ പൈപ്പുവെള്ളത്തിൽ തലച്ചോർ തീനിയായ അമീബയെ കണ്ടെത്തിയതായി റിപ്പോർട്ട്. ഇതേ തുടർന്ന്,​ ടെക്സാസിൽ പൈപ്പുവെള്ളം ഉപയോഗിക്കുന്നതിന് പ്രാദേശിക ഭരണകൂടം പ്രദേശവാസികൾക്ക് വിലക്കേർപ്പെടുത്തി.

തലച്ചോറിന് ഗുരുതര രോഗബാധയുണ്ടാക്കുന്ന നൈഗ്ളീരിയ ഫൗളേരി വിഭാഗത്തിലുള്ള സൂക്ഷ്മജീവിയെയാണ് പൊതുജല വിതരണ സംവിധാനത്തിൽ കണ്ടെത്തിയത്. പ്രദേശവാസിയായ ആറു വയസുള്ള കുഞ്ഞ് തലച്ചോറിന് അസുഖം ബാധിച്ച് ഈ മാസം ആദ്യം മരണമടഞ്ഞിരുന്നു. ഇതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് അമീബയുടെ സാന്നിദ്ധ്യം കണ്ടെത്തിയത്.

ഈ അമീബ മൂക്കിലൂടെ തലച്ചോറിലേക്ക് എത്തിയാൽ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമെന്നും ഒരാഴ്ചയ്ക്കുള്ളിൽ മരണം വരെ സംഭവിക്കാമെന്നും ആരോഗ്യ രംഗത്തെ വിദഗ്ദ്ധർ പറയുന്നു. 2009-2018 കാലഘട്ടങ്ങളിലായി 34 പേരാണ് ഈ സൂക്ഷ്മാണു കാരണം രോഗബാധിതരായത്.

പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കാത്ത വിധം ജലം ശുദ്ധീകരിക്കുന്ന പ്രക്രിയ നടത്തുകയാണെന്ന് ടെക്സാസ് ജലവിതരണ വകുപ്പ് അറിയിച്ചിരുന്നു. എന്നാൽ, ഇത് എത്ര ദിവസം കൊണ്ട് പൂർത്തിയാകുമെന്ന് പറയാൻ കഴിയില്ല. നിവൃത്തിയില്ലാതെ ആരെങ്കിലും പൈപ്പു വെള്ളം ഉപയോഗിക്കുന്നുണ്ടെങ്കിൽ നന്നായി തിളപ്പിച്ചു മാത്രം ഉപയോഗിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു. 27000 കുടുംബങ്ങളാണ് പൈപ്പു വെള്ളത്തെ ആശ്രയിച്ച് കഴിയുന്നത്.

 ജാഗ്രത വേണം

ശുദ്ധജലത്തിൽ മാത്രം കണ്ടുവരുന്ന അമീബയാണ് നൈഗ്ളീരിയ ഫൗളേരി.

കുളിക്കുമ്പോൾ വെള്ളം മൂക്കിലോ വായിലോ പോകാതിരിക്കാൻ ശ്രദ്ധിക്കണം. കുട്ടികളും പ്രായമായവരും രോഗപ്രതിരോധ ശേഷി കുറവുള്ളവരും പ്രത്യേകം ശ്രദ്ധിക്കണം. പനി, ഛർദ്ദി, തലവേദന തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ വൈദ്യ സഹായം തേടണം.

ഫ്ളോറിഡയിൽ ഈ വർഷം ആദ്യം നൈഗ്ളീരിയ ഫൗളേരി കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. അതിനുപിന്നാലെയാണ് ടെക്സാസിലും സമാനമായ രോഗലക്ഷണങ്ങൾ കണ്ടെത്തിയത്.