നിയമസഭയിൽ കൈയാങ്കളി നടത്തിയ പ്രതികളെല്ലാം അടുത്ത മാസം 15ന് നേരിട്ട് ഹാജരാകാൻ ഒന്നാം ക്ലാസ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതി കല്പിച്ചിരിക്കുന്നു.
2015 മാർച്ച് 13ന് നടന്ന സംഗതിയാണ്. ജനാധിപത്യത്തിന്റെ ശ്രീകോവിലിന്റെ സവിശേഷത എല്ലാ ദിവസവും അവിടെ എന്തെല്ലാമോ മേശപ്പുറത്ത് അംഗങ്ങൾ വയ്ക്കാറുണ്ട് എന്നുള്ളതാണ്. സ്പീക്കർ ഇരിപ്പിടത്തിലിരുന്ന് കൊണ്ട് 'ഓർഡർ...ഓർഡർ...മേശപ്പുറത്ത് വയ്ക്കുന്ന കടലാസുകൾ..." എന്ന് വിളിച്ചുപറയുന്ന മുറയ്ക്കാണ് പല വിധങ്ങളായ കടലാസുകൾ മേശപ്പുറത്ത് വച്ചുകൊണ്ടിരിക്കുന്നത്. കടലാസുകൾ മാത്രമല്ല, ജീവനുള്ളതോ ജീവനില്ലാത്തതോ ആയ പലവിധ ദ്രവ്യങ്ങളും അത്തരത്തിൽ മേശപ്പുറത്ത് വയ്ക്കാൻ അംഗങ്ങൾ ശ്രമം നടത്തിവരാറുണ്ട് എന്നതാണ് സത്യം. സ്പീക്കർക്ക് അതത്രയും താങ്ങാനുള്ള ശേഷിയോ ശേമുഷിയോ ഇല്ലാത്തതിനാൽ അത്തരം ദ്രവ്യങ്ങളെ അങ്ങനെയങ്ങ് എന്റർടൈൻ ചെയ്യാറില്ല.
അങ്ങനെയുള്ള ജനാധിപത്യത്തിന്റെ ശ്രീകോവിലിൽ ഏറ്റവും മൂല്യവത്തായതും മഴയോ വെയിലോ കൊള്ളിക്കാതെ കാത്തുസൂക്ഷിക്കേണ്ടതുമായ ഉരുപ്പടി മേശപ്പുറത്ത് വയ്ക്കപ്പെട്ട ദിവസമായിരുന്നു 2015 മാർച്ച് 13. അന്നേ ദിവസത്തെ സുന്ദര സുരഭില നിമിഷങ്ങളെയോർക്കുമ്പോൾ നിയമസഭയുടെ കവാടങ്ങൾ, പ്രകൃതിയുടെ മായാജാലം പോലെ കോരിത്തരിച്ച് സ്വയമേവ അടയാറും തുറക്കാറുമുണ്ടത്രെ. എന്തൊക്കെയായിരുന്നു. ജയരാജനണ്ണൈയുടെ കൈക്കരുത്ത് സ്പീക്കറുടെ കസേര നേരിട്ടറിഞ്ഞ ദിവസം! രാവണനെടുത്ത് അമ്മാനമാടിയ കൈലാസത്തിന്റേത് പോലെയായിരുന്നില്ലേ, ജയരാജനണ്ണൈയുടെ കൈവെള്ളയിൽ കിടന്ന് അമ്മാനമാടപ്പെട്ട ആ കസേരയുടെ അവസ്ഥ. അതങ്ങനെയൊന്നും ഏത് കസേരയ്ക്കും അനുഭവിച്ചറിയാൻ യോഗമുണ്ടായെന്ന് വരില്ല. സ്പീക്കറുടെ കസേരയുടെ ഭാഗ്യം! അതവിടെ നിൽക്കട്ടെ.
കോടതി വാക്കാൽ പറഞ്ഞത് കൈയാങ്കളിക്കാർ നേരിട്ട് ഹാജരാകണമെന്ന് മാത്രമായിരുന്നു. പക്ഷേ മജിസ്ട്രേറ്റ് പറയാതെ പറഞ്ഞ ചില വസ്തുതകൾ നിയമസഭയെ വല്ലാതെ വേവലാതിപ്പെടുത്തുന്ന ഒന്നാണ് എന്നുള്ളതാണ് തുടക്കത്തിൽ സൂചിപ്പിച്ച കുണ്ഠിതത്തിന് അടിസ്ഥാനം. കോടതി പറയാതെ പറഞ്ഞിരിക്കുന്നത്, മഴയോ വെയിലോ കൊള്ളിക്കാതെ പരിരക്ഷിക്കേണ്ടതും മേശപ്പുറത്ത് അന്നേ ദിവസം വയ്ക്കപ്പെട്ടതുമായ അമൂല്യനിധി കൂടി ഹാജരാക്കണം എന്നായിരുന്നു. മേശപ്പുറത്ത് സമർപ്പിക്കപ്പെട്ട ആദ്യത്തെ സചേതന വസ്തു കൂടിയായിരുന്നു ആ ഉരുപ്പടി എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. ജീവനോടെ സമർപ്പിക്കപ്പെട്ട (ആ സമയത്ത് ശ്വാസോച്ഛ്വാസം ഉച്ചസ്ഥായിയിലായിരുന്നു!) ആ നിധി അതേ ജീവനോടെ ഹാജരാക്കണം. അത് മറ്റാരുമല്ല, നമ്മുടെ ശിവൻകുട്ടിയണ്ണൈ ആണ്.
