രാഹുൽ തെവാതിയയുടെ വെടിക്കെട്ട് നിർണായകമായി
സഞ്ജുവിനും സ്മിത്തിനും അർദ്ധ സെഞ്ച്വറി
പഞ്ചാബിന്റെ മായങ്കിന് സെഞ്ച്വറി
ഷാർജ : അടിക്കുത്തരം തിരിച്ചടിയെന്ന നാട്ടുനടപ്പ് കിംഗ്സ് ഇലവൻ പഞ്ചാബിനെതിരെ വിജയകരമായി നടപ്പാക്കി രാജസ്ഥാൻ റോയൽസ്. ഐ.പി.എല്ലിൽ റൺസിന്റെ പേമാരി കണ്ട മത്സരത്തിൽ റെക്കാഡ് ചേസിംഗിലൂടെ പഞ്ചാബിനെതിരെ രാജസ്ഥാന് നാല് വിക്കറ്റിന്റെ അവിശ്വസനീയ ജയം. മായങ്ക് അഗർവാളിന്റെ തകർപ്പൻ സെഞ്ച്വറിയുടെ പിൻബലത്തിൽ 20 ഓവറിൽ 223/2 എന്ന വമ്പൻ ടോട്ടൽ പടുത്തുയർത്തിയ പഞ്ചാബിനെ സഞ്ജു സാംസണിന്റെയും സ്റ്റീവൻ സ്മിത്തിന്റെയും അവസരോചിത അർദ്ധ സെഞ്ച്വറികളുടേയും അവസാന ഓവറുകളിൽ നിറഞ്ഞാടിയ രാഹുൽ തെവാതിയയുടേയും ബാറ്റിംഗ് മികവിൽ റോയലായി രാജസ്ഥാൻ മറികടന്നു (226/6).
പഞ്ചാബുയർത്തിയ വമ്പൻ വിജയ ലക്ഷ്യം പിന്തുടർന്നിറങ്ങിയ രാജസ്ഥാന് തുടക്കത്തിലേ വെടിക്കെട്ട് ഓപ്പണർ ജോസ് ബട്ട്ലറിനെ (4) നഷ്ടമായി. കോട്ട്റലിന്റെ പന്തിൽ സർഫ്രാസ് ഖാനാണ് ക്യാച്ചെടുത്തത്. പകരമെത്തിയ സൂപ്പർ താരം സഞ്ജു സാംസൺ നേരിട്ട ആദ്യ പന്ത് വൈഡായിരുന്നു. പകരം അധികമായി കിട്ടിയ പന്ത് സിക്സടിച്ച് സഞ്ജു നയം വ്യക്തമാക്കി. തുടർന്ന് സ്റ്റീവൻ സ്മിത്തിനൊപ്പം പഞ്ചാബ് ബൗളർമാരെ സഞ്ജു കശക്കിയെറിയുകയായിരുന്നു. 9 ഓവറിൽ രാജസ്ഥാൻ 100 റൺസിലെത്തി. 9ാമത്തെ ഓവറിലെ അവസാന പന്തിൽ അർദ്ധ സെഞ്ച്വറി തികച്ച സ്റ്റീവൻ സ്മിത്ത് നീഷമിന്റെ പന്തിൽ ഷമിക്ക് ക്യാച്ച് നൽകി മടങ്ങി. 27 പന്തിൽ 7 ഫോറും 2 സിക്സും ഉൾപ്പെട്ടതായിരുന്നു സ്മിത്തിന്റെ ഇന്നിംഗ്സ്. തുടർന്ന് ക്രീസിലെത്തിയ രാഹുൽ തെവാതിയ താളം കണ്ടെത്താൻ പാടുപെടുമ്പോഴും മറുവശത്ത് സഞ്ജു റൺസുയർത്തിക്കൊണ്ടിരുന്നു. സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്ന സഞ്ജുവിനെ ഷമിയുടെ പന്തിൽ രാഹുൽ കൈപ്പിടിയിലൊതുക്കിയതോടെ രാജസ്ഥാൻ പരുങ്ങലിലായി. 42 പന്തിൽ 4 ഫോറും 7സിക്സും ഉൾപ്പെട്ടതായിരുന്നു സഞ്ജുവിന്റെ ക്ലാസിക് ഇന്നിംന്നിംഗ്സ്. സഞ്ജുവാണ് മാൻ ഒഫ് ദമാച്ച്.
