വാഷിംഗ്ടൺ: ലോകത്ത് ഭയം വിതച്ച് കൊണ്ട് കൊവിഡ് മഹാമാരി പടരുന്നു. ലോകത്താകെ മരണം പത്ത് ലക്ഷത്തിലേക്ക് അടുക്കുകയാണ്. ഇന്നലെ രാത്രി വരെയുള്ള കണക്കുകൾ പ്രകാരം 9,99,414 പേർ മരിച്ചു. രോഗികളുടെ എണ്ണം 3,30,99,476. ഇതുവരെ 2,44,50,463 പേർ രോഗവിമുക്തരായി.
വാക്സിൻ വികസിപ്പിക്കാനായി ലോകരാജ്യങ്ങൾ ശ്രമിക്കുന്നതിനെടെയാണ് പുതിയ കണക്കുകൾ പുറത്ത് വന്നിരിക്കുന്നത്.
മരണ സംഖ്യ 20 ലക്ഷം കടക്കുമെന്ന് കഴിഞ്ഞ ദിവസം ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിരുന്നു.
അമേരിക്കയാണ് കൊവിഡ് വ്യാപനത്തിലും മരണത്തിലും ലോകത്ത് ഒന്നാമത്. ഇന്ത്യ, ബ്രസീൽ, റഷ്യ എന്നീ രാജ്യങ്ങളിലും കൊവിഡ് ബാധ അതിരൂക്ഷമാണ്. ലോകത്ത് മൊത്തം റിപ്പോർട്ട് ചെയ്ത 55 ശതമാനം പോസിറ്റീവ് കേസുകളും 44 ശതമാനം മരണങ്ങളും റിപ്പോർട്ട് ചെയ്തത് യു.എസ്, ഇന്ത്യ, ബ്രസീൽ രാജ്യങ്ങളിലാണ്. അമേരിക്കയിൽ മാത്രം 7,287,593 രോഗികളുണ്ട്. ഇതുവരെ 209,177 പേർ മരിച്ചു. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നീക്കിയതാണ് അമേരിക്കയിൽ കൊവിഡ് അനിയന്ത്രിതമാകാനുള്ള പ്രധാന കാരണം. കൊവിഡിനൊപ്പം കാട്ടുതീയും അമേരിക്കയെ വലയ്ക്കുന്നുണ്ട്. കൊവിഡ് വ്യാപനം ശക്തമാകുന്നതിനിടയിലും തിരഞ്ഞെടുപ്പ് പ്രചാരണവുമായി മുന്നോട്ട് പോവുകയാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
ലാറ്റിനമേരിക്കൻ രാജ്യമായ ബ്രസീലിലും കൊവിഡ് വ്യാപനം അതിരൂക്ഷമാണ്. വ്യാപനം ആരംഭിച്ചപ്പോൾ മുതൽ പ്രസിഡന്റ് ജെയർ ബൊൾസൊനാരോ സ്വീകരിച്ച അലംഭാവ മനോഭാവം രാജ്യത്തെ കൂടുതൽ പ്രതിസന്ധിയിലെത്തിച്ചു.
ഇന്ത്യയിൽ പ്രതിദിന രോഗികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടെങ്കിലും, രോഗമുക്തരുടെ എണ്ണം അരക്കോടി കവിഞ്ഞത് ആശ്വാസം പകരുന്നുണ്ട്. റഷ്യയിലും പ്രതിദിന രോഗികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടെങ്കിലും മരണനിരക്ക് മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കുറവാണ്.