ന്യൂഡൽഹി: ഇന്ത്യൻ പാർലമെന്റ് പാസാക്കിയ മൂന്ന് കാർഷിക ബില്ലുകൾക്കും അംഗീകാരം നൽകി രാഷ്ട്രപതി രാംനാഥ് കോവിന്ദ്. കാർഷിക ബില്ലുകൾക്ക് കർഷകരുടെ താത്പര്യങ്ങൾക്ക് വിരുദ്ധമാണെന്നും അവ കോർപ്പറേറ്റുകൾക്ക് സഹായകമായ രീതിയിലാണ് തയ്യാറാക്കപ്പെട്ടിരിക്കുന്നതെന്നും പ്രതിപക്ഷ പാർട്ടികൾ ആരോപണം ഉയർത്തുന്നതിനിടെയാണ് ഞായറാഴ്ച ബില്ലുകൾ രാഷ്ട്രപതി അംഗീകരിച്ചിരിക്കുന്നത്.
ബില്ലുകൾ നിയമമായത് കേന്ദ്ര സർക്കാർ നോട്ടിഫൈ ചെയ്തിട്ടുണ്ട്. ബില്ലുകൾ ഭരണഘടനയ്ക്ക് വിരുദ്ധമാണെന്നും പാർലമെന്ററി നിയമങ്ങൾ അവഗണിച്ചുകൊണ്ടാണ് അവ പാസാക്കിയതെന്നും പറഞ്ഞുകൊണ്ട് അവയിൽ ഒപ്പ് വയ്ക്കരുതെന്ന് പ്രതിപക്ഷ പാർട്ടികൾ രാഷ്ട്രപതിയോട് അഭ്യർത്ഥിച്ചിരുന്നു. ബില്ലുകളിൽ വീണ്ടും ചർച്ച വേണമെന്നും അതിനായി തിരിച്ചയയ്ക്കണമെന്നും രാഷ്ട്രപതിക്ക് നൽകിയ കത്തിൽ പ്രതിപക്ഷം ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ജൂണിൽ പാസാക്കിയ ഓർഡിനൻസിനു പകരമായി പുതിയ നിയമം പ്രാബല്യത്തിൽ വരും. പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ ഉൾപ്പെടെ ഇന്ത്യയിൽ കാർഷിക ബില്ലിനെതിരെ വൻ പ്രക്ഷോഭമാണ് നടക്കുന്നത്. കാർഷിക ബില്ലുകളിൽ തങ്ങൾക്കുള്ള പ്രതിഷേധം അറിയിച്ചുകൊണ്ട് എൻ.ഡി.എ സഖ്യകക്ഷിയായ ശിരോമണി അകാലി ദൾ സഖ്യത്തിൽ നിന്നും പുറത്തുവന്നിരുന്നു.