ഇന്ത്യാ ചൈന അതിർത്തി പ്രദേശങ്ങളിൽ നിന്ന് സംഘർഷത്തിന്റെ വാർത്തകൾ പുറത്തുവരുന്നു. സ്ഥിതിഗതികൾ സ്ഫോടനാത്മകമാം വിധം വർദ്ധിക്കുന്നു. 1959ലും 1962ലും സമാന സാഹചര്യങ്ങളുണ്ടായി. ഇന്ത്യയുടെ വിദേശനയത്തിന്റെ ഫലമായി അതെല്ലാം പരിഹരിക്കപ്പെട്ടു. എന്നാൽ ഇപ്പോൾ സ്ഥിതി രൂക്ഷമായി. ഇന്ത്യയുടെ അതിർത്തികളിൽ ചൈനീസ് സേന കേന്ദ്രീകരിക്കുന്നു. പാകിസ്ഥാനും ഇന്ത്യയും തമ്മിലുള്ള അതിർത്തിയിലെ ഏറ്റുമുട്ടലുകൾ അവസാനിക്കുന്നില്ല. ഇന്ത്യയുടെ ചില പ്രദേശങ്ങൾ കൂടി ഉൾപ്പെടുത്തി പുതിയ ഭൂപടം പ്രസിദ്ധീകരിച്ച് നേപ്പാളും എത്തിക്കഴിഞ്ഞു. സാർവദേശീയ രംഗത്ത് അമേരിക്കൻ പ്രസിഡന്റ് അറബ് രാജ്യങ്ങളുമായും പ്രത്യേകിച്ച് ബഹ്റൈൻ, ഇസ്രയേൽ, അമേരിക്കൻ ഐക്യനിര ഉയർത്തുന്നു. പാലസ്തീൻ ജനതയെ കൂടുതൽ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നതാണ് ട്രംപിന്റെ പുതിയ തന്ത്രം.
ഇന്ത്യാ - ചൈന തർക്കത്തിൽ ഇടപെടാൻ അമേരിക്കൻ പ്രസിഡന്റ് ആവർത്തിച്ച് സന്നദ്ധത പ്രകടിപ്പിക്കുന്നു. ലോക സമാധാനത്തിലും, രാജ്യങ്ങളുടെ പരമാധികാരം നിലനിറുത്തുന്നതിലും, ഇതരരാജ്യങ്ങളുടെ ആഭ്യന്തര പ്രശ്നങ്ങളിൽ ഇടപെടാൻ പാടില്ലെന്നുമുള്ള ഇന്ത്യയുടെ ചേരിചേരായ്മയിൽ അധിഷ്ഠിതമായ വിദേശനയം ദുർബലപ്പെടുന്ന ആപത്കരമായ സാഹചര്യം ഉയർന്നുവരുന്നു. ഇത്തരുണത്തിൽ സ്വാതന്ത്ര്യാനന്തരം ഇന്ത്യ പിന്തുടർന്ന വിദേശനയ രൂപീകരണത്തിന്റെ പശ്ചാത്തലം പരിശോധിക്കേണ്ടതുണ്ട്. ഒരു രാജ്യത്തിന്റെ വിദേശനയം രൂപം കൊള്ളുന്നത് ആ രാജ്യത്തിന്റെ ദേശീയ പാരമ്പര്യത്തിന്റെയും സ്വാതന്ത്ര്യ സമരത്തിന്റെയും അനുഭവങ്ങളിലൂടെയാണ്. നമ്മുടെ രാജ്യവും ജനങ്ങളും വിദേശ സാമ്രാജ്യ ശക്തികളുടെ കടുത്ത ചൂഷണത്തിന് വിധേയമായി. ഒടുവിൽ ഇന്ത്യൻ ജനത ഒരു സിംഹത്തെപ്പോലെ സടകുടഞ്ഞ് എണീറ്റതിന്റെ ചരിത്രമാണ് ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രം. ഗാന്ധിജി നേതൃത്വം നൽകിയ ദണ്ഡിയാത്രയും, നിസഹരണ പ്രസ്ഥാനവും തുടങ്ങി നിരവധി മേഖലകളിലുയർന്നു വന്ന ജനരോഷാഗ്നിയിലാണ് ഇവിടെ സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് ഭരണകൂടം തകർന്നു വീണത്. അഹിംസാ സിദ്ധാന്തം മാത്രമല്ല സായുധ കലാപങ്ങളും ബ്രിട്ടീഷ് ഭരണകൂടത്തെ അമ്പരപ്പിച്ചിരുന്നു. ഇവിടെ വിഷയം ഇന്ത്യയുടെ വിദേശ നയരൂപീകരണത്തിന്റെ ഉദ്ദേശലക്ഷ്യങ്ങളാണ്. സ്വാതന്ത്ര്യത്തിന് മുമ്പ് തന്നെ ഇന്ത്യൻ ജനതയെയും നേതാക്കന്മാരെയും 1917ലെ ഒക്ടോബർ വിപ്ലവം സ്വാധീനിച്ചിരുന്നുവെന്നത് വസ്തുതയാണ്.
