
പ്രശസ്ത വനസഞ്ചാരസാഹിത്യകാരനും, സാമൂഹ്യ, പരിസ്ഥിതി പ്രവർത്തകനുമായിരുന്ന കെ.സി. എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടിരുന്ന എൻ. പരമേശ്വരൻ വിടപറഞ്ഞിട്ട് 51 വർഷം തികഞ്ഞു.
പക്ഷിമൃഗാദികളും, ഇഴജന്തുക്കളും തിങ്ങിനിറഞ്ഞ വനത്തിനുള്ളിൽ വെറും ഒരു 'വടി" മാത്രം ആയുധമാക്കി തന്റെ ഔദ്യോഗിക ജീവിതത്തിലുടനീളം സഞ്ചരിച്ചിരുന്നു 'ആ പച്ച മനുഷ്യൻ". കെ.സി. സാമൂഹിക പ്രവർത്തനകാലത്ത് ജനോപകാരപ്രദമായ കാര്യങ്ങൾക്കായി ശബ്ദമുയർത്തി. കെ.സിയുടെ പരിശ്രമ ഫലമായിട്ടാണ് ഇന്ന് കാണുന്ന കൊല്ലം കന്റോൺമെന്റ് മൈതാനവും കൊല്ലം പോർട്ടും തല ഉയർത്തിനിൽക്കുന്നത് എന്ന് കെ.സി രചിച്ച 'വനസ്മരണകൾ", വനയക്ഷിയുടെ ബലിമൃഗങ്ങൾ എന്നീ കൃതികളിൽ നിന്ന് മനസിലാക്കാം. ഈ സ്ഥലങ്ങളിൽ കെ.സിയുടെ പേരിൽ സ്മാരകങ്ങൾ ഉണ്ടാകേണ്ടതാണ്.
കാട്ടാന, കടുവ, കരടി, പാമ്പ്, കടമാൻ, വാനരന്മാർ, ചെന്നായ തുടങ്ങിയ വന്യജീവികളുടെ രീതികൾ വിവരിച്ചിട്ടുള്ള കെ.സി ഒരിക്കൽ കാണിക്കാരെക്കുറിച്ച് പറഞ്ഞത് ഇങ്ങനെ: '' അവരുടെ സ്ത്രീകളിൽ അധികവും മുട്ടിനുമേൽ നിൽക്കുന്ന മരവുരികളാണ് ധരിച്ചിരിക്കുന്നത്. പുരുഷന്മാർ മിക്കവാറും അതുകൊണ്ടുള്ള കൗപീനം ഉടുത്ത് നഗ്നത മറച്ചിരുന്നു. സ്ത്രീകൾ മാറു മറച്ചിരുന്നില്ല. കള്ളവും ചതിയും അവർക്ക് അറിഞ്ഞുകൂടായിരുന്നു. ആരെയും സാറെ, അങ്ങുന്നേ, യജമാനനെ, സ്വാമി എന്നിങ്ങനെ ഉദ്യോഗസ്ഥരെ ജാതിതിരിച്ചു അടിമ മനസ്ഥിതിയോടുകൂടിയ വിളികളും അവർക്ക് വശമില്ലായിരുന്നു. ദൈവത്തെ ഭക്തിബഹുമാനാദരവോടുകൂടി 'നീ" എന്ന് നമ്മിൽ ചിലർ സംബോധന ചെയ്യാറുള്ളത് പോലെ ആരെയും അവർ ' നീ" എന്നു തന്നെ മുഖത്ത് നോക്കി പറയുമായിരുന്നു. പുരുഷ സംസർഗം സ്ത്രീകളും, പരസ്ത്രീ സംസർഗം പുരുഷന്മാരും കണ്ണുപൊട്ടിപ്പോകുന്ന പാപകർമ്മമായി വിശ്വസിച്ചിരുന്നു""
ഇനി വനത്തെക്കുറിച്ച് എഴുതിയത് ഇങ്ങനെ.