2015 മാർച്ച് 13 രാവിലെ 9നും പത്തിനുമിടയ്ക്കുള്ള ശുഭമുഹൂർത്തത്തിൽ മേശപ്പുറത്ത് സമർപ്പിക്കപ്പെട്ടതായിരുന്നു ശിവൻകുട്ടിയണ്ണൈയെ. ആ അണ്ണൈയെ ജീവനോടെ മുന്നിലെത്തിക്കാനാണ് മജിസ്ട്രേറ്റ് കല്പിച്ചിരിക്കുന്നത്. എങ്ങനെയാണ് ശിവൻകുട്ടിയണ്ണൈ മേശപ്പുറത്ത് സമർപ്പിക്കപ്പെട്ടത്! ശരിക്കും പറഞ്ഞാൽ അതൊരു ഉത്സവമായിരുന്നു. കുഞ്ചൻ നമ്പ്യാർ പാടിയത് പോലെ തന്നെ: "ഉരുളികൾ കിണ്ടികളൊക്കെയുടച്ചു, ഉരലുവലിച്ചു കിണറ്റിൽ മറിച്ചു; ചിരവയെടുത്തതാ തീയിലെരിച്ചു, അരകല്ലങ്ങു കുളത്തിലെറിഞ്ഞു; അതുകൊണ്ടരിശം തീരാഞ്ഞവനപ്പുരയുടെ ചുറ്റും മണ്ടി നടന്നു..." എന്ന മട്ടിൽ താണ്ഡവമാടവെ ആയിരുന്നു പൊടുന്നനെയുള്ള മേശപ്പുറത്തു വയ്ക്കൽ. നീണ്ടുനിവർന്നങ്ങനെ... മജിസ്ട്രേറ്റ് അത് ഹാജരാക്കാൻ കല്പിക്കേണ്ടതില്ലായിരുന്നു.
വിജയരാഘവൻ സഖാവ് ആൾ നേരേവാ, നേരേ പോ ശീലക്കാരനാണ്. കള്ളമില്ലാത്ത പിള്ള മനസ്സ് തന്നെയാണ് ആ മനസ്സ്. അതാരും തിരിച്ചറിയാതെ പോകുന്നതിലാണ് സങ്കടം. വായിൽ തോന്നുന്നത് സഖാവിന് കോതയ്ക്ക് പാട്ടാകാറില്ല.
മാണിസാറിനെതിരെ ബാർകോഴ സമരം നടത്തിയത് സാർ കുറ്റം ചെയ്തിട്ടില്ലെന്ന നല്ല ബോദ്ധ്യത്തോടെയാണെന്നാണ് സഖാവിന്റെ പിള്ള മനസ്സിൽ നിന്ന് പുറത്തേക്ക് വന്നത്. മാണിസാറിന്റെ വീട്ടിൽ നോട്ടെണ്ണുന്ന യന്ത്രമില്ലെന്നും സമരം ചെയ്യുന്ന വേളകളിൽ സഖാവിന് നല്ല ബോദ്ധ്യമുണ്ടായിരുന്നുവെന്നാണ് പറയുന്നത്.
പിള്ള മനസ്സിന്റെ കുഴപ്പമെന്ന് പറയുന്നത്, പറഞ്ഞ് കഴിയുമ്പോഴാണ് അതിന്റെ കടുപ്പം മനസ്സ് തിരിച്ചറിയുന്നത് എന്നതാണ്. കൈ വിട്ട കല്ലും വാ വിട്ട വാക്കും ഒരിക്കലും തിരിച്ചെടുക്കാനാവില്ലെന്ന നഗ്നസത്യം പിള്ള മനസ്സുകൾ തിരിച്ചറിയുന്നതും അപ്പോഴായിരിക്കും. ലോകസഭാ തിരഞ്ഞെടുപ്പുകാലത്ത് ആലത്തൂർ മണ്ഡലത്തിൽ രമ്യ ഹരിദാസ്ജിയെ ജയിപ്പിച്ചുവിടാൻ ഈ പിള്ളമനസ്സ് നൽകിയ സംഭാവന ചെറുതായിരുന്നില്ലല്ലോ. അതോർക്കുമ്പോൾ മാത്രമാണ് ഒരാശ്വാസം.
വളച്ചൊടിക്കാൻ പാകത്തിലുള്ള സാധനങ്ങൾ പത്രക്കാർക്ക് ഇട്ടുകൊടുക്കാൻ വിജയരാഘവൻ സഖാവിനുള്ള സിദ്ധി മറ്റാർക്കുമില്ലെന്നാണിപ്പോൾ എ.കെ.ജി സെന്ററിലിരിക്കുന്നവർ അടക്കം പറയുന്നത്. അനുഭവമല്ലേ ഗുരു!
ഇ-മെയിൽ: dronar.keralakaumudi@gmail.com