ലോകത്തിന്റെ മുന്നിൽ ഒരു പുതിയ സാമൂഹ്യ വ്യവസ്ഥിതി ഉദയം ചെയ്തു. എല്ലാ രാജ്യങ്ങൾക്കും ആവേശം പകർന്നു കൊണ്ട് ഒരു പുതിയ ഭരണകൂടം സഖാവ് ലെനിന്റെ നേതൃത്വത്തിൽ സ്ഥാപിതമായി. വിപ്ലവാനന്തരം അധികാരമേറ്റ മഹാനായ ലെനിൻ പുറപ്പെടുവിച്ച ആദ്യത്തെ പ്രഖ്യാപനം സമാധാന പ്രഖ്യാപനമായിരുന്നു (പീസ് ഡിക്രി) സ്വതന്ത്ര്യാനന്തരം അധികാരമേറ്റ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്രു നേതൃത്വം നൽകിയ ഇന്ത്യൻ ഭരണകൂടത്തിന്റെ വിദേശനയത്തിന്റെ അടിത്തറയും സമാധാനമായിരുന്നു. സ്വാതന്ത്ര്യം, ചേരിചേരായ്മ കോളനി വിരുദ്ധത, സാമ്രാജ്യത്വ വിരുദ്ധത, പരമാധികാരം എന്നിവയായിരുന്നു സ്വതന്ത്ര ഭാരതത്തിന്റെ വിദേശനയം ഉയർത്തിപ്പിടിച്ച മൂല്യങ്ങൾ. രണ്ടാം ലോകമഹായുദ്ധാനന്തരം ഒരു പുതിയ ലോകമാണ് ഉയർന്നു വന്നത്. യുദ്ധാനന്തരം ലോകമാകെ രണ്ട് ചേരിയിലേക്ക് നീങ്ങുന്ന പ്രതീതി സൃഷ്ടിച്ചു. സോവിയറ്റ് ചേരിയും അമേരിക്കൻ ചേരിയുമെന്നറിയപ്പെട്ടു. സ്വാതന്ത്ര്യത്തിന് മുൻപു തന്നെ നമ്മുടെ രാഷ്ട്രത്തിന്റെ അടിത്തറ വികസിപ്പിക്കാൻ തനതായ ഒരു പാത സ്വീകരിക്കണമെന്ന നിലപാട് പണ്ഡിറ്റ് നെഹ്റു സ്വീകരിച്ചിരുന്നു. ഈ നയമായിരുന്നു, സ്വാതന്ത്ര്യാനന്തര ഭാരതം പിന്തുടർന്ന വിദേശനയം. അതിവിശാലമായ ഒരു സാർവദേശീയ കാഴ്ചപ്പാട് ഇന്ത്യയുടെ വിദേശനയത്തിന്റെ പ്രത്യേകതകളിലൊന്നായി ശ്രദ്ധിക്കപ്പെട്ടു. എന്റെ രാജ്യസേവനം മാനവരാശിയുടെ ക്ഷേമമാണെന്ന ഗാന്ധിയുടെ വീക്ഷണവും ഇന്ത്യയുടെ വിദേശ നയത്തെ സ്വാധീനിച്ചിരുന്നു.
