ഗുരുധർമ്മ പ്രചാരണത്തിനും സാമൂഹ്യപ്രവർത്തനത്തിനും സമൂഹത്തിനുവേണ്ടി പൂർണമായി സമർപ്പിച്ചിരുന്ന ജീവിതമായിരുന്നു കുട്ടനാട് വി.എൻ.തങ്കപ്പൻ എന്ന എന്റെ അച്ഛന്റേത്. രാവിലെ, മക്കളായ ഞങ്ങൾ ഉണർന്നുവരുമ്പോഴേക്കും അച്ഛൻ ഒരു യാത്രാപുറപ്പാടിന്റെ തിരക്കിലായിരിക്കും.കൊല്ലത്തു എസ്.എൻ.ഡി,.പി യോഗത്തിന്റെ മീറ്റിംഗിലോ കുട്ടനാട് ഗുരുധർമ്മപ്രചാണസഭയുടെ (GDPS) മീറ്റിംഗിലോ തിരുവനന്തപുരത്ത് കാൻഫെഡിന്റെ മീറ്റിംഗിലോ, അല്ലെങ്കിൽ മറ്റേതെങ്കിലും സാംസ്കാരികപരിപാടിയിലോ പങ്കെടുക്കാനുള്ള യാത്രയ്ക്കൊരുങ്ങുകയാവും. ഞങ്ങളുടെ ഗ്രാമത്തിൽ നിന്നും 3 കിലോമീറ്റർ യാത്രചെയ്തു എടത്വാ ഗ്രാമത്തിലെത്തും. അവിടെനിന്നും കേരളത്തിന്റെ വിവിധഭാഗങ്ങളിലേക്ക് പൊതു പരിപാടികളിൽ പങ്കെടുക്കാൻ എന്തുത്സാഹത്തോടെയാണ് അച്ഛൻ പോയിരുന്ന തെന്ന് ഞാനോർക്കുന്നു. ഇതു കൊണ്ടുള്ള മെച്ചമെന്തെന്നാൽ കുട്ടനാട്ടിൽ എവിടെച്ചെന്നാലും അച്ഛനെയറിയുന്ന ആൾക്കാരുണ്ടാകുമെന്ന കാര്യത്തിൽ ഉറപ്പായിരുന്നു. അച്ഛന്റെ കൂടെ യാത്രപോയാൽ അതൊരു ഹൃദ്യമായ അനുഭവമായിരിക്കും. എവിടെയും പരിചയക്കാർ, ശിഷ്യന്മാർ, പൊതുപ്രവർത്തകർ, സുഹൃത്തുക്കൾ, ഇവരുടെയൊക്കെ സഹായത്താൽ യാത്രയും ഭക്ഷണവുമൊക്കെ വളരെ കുശാലായിരിക്കും.ഒരു മകനെന്ന നിലയിൽ എന്റെവാക്കുകളിൽ ചിലപ്പോൾ അതിശയോക്തി തോന്നുമെന്നതിനാൽ, വർക്കല ശിവഗിരിമഠവും ഗുരുധർമ്മപ്രചാരണസഭയുടെ ആലപ്പുഴ ജില്ലാക്കമ്മിറ്റിയും 2010 ൽ അച്ഛന്റെപേരിൽ അവാർഡ് ഏർപ്പെടുത്തിക്കൊണ്ടു പ്രസിദ്ധീകരിച്ച പ്രശംസാപത്രത്തിലെ ചില വരികൾ കുറിച്ചുകൊള്ളട്ടെ: 'നമുക്ക് മറക്കാനാവാത്ത വ്യക്തിത്വത്തിന്റെ ഉടമ, ആരോട് സംസാരിച്ചാലും പ്രായഭേദമെന്യേ നർമ്മത്തിൽ കലർന്ന സംസാരശൈലി, സുസ്മേരവദനത്തോടെയുള്ള സമീപനം, സൗമ്യത, എളിമ ഇതെല്ലാം ഒത്തിണങ്ങിയ മനുഷ്യൻ. ആയിരങ്ങളെ തന്റെ വാക്ചാതുര്യത്തിലൂടെ കുടുകുടെ ചിരിപ്പിക്കാൻ അസാമാന്യകഴിവുള്ള മനുഷ്യസ്നേഹി. അദ്ധ്യാപകൻ, സംഘാടകൻ, പ്രഭാഷകൻ, കവി, ഗ്രന്ഥശാലാ പ്രവർത്തകൻ, സാക്ഷരതാപ്രവർത്തകൻ, കാൻഫെഡ് സംഘടനാഭാരവാഹി ഇങ്ങനെ നാനാതുറകളിൽ പ്രവർത്തിച്ചിരുന്നു. ഗുരുധർമ്മപ്രചാരണസഭയുടെ സ്ഥാപകപ്രവർത്തനങ്ങളിൽ മുഖ്യപങ്കുവഹിച്ചുകൊണ്ട് ഗുരുധർമ്മപ്രഭാഷകനായി നാടുനീളെ സഞ്ചരിച്ച് ജനങ്ങളെ ഗുരുദർശനത്തിലേക്ക് ആകർഷിച്ച്, ഗുരുദർശനപ്രചാരണത്തിനു പുതിയമാനം കണ്ടെത്തിയ തങ്കപ്പൻസാർ സാക്ഷരതാപ്രവർത്തനങ്ങളിൽ ബഹുമാനപ്പെട്ട പി.എൻ. പണിക്കർസാറിനോടൊപ്പം സജീവമായി കേരളത്തിലങ്ങോളമിങ്ങോളം പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു.' സാമൂഹികപ്രവർത്തനങ്ങളുടെ തിരക്കിനിടയിലും ഒരു സാഹിത്യകാരനെന്നനിലയിലും അച്ഛന്റെ കഴിവുകൾ പ്രകടമായിരുന്നു. സാമൂഹിക സാംസ്കാരിക മേഖലകളിലെ വിവിധ പ്രവർത്തനങ്ങളിൽ രാപകലില്ലാതെ പ്രവർത്തിച്ച അച്ഛന്റെ ജീവിതം 72-ാമത്തെ വയസ്സിലെത്തവേ ഒരു രാവിലെ പക്ഷാഘാതമുണ്ടാകുകയും ശരീരത്തിന്റെ ചലനശേഷി നഷ്ടമാകുകയും ചെയ്തു. ചികിത്സകൊണ്ട് ഒരുമാസത്തിനകം രോഗം ഒരളവുവരെ ഭേദമായെങ്കിലും, ഒറ്റയ്ക്കുള്ള യാത്ര പറ്റില്ലെന്നു ഡോക്ടർമാർ നിർദ്ദേശിച്ചതിനാൽ, അതോടെ അച്ഛന്റെ ജീവിതം വീടും പരിസരവുമായി ചുരുക്കേണ്ടിവന്നു. അച്ഛനു മുഴുവൻ ഊർജ്ജവും ലഭിച്ചിരുന്ന സമൂഹത്തിൽനിന്നും ഒതുങ്ങി കഴിയേണ്ടിവന്നതു മാനസികമായും അച്ഛനെ തളർത്തി. രോഗവും ചികിത്സയുമായി കഴിഞ്ഞ അച്ഛൻ 2008 സെപ്തംബർ 24 ന് 80-ാമത്തെ വയസ്സിൽ ഈ ലോകത്തോടു യാത്രപറഞ്ഞെങ്കിലും അച്ഛനെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന, സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവരുടെ സ്നേഹവാത്സല്യങ്ങൾ അച്ഛന്റെ പേരിൽ ഇന്നും ലഭിക്കുമ്പോൾ, അച്ഛൻ ഞങ്ങളെ തഴുകുന്നതുപോലെയുള്ള സാന്ത്വനമാണനുഭവപ്പെടുന്നത്.
(വർക്കല എസ്.എൻ. കോളേജ്
മലയാളവിഭാഗം മേധാവിയാണ് ലേഖകൻ. ഫോൺ : 9447584240)