മലപ്പുറം: ചികിത്സിക്കാന്‍ തയാറാകാതെ ആശുപത്രികള്‍ കൈയൊഴിഞ്ഞ പൂര്‍ണ ഗര്‍ഭിണിയുടെ ഇരട്ടക്കുഞ്ഞുങ്ങള്‍ പ്രസവത്തോടെ മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രസവ ചികിത്സക്കിടെയാണ് മലപ്പുറം കിഴിശേരി സ്വദേശി എന്‍ സി ഷരീഫിന്റെ ഭാര്യ സഹ്ല തസ്നീമിന്റെ ഇരട്ടക്കുഞ്ഞുങ്ങള്‍ മരണപ്പെട്ടത്. സംഭവത്തില്‍ നിയമനടപടി സ്വീകരിക്കുമെന്ന് ഭര്‍ത്താവ് ഷരീഫ് പറഞ്ഞു.
പൂര്‍ണ ഗര്‍ഭിണിയെ ചികിത്സിക്കാന്‍ തയാറാകാതെ മൂന്ന് ആശുപത്രികള്‍ കൈയൊഴിഞ്ഞതോടെയാണ് അവസാനം സഹ്ല തസ്നീമിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സ അന്വേഷിച്ച് മൂന്ന് ആശുപത്രികളെ സമീപിച്ചെങ്കിലും എവിടെയും സൗകര്യം ലഭ്യമായില്ല. പ്രസവ ചികിത്സയ്ക്ക് പി.സി.ആര്‍ ഫലം തന്നെ വേണമെന്നും കൊവിഡ് ആന്റിജന്‍ പരിശോധനാ ഫലം അംഗീകരിക്കില്ലെന്നും സ്വകാര്യ ആശുപത്രി നിര്‍ബന്ധം പിടിച്ചതാണ് ഈ ദുരിതത്തിനു കാരണമായതെന്ന് ഷരീഫ് പറഞ്ഞു.
യുവതി നേരത്തെ കൊവിഡ് പോസിറ്റീവ് ആയിരുന്നു. പിന്നീട് രോഗം ഭേദമായി. മറ്റൊരു സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും പി.സി.ആര്‍ പരിശോധനാ ഫലം വരാന്‍ സമയമെടുക്കുമെന്നു പറഞ്ഞതിനാല്‍ വീണ്ടും ആന്റിജന്‍ പരിശോധന നടത്തി. നെഗറ്റീവ് ആയിരുന്നു ഫലം. തുടര്‍ന്ന് യുവതിയെ സ്‌കാന്‍ ചെയ്തപ്പോള്‍ ഗര്‍ഭസ്ഥ ശിശുക്കളുടെ ഹൃദയമിടിപ്പ് കുറവാണെന്ന് കണ്ടതോടെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. വൈകീട്ട് ആറോടെയാണ് യുവതിയെ ഇവിടെ പ്രവേശിപ്പിക്കാനായത്. താനും ഭാര്യയും മാനസികമായി തകര്‍ന്ന ഈസമയം ഒരിക്കലും മറക്കാനാകില്ലെന്നും മാദ്ധ്യമപ്രവര്‍ത്തകന്‍ കൂടിയായ ഷരീഫ് പറഞ്ഞു.