1940കളിലാണ് ചേരി ചേരാ പ്രസ്ഥാനം സജീവമാകാൻ തുടങ്ങിയത്. ചേരിചേരാ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ ഇന്ത്യ മുൻകൈ എടുത്തു. 1960ൽ നടന്ന ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലിയിൽ ചേരിചേരാ നയത്തിന് ഭാവനാ പൂർണമായ രൂപം നൽകി. 1980 കളിലെത്തുന്നതോടെ ലോക സംഭവഗതികൾ സ്ഫോടനാത്മകമായ സ്ഥിതിഗതികളിലേക്ക് നീങ്ങി. സോവിയറ്റ് റഷ്യ അടക്കമുള്ള കിഴക്കൻ യൂറോപ്പിലെ സോഷ്യലിസ്റ്റ് ഭരണകൂടങ്ങൾ തകർന്നു. സോവിയറ്റ് റഷ്യയുടെ പതനം അമേരിക്ക അടക്കമുള്ള മുതലാളിത്ത രാജ്യങ്ങൾക്ക് ലോകത്തിന്റെ ഗതി തന്നെ നിയന്ത്രിക്കാൻ കഴിയുമെന്ന അവസ്ഥ സംജാതമാക്കി. ഏകധ്രുവ ലോകമെന്ന പുതിയ ചിന്ത വ്യാപകമായി. നവലിബറലിസം ശക്തി പ്രാപിക്കാൻ തുടങ്ങി.
ചേരിചേരാ പ്രസ്ഥാനത്തിന്റെ നായകനായി രംഗത്തുവന്ന ഇന്ത്യയ്ക്ക് ഈ സന്ദർഭത്തിൽ നവലിബറലിസത്തിന്റെ സംഘർഷം നിറഞ്ഞ ഏഷ്യൻ - ആഫ്രിക്കൻ രാജ്യങ്ങളുടെ പരമാധികാരത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും വക്താവായി ചേരിചേരാ പ്രസ്ഥാനത്തിന്റെ ശബ്ദം ഉയർത്താൻ കഴിഞ്ഞില്ല. ഇന്ത്യയുടെ വിദേശ നയം ക്രമേണ നവലിബറലിസത്തിന്റെയും സാമ്രാജിത്വത്തിന്റെയും വഴികളിലൂടെയുള്ള യാത്രയ്ക്കൊരുങ്ങുകയായിരുന്നു. ഇന്ത്യയും ചൈനയും ലോകത്തെ അതിശക്തമായ രണ്ട് രാജ്യങ്ങളാണ്. ജനസംഖ്യയിലും ഭൂപ്രകൃതിയിലും സാംസ്കാരിക പാരമ്പര്യത്തിലും ഇന്ത്യയും ചൈനയും കൈകോർത്താൽ ലോകത്ത് ഒരു ശക്തിക്കും ഈ ഐക്യത്തെ നേരിടാനാവില്ല. അപ്രകാരം സംഭവിക്കാതിരിക്കാൻ ലോക മുതലാളിത്ത രാജ്യങ്ങൾ, അമേരിക്കയുടെ നേതൃത്വത്തിൽ നിരന്തരം സ്വീകരിച്ചു വരുന്ന ഒരു വലിയ തന്ത്രത്തിന്റെ കൂടെ ഫലമാണ് ഇന്ത്യയും ചൈനയും തമ്മിലുള്ള തർക്കം.
