ദുബായ്: മൂന്നു വർഷം മുൻപ് യു.എ.ഇ പ്രഖ്യാപിച്ച പദ്ധതിയാണ് അടുത്ത നൂറു വർഷത്തിനുള്ളിൽ ചൊവ്വാഗ്രഹത്തിലൊരു കോളനിയെന്നത്. അതിന്റെ ആദ്യ മാതൃക തയാറാക്കിയിരിക്കുകയാണ് ദുബായിലെ മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ. ദുബായ് സിറ്റിക്കു പുറത്തായി ഒരു മണൽപ്പരപ്പിലാണ് ഭാവിയിലുണ്ടാകാവുന്ന അന്യഗ്രഹ വാസലോകത്തിന്റെ മാതൃക തയാറാക്കിയിരിക്കുന്നത്. ആർക്കിടെക്ടുകളുടെ സഹായത്തോടെയാണ് മാർഷ്യൻ സിറ്റി ഒരുങ്ങിയത്. 135 മില്യൺ ഡോളറിൽ 176000 സ്ക്വയർഫീറ്റിലാണ് ഈ മാർഷ്യൻ സിറ്റി പൂർത്തിയാവുക. ബ്ജാർക്ക് ഇൻജെൽസ് ഗ്രൂപ്പിനാണ് സിറ്റിയുടെ മാതൃക നിർമ്മിക്കാനുള്ള ഉത്തരവാദിത്വം.
ചൊവ്വയിലെ നേർത്ത അന്തരീക്ഷപാളിയും ഗുരുത്വാകർഷണമില്ലായ്മയും കൂടി പരിഗണിച്ചാകും വീടുകൾ സൃഷ്ടിക്കപ്പെടുകയെന്നാണ് പുറത്തുവരുന്ന വിവരം. അതിനായി ട്രാൻസ്പരന്റായ പോളിത്തൈലീൻ മെമ്പ്രൈനാകും ബയോഡോം വീടുകൾ നിർമ്മിക്കാനായി ഉപയോഗിക്കുക. പ്രകൃതിക്ക് ഇണങ്ങുന്ന രീതിയിൽ കുമിളയുടെ മാതൃകയിൽ ഒരുക്കുന്ന വീടുകളാണ് ബയോഡോം എന്നറിയപ്പെടുന്നത്.
മാർസ് സയൻസ് സിറ്റിയെന്നത് ദുബായ് മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്ററിന്റെ പല സ്വപ്ന പദ്ധതികളിൽ ഒന്നാണ്.