അക്കിത്തത്തിന്റെ ' ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം" ഒരു കമ്മ്യൂണിസ്റ്റ് വിരുദ്ധ രചനയാണെന്ന് പലരും വിധിയെഴുതുന്നത് കണ്ടിട്ടുണ്ട്. വൈലോപ്പിള്ളിയുടെ കുടിയൊഴിക്കൽ എന്ന ഖണ്ഡകാവ്യത്തെയും അക്കിത്തത്തിന്റെ ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസത്തെയും ഇടതുപക്ഷ സഹയാത്രികരുടെ സൗഹൃദപൂർണമായ വിമർശനമായി എന്തുകൊണ്ട് കണ്ടുകൂടാ എന്ന ചോദ്യം മാത്രം ഇവിടെ ഉന്നയിക്കുകയാണ്. ജ്ഞാനപീഠ പുരസ്കാരം അക്കിത്തം അച്യുതൻ നമ്പൂതിരിക്കു കൈമാറുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതാണിത്. കൊവിഡിന്റെയും സമരങ്ങളുടെയുമിടയിൽ അധികം ശ്രദ്ധിക്കപ്പെടാതെ പോയ ഈ പരാമർശത്തിന് അരനൂറ്റാണ്ടിനിപ്പുറമുള്ള ഒരു നയവ്യതിയാനത്തിന്റെ, അല്ലെങ്കിൽ തെറ്റുതിരുത്തലിന്റെ സ്വരമുണ്ട്.
പാവപ്പെട്ടവന്റെ മോചനം സായുധസമരത്തിലൂടെയാണെന്ന സന്ദേശം മുന്നോട്ടുവച്ച കൽക്കട്ടാ തീസിസിനെതിരെയുള്ള കവിയുടെ വിമർശനമായിരുന്നു ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസമെന്ന കാവ്യം. 1948 ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കൽക്കട്ടയിൽ നടന്ന പാർട്ടി കോൺഗ്രസിൽ ജനറൽ സെക്രട്ടറി ബി.ടി. രണദിവെ അവതരിപ്പിച്ച ഈ പ്രമേയം കാലാന്തരത്തിൽ പാർട്ടി തന്നെ കൈവിട്ടെങ്കിലും പുരോഗമന സാഹിത്യത്തിന്റെ വക്താക്കളിൽ ആരെങ്കിലും ആ കവിതയ്ക്കെതിരായ നിലപാടിൽ മാറ്റം വരുത്തിയതായി കേട്ടിരുന്നില്ല. അവിടെയാണ് ആ കവിത ഇടതുപക്ഷ സഹയാത്രികന്റെ സൗഹൃദപൂർണമായ വിമർശനമായി എന്തുകൊണ്ട് കണ്ടുകൂടാ എന്ന പിണറായിയുടെ ചോദ്യം പ്രസക്തമാകുന്നത്.
ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസത്തെക്കുറിച്ച് അക്കിത്തവുമായി ഇതെഴുതുന്നയാൾ മുമ്പ് സംസാരിച്ചപ്പോൾ കവി പറഞ്ഞത് ഇങ്ങനെയായിരുന്നു. 'ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം കമ്മ്യൂണിസ്റ്റ് വിരുദ്ധ കൃതി ആണെന്ന രീതിയിൽ ഒരു എതിർപ്പ് അന്ന് വ്യാപകമായി ഉണ്ടായിരുന്നു. എന്നെ സഖാക്കൾ വളഞ്ഞുവച്ച് വിമർശിച്ചിട്ടു പോലുമുണ്ട്. എനിക്കതിലൊന്നും സ്തോഭമുണ്ടായിട്ടില്ല. മാത്രമല്ല ആ രചനയെക്കുറിച്ച് എനിക്ക് അന്നും ഇന്നും മനസ്താപവുമുണ്ടായിട്ടില്ല. കൽക്കത്താ തീസിസിനു ശേഷം വലിയ തോതിൽ ഹിംസാത്മക കലാപത്തെക്കുറിച്ച് കേട്ടിരുന്നെങ്കിലും ഞാൻ അതൊന്നും വിശ്വസിച്ചിരുന്നില്ല. എന്നാൽ രക്തരൂഷിതമായ കലാപങ്ങൾ ഉണ്ടാകുമെന്ന ചില വിവരങ്ങൾ എന്നെ തളർത്തി. ഞാൻ വിശ്വാസമർപ്പിച്ച ഒരു പ്രത്യയശാസ്ത്രത്തിന്റ പേരിൽ ഹിംസകൾ ആസൂത്രണം ചെയ്യുന്നത് എനിക്ക് താങ്ങാനാവുമായിരുന്നില്ല. ആ ധർമ്മസങ്കടങ്ങളുടെ സ്വാഭാവിക പ്രതികരണമായിരുന്നു ആ കവിത." അക്കിത്തം അന്ന് പറഞ്ഞു.