തെവാതിയ തീയാകുന്നു
17 ാമത്തെ ഓവർ അവസാനിക്കുമ്പോൾ രാജസ്ഥാന് വേണ്ടത് 18 പന്തിൽ 53 റൺസ്. കോട്ട്റൽ എറിഞ്ഞ ആ ഓവറിലെ ആദ്യ പന്ത് നേരിടാനൊരുങ്ങുമ്പോൾ 23 പന്ത് നേരിട്ട് കഴിഞ്ഞിരുന്ന തെവാതിയയുടെ അക്കൗണ്ടിലുണ്ടായിരുന്നത് 17 റൺസ് മാത്രമാണ്. എന്നാൽ അവിടെ നിന്ന് തന്നെ പഴിച്ചവരുടെ വായടപ്പിച്ച് തെവാതിയ നടത്തിയ ട്രാൻസ്ഫർമേഷൻ ക്രിക്കറ്റ് ലോകം ഇതുവരെ കാണാത്തതായിരുന്നു. കോട്ട്റലിന്റെ ആദ്യ നാല് പന്തും നിലം തൊടാതെ അതിർത്തിക്കപ്പുറത്തേക്ക് പറന്നു. അഞ്ചാം പന്ത് ബീറ്റണായി. എന്നാൽ ആറാം പന്തിൽ വീണ്ടും അതിമനോഹര സിക്സ്. ആ ആറുപന്തിൽ സീറോയിൽ നിന്ന് തെവാതിയ ഹീറോയാവുകയായിരുന്നു. കോട്ട്റലിന്റെ ഓവറിൽ പിറന്നത് 30 റൺസ്.
ഷമിയെറിഞ്ഞ അടുത്ത ഓവറിലെ ആദ്യ പന്തിൽ ഉത്തപ്പെയെ (9) നഷ്ടമായെങ്കിലും അടുത്ത രണ്ട് പന്തും തുടർന്നെത്തിയ ആർച്ചർ സിക്സിനു പറത്തി. ഒരു പന്തിന്റെ ഇടവേളയിൽ തെവാതിയ വീണ്ടും സിക്സ് നേടിയതോടെ രാജസ്ഥാൻ ജയം ഉറപ്പിക്കുകയായിരുന്നു. മുഹമ്മദ് ഷമി പഞ്ചാബിനായി 3 വിക്കറ്റ് വീഴ്ത്തി.
മായങ്ക് മാമാങ്കം
ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് മായങ്ക് അഗർവാളിന്റെ തകർപ്പൻ സെഞ്ച്വറിയുടേയും (50 പന്തിൽ 106) നായകൻ കെ.എൽ.രാഹുലിന്റെ അർദ്ധ സെഞ്ച്വറിയുടേയും (54 പന്തിൽ 59) മികവിലാണ് തകർപ്പൻ ടോട്ടൽ പടുത്തുയർത്തിയത്.
ടോസ് നേടിയ രാജസ്ഥാൻ ക്യാപ്ടൻ സ്റ്റീവ് സ്മിത്ത് പഞ്ചാബിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. സ്മിത്തിന്റെ പ്രതീക്ഷകളെ തകർത്ത് പഞ്ചാബ് ഓപ്പണർമാരായ കെ.എൽ രാഹുലും മായങ്ക് അഗർവാളും തകർത്താടുകയായിരുന്നു. ഇരുവരും ഒന്നാം വിക്കറ്റിൽ 16.3 ഓവറിൽ 183 റൺസ് പടുത്തുയർത്തി. 10 ഫോറും 7 സിക്സും ഉൾപ്പെട്ടതാണ് മായങ്കിന്റെ സെഞ്ച്വറി ഇന്നിംഗ്സ്. രാഹുൽ 7 ഫോറും 1 സിക്സും നേടി.