''കിഴക്കൻ മേഖലകളിൽ മിക്കവാറും തെക്കേ അറ്റം മുതൽ വടക്കേ അറ്റം വരെ തൊട്ടുതൊട്ടും അല്ലാതെയും കാപ്പിയും തേയിലയും റബറും കൃഷി ചെയ്യപ്പെടുന്ന തോട്ടങ്ങൾ കാണാവുന്നതാണ്. ഈ വനങ്ങളിലെല്ലാം പലതരത്തിലുള്ള ദുഷ്ടമൃഗങ്ങൾ നിവസിക്കുന്നുണ്ട്. ചില പ്രത്യേക കാലങ്ങളിൽ ഓരോ തരം പക്ഷികൾ പടിഞ്ഞാറൻ കരകളിലുള്ള പാടങ്ങളിലും സമുദ്രതീരങ്ങളിലും വന്നിറങ്ങാറുള്ളതുപോലെ ആന, കടുവ മുതലായ ക്രൂരജന്തുക്കളും ഊഴം പറ്റി ഓരോരോ സ്ഥലങ്ങളിൽ സ ഞ്ചരിക്കാറുണ്ട്. മൈസൂർ മുതൽ മഹാവേമരുവരെ കാലാകാലം സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ആനപ്പറ്റങ്ങളെ ഞാൻ കണ്ടിട്ടുണ്ട്. വനത്തിലുള്ള അരുവികളിലും തടാകങ്ങളിലും വേനൽക്കാലത്ത് വെള്ളം കുറയുമ്പോൾ ചിലേടത്ത് നിശേഷം വറ്റിപ്പോകുകയും ചെയ്യുന്നു. ഇങ്ങനെ വെള്ളത്തിനും ആഹാരസാധനങ്ങൾക്കും ഓരോ സ്ഥലത്തും സംഭവിക്കാറുള്ള വൃദ്ധിക്ഷയമനുസരിച്ചു മൃഗങ്ങളും ഓരോരോ ദിക്കിലേക്കായി നീങ്ങിക്കൊണ്ടിരിക്കുന്നു. കാട്ടുജാതിക്കാരായ ഊരാളി, പണ്ടാരം, വേട്ടുവൻ മുതലായ മനുഷ്യമൃഗങ്ങളും വനത്തിൽ അലഞ്ഞുതിരിഞ്ഞു കര ആമകളെ പിടിച്ചും കിഴങ്ങുകൾ മാന്തിയെടുത്തും, തേൻ, കുന്തിരിക്കം, കോലരക്ക് മുതലായ ചെറു വനവിളവുകൾ ശേഖരിച്ചും മറ്റു മൃഗങ്ങളോടൊപ്പം സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. മൃഗങ്ങളുടെ സ്വൈരവിഹാരത്തെ മനഃപൂർവം വിഘാതപ്പെടുത്തുന്ന ദുഷ്ടബുദ്ധികളായ മനുഷ്യരെയാണ് അവ സാധാരണ ഉപദ്രവിക്കാറുള്ളത്. ചിലപ്പോൾ നിർദ്ദോഷികളായ അപൂർവം ചില പാന്ഥന്മാരും മൃതിയടഞ്ഞു എന്നുവരാം.
ഒരു ദിവസം രാവിലെ ഞാൻ പുനലൂരിന് പത്തുനാഴിക വടക്കുകിഴക്കായുള്ള ചാലിയക്കര റിസർവിൽ 'കാക്കപൊന്നായം" എന്ന സ്ഥലത്ത് നിന്നും കരിപ്പിൻതോട് ഗാർഡ് സ്റ്റേഷനിലേക്ക് വരികയായിരുന്നു. അഭ്രം കുഴിച്ചെടുക്കുന്ന ഒരു ഖനി അവിടെ ഉള്ളതുകൊണ്ടാണ് ആ സ്ഥലത്തിന് കാക്കപൊന്നായം എന്ന പേര് വന്നത്. സാഹിത്യകാരന്മാരായ സഹൃദയന്മാർ പോലും തലകുനിച്ചു പോകത്തക്കവിധം തന്മയത്വമുള്ള പേരുകൾ സൃഷ്ടിക്കാൻ കാട്ടുജാതിക്കാർക്കുള്ള പാടവം ഒന്ന് വേറെതന്നെ.
വൈശ്യനഴികത്ത് രാമവർമ്മത്തമ്പാൻ ഫോറസ്റ്റർ ആയിരുന്ന കാലത്ത് ഒരിക്കൽ ഒരു കാട്ടാനയുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടോടി. ആ ഓട്ടത്തിൽ അദ്ദേഹം ഒരു പാറയിൽ മുട്ടി വീഴുകയുണ്ടായി. ഇന്നും ആ പാറയെ തമ്പാൻമുട്ടിപ്പാറ എന്നാണ് കാട്ടുജാതിക്കാർ വിളിച്ചുവരുന്നത്. ഈ പേരുകൾ തന്നെയാണ് കാലക്രമത്തിൽ സർക്കാരിന്റെ റിപ്പോർട്ടുകളിലും സ്ഥലം പിടിക്കാറുള്ളത്.""
നെടുങ്ങല്ലൂർ പച്ച വനയാത്രാസമിതി, കെ.സി. സാംസ്കാരിക കേന്ദ്രം,റസി. അസോസിയേഷൻ തുടങ്ങിയവയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക -പരിസ്ഥിതി പ്രവർത്തകർ എല്ലാ ജില്ലകളിൽ നിന്നും തെന്മല ഫോറസ്റ്റ് ഡിവിഷനിലെ നെടുങ്ങല്ലൂർ പച്ചയിൽ ഇപ്പോഴുംഎത്താറുണ്ട്. സംസ്ഥാന വനം വന്യജീവി വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ ഈ വർഷത്തെ വനോത്സവ സമാപന സമ്മേളനവും ഇവിടെ നടന്നു. ഇവിടെ അന്യം നിന്നുപോയ വൃക്ഷത്തൈകൾ സംഘടിപ്പിച്ച് നട്ടുപിടിപ്പിച്ച് പരിപാലിച്ചു വരികയാണ്.
(കെ.സി. സാംസ്കാരിക കേന്ദ്രം സെക്രട്ടറിയാണ് ലേഖകൻ.
ഫോൺ: 9846041267)