hyperloop

ബംഗളൂരൂ: ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ബംഗളൂരു നഗരത്തിലേക്കുള്ള നിർദ്ദിഷ്ട ഹൈപ്പർലൂപ്പിന്റെ സാദ്ധ്യതാ പഠനത്തിനായി വിർജിൻ ഹൈപ്പർലൂപ്പും ബാംഗ്ലൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമി​റ്റഡും ഞായറാഴ്ച ധാരണാപത്രത്തിൽ ഒപ്പുവച്ചു.

വിമാനത്താവളത്തിനും സി​റ്റി സെന്ററിനുമിടയിലുള്ള യാത്രാ സമയം 10 മിനി​ട്ടായി കുറയ്ക്കാൻ കഴിയും. സാങ്കേതിക, സാമ്പത്തിക, റൂട്ട് സാദ്ധ്യതകളെ കേന്ദ്രീകരിക്കുന്ന സാദ്ധ്യതാ പഠനം ആറുമാസം വീതമുള്ള രണ്ട് ഘട്ടങ്ങളായി പൂർത്തിയാക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും വിർജിൻ ഹൈപ്പർലൂപ്പ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

1,080 കിലോമീ​റ്റർ വേഗതയിൽ, 10 മിനിട്ടിനുള്ളിൽ ബംഗളൂരു വിമാനത്താവളത്തിൽ നിന്ന് നഗര കേന്ദ്രത്തിലേക്ക് മണിക്കൂറിൽ ആയിരക്കണക്കിന് യാത്രക്കാരെ ഹൈപ്പർലൂപ്പിന് എത്തിക്കാൻ കഴിയുമെന്ന് പ്രാഥമിക വിശകലനത്തിൽ പറയുന്നു. വിർജിൻ ഹൈപ്പർലൂപ്പിന്റെയും ഡി.പി വേൾഡിന്റെയും ചെയർമാൻ സുൽത്താൻ ബിൻ സുലൈമും കർണാടക ചീഫ് സെക്രട്ടറിയും ബിയാൽ ഡയറക്ടർ ബോർഡ് ചെയർമാനുമായ വിജയ് ഭാസ്‌കറും ടി.എം. ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് ഡിപ്പാർട്ട്‌മെന്റ് പ്രിൻസിപ്പൽ സെക്രട്ടറി കപിൽ മോഹന്റെ സാന്നിദ്ധ്യത്തിൽ ധാരണാപത്രം കൈമാറി.

ജനങ്ങളുടെ കാര്യക്ഷമമായ മുന്നേ​റ്റം സാദ്ധ്യമാക്കുന്നതിനും ആവശ്യമായ അടിസ്ഥാന കാര്യങ്ങൾ നിർമ്മിക്കുന്നതിനുമുള്ള മ​റ്റൊരു പ്രധാന പടിയാണ് ബംഗളൂരു വിമാനത്താവളത്തിൽ നിന്ന് ഹൈപ്പർലൂപ്പ് കണക്ടിവി​റ്റിക്കായുള്ള സാദ്ധ്യതാ പഠനനമെന്ന് ടി എം. വിജയ് ഭാസ്‌കർ പറഞ്ഞു.