east-bangal

കൊൽക്കത്ത: ചിരവൈരികളായ മോഹൻ ബഗാനു പിന്നാലെ ഈസ്റ്ര് ബംഗാളും ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഭാഗമായി. ഇതുമായി ബന്ധപ്പെട്ട് കുറച്ചു നാളായി നിന്ന അഭ്യൂഹങ്ങൾ അവസാനിപ്പിച്ച് ഐ.എസ്.എൽ സംഘാടകരായ ഫുട്ബാൾ സ്‌പോർട്സ് ഡെവലപ്മെന്റ് ലിമിറ്രഡ് സ്ഥാപക ചെയർ പേഴ്സൺ നിത അംബാനിയാണ് ഈസ്റ്റ് ബംഗാൾ വരുന്ന നവംബറിൽ ആരംഭിക്കുന്ന ഏഴാം സീസൺ മുതൽ ഐ.എസ്.എല്ലിന്റെ ഭാഗമാകുമെന്ന് ഔദ്യോഗികമായി അറിയിച്ചത്. ഐ.പി.എല്ലിൽ എത്തുന്ന പതിനൊന്നാമത്തെ ടീമാണ് ഈസ്റ്ര് ബംഗാൾ. ശ്രീ സിമന്റ്സ് ഈ വർഷമാദ്യം ക്ലബിനെ ഏറ്രെടുത്തിരുന്നു. മലയാളി താരങ്ങളായ സി.കെ വിനീതും റിനോ ആന്റോയും ഈസ്റ്റ് ബംഗാളുമായി കരാറിലായെന്ന് റിപ്പോർട്ടുകളുണ്ട്.

മോഹൻ ബഗാൻ നേരത്തേ എടികെ കൊൽക്കത്തയുമായി ലയിച്ചിരുന്നു.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണ കാണികളെ പ്രവേശിപ്പിക്കാതെ ഗോവയിലെ മൂന്ന് സ്റ്റേഡിയങ്ങളിലായാണ് മത്സരം നടത്തുന്നത്. ലോകത്തെ തന്നെ ഏറ്രവും പ്രശസ്തമായ ഡർബിയാണ് ഈസ്റ്ര് ബംഗാളും മോഹൻ ബഗാനും തമ്മിൽ മുഖാമുഖം വരുന്ന കൊൽക്കത്ത ഡെർബി. ആ ചരിത്ര പോരാട്ടം ഐ.എസ്.എല്ലിൽ കാണാൻ കാത്തിരിക്കുകയാണ് ആരാധകർ.

എ.ടി.കെ മോഹൻ ബഗാൻ, മുംബയ് സിറ്റി എഫ്‍.സി, ഒഡീഷ എഫ്‍.സി, നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, ഹൈദരാബാദ് എഫ്‍.സി, ബംഗളൂരു എഫ്‍.സി, ചെന്നൈയിൻ എഫ്‍.സി, എഫ്‍.സി ഗോവ, കേരളാ ബ്ലാസ്റ്റേഴ്സ്, ജംഷഡ്പുർ എഫ്‍.സി എന്നിവയാണ് ഐഎസ്എലിലെ മറ്റു ക്ലബുകൾ.

ഈസ്റ്ര് ബംഗാൾ ഫുട്ബാൾ ക്ലബിനെയും അവരുടെ ലക്ഷക്കണക്കിന് ആരാധകരേയും ഐ.എസ്.എല്ലിലേക്ക് സ്വാഗതം ചെയ്യുന്നു. ഇത് സന്തോഷവും അഭിമാനവും നിറഞ്ഞ നിമിഷമാണ്. ഇന്ത്യയിലെ പരമ്പരാഗത ക്ലബുകളായ മോഹൻ ബഗാനും ഈസ്റ്റ് ബംഗാളും ഐ.എസ്.എല്ലിന്റെ ഭാഗമായത് രാജ്യത്തെ ഫുട്ബാളിവന്റെ വളർച്ചയ്ക്ക് ഏറെ ഗുണം ചെയ്യും.

നിത അംബാനി