പഞ്ചശീലതത്വങ്ങളിലൂടെ, ഇന്ത്യയും ചൈനയും തമ്മിലുള്ള തർക്കങ്ങൾ അവസാനിപ്പിക്കാനാഗ്രഹിച്ച പ്രധാനമന്ത്രിയുടെ കാലത്തു തന്നെ ചൈനയുമായി സൈനികമായ ഏറ്റുമുട്ടലിന് തുടക്കമിട്ടു. 1962 ലാരംഭിച്ച ഇന്ത്യാ ചൈന തർക്കങ്ങൾക്ക് പരിഹാരം കാണാൻ ഇനിയും കഴിഞ്ഞിട്ടില്ല. അതിർത്തിയിൽ ഇന്ത്യൻ സൈന്യവും ചൈനീസ് സൈന്യവും മുഖാമുഖം നിൽക്കുന്നു. പലപ്പോഴും സൈനിക ഏറ്റുമുട്ടലുകളും മരണങ്ങളും ആവർത്തിക്കുന്നു. രണ്ട് രാജ്യങ്ങളും വൻതോതിൽ സൈനിക കേന്ദ്രീകരണം നടത്തുന്നു. ഏതാനം മാസങ്ങൾക്ക് മുമ്പ് നടന്ന ഏറ്റുമുട്ടലിൽ ചൈന അതിർത്തി ലംഘിച്ച് ഇന്ത്യയുടെ സ്ഥലം കൈയേറി എന്ന വാർത്തയും, അതല്ല ഇന്ത്യയുടെ ഒരുതരി മണ്ണ് പോലും നഷ്ടപ്പെട്ടില്ലെന്നും നരേന്ദ്രമോദിയുംപ്രഖ്യാപിക്കുന്നു. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് നടത്തിയ പ്രസ്താവന ചൈന വൻതോതിൽ ഇന്ത്യൻ അതിർത്തി കടന്ന് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നുവെന്നാണ്. യഥാർത്ഥത്തിൽ ഇന്ത്യയുടെ അതിർത്തി പ്രദേശങ്ങളിൽ നടക്കുന്ന സംഭവങ്ങളുടെ നിജസ്ഥിതി ജനങ്ങൾക്ക് അറിയാൻ കഴിയുന്നില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പ്രശ്നം രമ്യമായി ചർച്ചകളിലൂടെ പരിഹരിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും ബി.ജെ.പി. മന്ത്രിസഭയിൽ സംഘപരിവാറിന്റെ സ്വാധീനം മോദിയെ വേട്ടയാടുന്നു. ഇന്ത്യയും അയൽ രാജ്യങ്ങളും തമ്മിലുള്ള ബന്ധം ദുർബലപ്പെടുന്ന കാഴ്ചയാണ് ഈ അടുത്ത കാലത്തായി കാണുന്നത്.
ഇന്ത്യയുടെ സംസ്കാരവും പാരമ്പര്യവും അവകാശപ്പെടുന്ന രാജ്യമെന്നു പേരുകേട്ട നേപ്പാൾ ഇപ്പോൾ ഇന്ത്യയുടെ കൈവശമുള്ള സ്ഥലങ്ങൾ കൂടി ഉൾപ്പെടുത്തി പുതിയ ഭൂപടം പ്രസിദ്ധീകരിച്ചിരിക്കുന്നു. നേപ്പാൾ, ഭൂട്ടാൻ, പാകിസ്ഥാൻ തുടങ്ങി അതിവിശാലമായ അതിർത്തികളിലായി വ്യാപിച്ചു കിടക്കുന്ന ചൈനയുമായി നടന്നു വരുന്ന ഏറ്റുമുട്ടലുകൾ കരുതലോടെ കൈകാര്യം ചെയ്യാൻ ഇന്ത്യയ്ക്ക് കഴിയണം. രാജ്യം മഹാമാരിയുടെ പിടിയലമർന്നു ജനജീവിതം താറുമാറാകുന്ന ദുഃസഹമായ സാഹചര്യം നേരിടുമ്പോൾ കരുതലോടെ മുന്നോട്ടുപോകാൻ കഴിയണം.
സ്വാതന്ത്ര്യാനന്തരം ഇന്ത്യ കൈവരിച്ച സാർവദേശീയ അംഗീകാരത്തിന്റെ അടിസ്ഥാനം ഇന്ത്യയുടെ വിദേശനയത്തിന്റെ വിജയമായിരുന്നു. മഹാത്മാഗാന്ധിയുടെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് അവസാനിപ്പിക്കുന്നു.
“There is no room for hatred here. Let that be our nationalism. I do want to think in terms of the whole world. My patriotism includes the good of mankind in general. Therefore my
service of India includes the services of humanity ”.