മാഡ്രിഡ്: സ്‌പാനിഷ് ലാലിഗയിൽ നിലവിലെ ചാമ്പ്യൻമാരായ റയൽ മാഡ്രിഡിന് വിജയത്തുടക്കം. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ റയൽ മാഡ്രിഡ് എൺപത്തിരണ്ടാം മിനിട്ടിൽ നായകൻ സെർജിയോ റാമോസ് നേടിയ പെനാൽറ്റി ഗോളിലൂടെയാണ് 3-2ന്റെ വിജയമുറപ്പിച്ചത്. 67-ാം മിട്ടിൽ എമേഴ്സൺ ചുവപ്പ് കാർഡ് കണ്ട് പുറത്തായതിനെത്തുടർന്ന് പത്ത് പേരുമായി കളിക്കേണ്ടിവന്നതും ബെറ്റിസിന് തിരിച്ചടിയായി. 14-ാം മിനിട്ടിൽ ഫെഡറിക്കോ വാൽവെർദയിലൂടെ റയൽ ലീഡെടുത്തു. എന്നാൽ 35-ാം മിനിട്ടിൽ എയ്‌സാ മാൻഡിയും രണ്ട് മിനിട്ടിന് ശേഷം വില്യം കാർവാലോയും നേടിയ ഗോളുകളിലൂടെ ബെറ്റിസ് തിരിച്ചടിച്ചു. എന്നാൽ രണ്ടാം പകുതിയിൽ റയൽ തിരിച്ചടിക്കുകയായിരുന്നു. വാറിന്റെ ഇടപെടലും മത്സരം റയലിന് അനുകൂലമാക്കി. 47-ാം മിനിട്ടിൽ ബെറ്റിസിന്റെ എമേഴ്സണിന്റെ വകയായി കിട്ടിയസെൽഫ് ഗോളും അറുപത്തേഴാം മിനിറ്റിൽ ലൂക്കാ ജോവിക്കിനെ ഫൗൾ ചെയ്തതിന് എമേഴ്സൺ ചുവപ്പ് കാർഡ് കണ്ടതും വാറിന്റെ ഇടപെടലിലൂടെയായിരുന്നു. 82-ാം മിനിറ്റിൽ റയലിന് അനുകൂലമായി റഫറി പെനാൽറ്റി വിധിച്ചതും വീഡിയോ അസിസ്റ്റന്റ് റഫറിയുടെ സഹായം തേടിയ ശേഷം ആയിരുന്നു. ഈ പെനാൽറ്റിയാണ് റാമോസ് റയലിന്റെ വിജയ ഗോളാക്കിയത്.
ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ കരുത്തരായ ചെൽസി വെസ്റ്റ് ബ്രോമിനെതിരെ സമനിലയുമായി രക്ഷപ്പെടുകയായിരുന്നു. ആദ്യ പകുതിയിൽ മൂന്ന് ഗോളിന് പിന്നിൽ നിന്ന ശേഷമായിരുന്നു രണ്ടാം പകുതിയിൽ മൂന്ന് ഗോളടിച്ച് ചെൽസി സമനില നേടിയത്. കല്ലും റോബിൻസണിന്റെ ഇരട്ടഗോളുകളും കെയ്ൽ ബാർട്ട്ലിയുടെ ഗോളുമാണ് ആദ്യ പകുതിയിൽ വെസ്റ്റ് ബ്രോമിനെ മുന്നിൽ എത്തിച്ചത്. എന്നാൽ മേസൺ മൗണ്ടും ഒഡോയിയും ഇഞ്ച്വറി ടൈമിൽ താമി അബ്രഹാമും നേടിയ ഗോളുകളിലൂടെ ചെൽസി സമനില പിടിച്ചു വാങ്ങുകയായിരുന്നു.