covid-kozhikode

കോഴിക്കോട് : കൊവിഡ് വ്യാപനത്തിൽ തലസ്ഥാനത്തെ മറികടന്ന് കോഴിക്കോട് ജില്ല. ജില്ലയില്‍ ഇന്ന് 956 പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. വിദേശത്ത് നിന്ന് എത്തിയ 5 പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 43 പേര്‍ക്കുമാണ് പോസിറ്റീവായത്. 29 പേരുടെ ഉറവിടം വ്യക്തമല്ല.

കൊവിഡ് ബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ കോഴിക്കോട് കോര്‍പറേഷന്‍ പരിധിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കലക്ടറുടെ ഉത്തരവ്. പൊതു പരിപാടികള്‍ക്ക് 5 പേരെ മാത്രമെ പങ്കെടുപ്പിക്കാന്‍ സാധിക്കൂ. മരണാനന്തര ചടങ്ങുകളില്‍ 20 പേര്‍ക്കും വിവാഹത്തില്‍ 50 പേര്‍ക്കും പങ്കെടുക്കാം. നീന്തല്‍കുളങ്ങള്‍, കളിസ്ഥലങ്ങള്‍, ഓഡിറ്റോറിയങ്ങള്‍ എന്നിവ അടച്ചിടാനും ഉത്തരവ്.

സമ്പര്‍ക്കം വഴി 879 പേര്‍ക്കാണ് രോഗം ബാധിച്ചത്.ഇതോടെ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 5770 ആയി. 7 ആരോഗ്യ പ്രവര്‍ത്തകരും രോഗബാധിതരായി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 403 പേര്‍ കൂടി രോഗമുക്തിനേടി.

കോഴിക്കോട് കോര്‍പ്പറേഷനിലാണ് സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തത്. 277 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ജില്ലയില്‍ 23586 പേര്‍ നിരീക്ഷണത്തില്‍ ഉണ്ട്. ഇതുവരെ 103264 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. ഇന്ന് പുതുതായി വന്ന 360 പേര്‍ ഉള്‍പ്പെടെ 3248 പേര്‍ ആണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്.

ഇന്ന് 7437 സ്രവസാംപിള്‍ പരിശോധനയ്ക്ക് എടുത്ത് അയച്ചിട്ടുണ്ട്. ആകെ 3,40,176 സ്രവസാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 3,37,775 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിച്ചു. ഇതില്‍ 3,22,604 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 2401 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാന്‍ ബാക്കി ഉണ്ട്.