നിരുപാധികമായ സ്നേഹമാണ് അക്കിത്തത്തിന്റെ കവിതകളുടെ അടിക്കല്ലെന്ന് ചൂണ്ടിക്കാട്ടിയ പിണറായി, അക്കിത്തത്തെ തുറന്ന മനസോടെ പഠിക്കാനാണ് നാം ശ്രമിക്കേണ്ടതെന്ന് മാത്രം പറയാനാണ് താൻ ശ്രമിച്ചതെന്നും വ്യക്തമാക്കുകയുണ്ടായി. എന്തായാലും ശുഭസൂചകമാണ് ഈ നിലപാട് മാറ്റം.
മലയാള കവിതയിലെ ആധുനികതയുടെ തുടക്കം അക്കിത്തത്തിന്റെ ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസത്തിലൂടെയായിരുന്നു. 'വെളിച്ചം ദുഃഖമാണുണ്ണി ,തമസല്ലോ സുഖപ്രദം " എന്ന കാലാതിവർത്തിയായ വരികൾ ആ കവിതയിലേതായിരുന്നു. അതേക്കുറിച്ച് കവി ഇങ്ങനെ പറഞ്ഞു. ' അറിവ് കൂടുമ്പോൾ പല കാര്യങ്ങളും തിരിച്ചറിയുന്നു. തിരിച്ചറിവില്ലെങ്കിൽ ദുഃഖമില്ല. വേദനയാണ് ആ തിരിച്ചറിവ്. " ഉറച്ച വേദപാരമ്പര്യമുള്ള കുടുംബത്തിൽ പിറന്ന അക്കിത്തം ആദ്യം കമ്മ്യൂണിസ്റ്റ് സഹയാത്രികനായിരുന്നു.
' വേദത്തിൽ തന്നെയുണ്ട് കമ്മ്യൂണിസ്റ്റ് ആശയങ്ങൾ. ഋഗ്വേദത്തിന്റെ അവസാന ഭാഗത്ത് സംവാദസൂക്തം എന്നൊരു ഭാഗമുണ്ട്. എന്റെ പന്ത്രണ്ടാമത്തെ വയസിലാണ് ഞാനത് പഠിച്ചത്. അതിൽ സമാനം എന്ന സങ്കല്പം പത്തിലധികം തവണ ഉപയോഗിച്ചിരുന്നത് എന്നെ ചിന്തിപ്പിച്ചിരുന്നു. ഇതിനോട് ചേർത്താണ് ഇ.എം.എസിന്റെ സോഷ്യലിസത്തെക്കുറിച്ചുള്ള ലേഖനവും, സി.അച്യുതമേനോന്റെ സോവിയറ്റ് നാട് എന്ന പുസ്തകവും, വെൻഡൽ വിൽക്കിയുടെ ഏകലോകവുമൊക്കെ വായിച്ചത്. പിന്നീടാണ് കാറൽ മാർക്സിനെ വായിച്ചത്. ഭാരതീയമെന്ന് കരുതാവുന്ന ഒരു സമത്വദർശനത്തെ ലോകജീവിതത്തെ സമത്വപൂർണമാക്കാൻ വേണ്ടി ശാസ്ത്രീയമായി രൂപപ്പെടുത്തിയ ആളായി ഞാൻ മാർക്സിനെക്കണ്ടു." - ഒരഭിമുഖത്തിൽ അക്കിത്തം വ്യക്തമാക്കിയിരുന്നു.
കാലാകാലങ്ങളിൽ കമ്മ്യൂണിസ്റ്റ് വിമർശനം ഏറ്റുവാങ്ങേണ്ടി വന്ന ഒരുപാട് എഴുത്തുകാരുണ്ട്. തത്വസംഹിതയും മാനവികതയും രണ്ടായിക്കാണാൻ എഴുത്തുകാർക്ക് കഴിയാറില്ല. അപ്പോൾ എഴുത്തുകാരന്റെ 'കഴുത്തി"നു പിടിക്കുന്നതിനു പകരം എഴുത്തിനെ എഴുത്തിന്റെ വഴിക്കു വിടുകയാണ് വേണ്ടത്. സി.ഐ.എ ചാരനായി വിശേഷിപ്പിക്കപ്പെട്ട എം.ഗോവിന്ദൻ, ആന്റി കമ്മ്യൂണിസ്റ്റെന്ന് മുദ്രകുത്തിയ പി.കേശവദേവ്, മൂരാച്ചിയായി ആരോപിക്കപ്പെട്ട സി.ജെ.തോമസ് എന്നിങ്ങനെ അനവധിപ്പേർ കാലത്തിന്റെ താളുകളിൽ ഇങ്ങനെ മോചനം കാത്തിരിപ്പുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പരാമർശം ഒരു പുനർവിചിന്തനത്തിന്റെ തുടക്കമാകട്ടെ.